< Back
World
വെടിനിർത്തൽ നീക്കങ്ങൾക്ക് തിരിച്ചടി; ഗസ്സയുടെ കൂടുതൽ പ്രദേശങ്ങൾ കൈപ്പിടിയിൽ ഒതുക്കി ഇസ്രായേൽ, വ്യാപക ആക്രമണം
World

വെടിനിർത്തൽ നീക്കങ്ങൾക്ക് തിരിച്ചടി; ഗസ്സയുടെ കൂടുതൽ പ്രദേശങ്ങൾ കൈപ്പിടിയിൽ ഒതുക്കി ഇസ്രായേൽ, വ്യാപക ആക്രമണം

Web Desk
|
13 April 2025 6:44 AM IST

ഇസ്രായേൽ തുടരുന്ന ആക്രമണത്തിൽ എപ്പോൾ വേണമെങ്കിലും തങ്ങൾ കൊല്ലപ്പെടാം എന്ന്​ വ്യക്​തമാക്കുന്ന യു.എസ്​ ബന്ദി ഇഡാൻ അലക്സാണ്ടറുടെ വീഡിയോ സന്ദേശം ഹമാസ്​ പുറത്തുവിട്ടു

ഗസ്സ സിറ്റി: ഗസ്സയുടെ കൂടുതൽ പ്രദേശങ്ങൾ കൈപ്പിടിയിൽ ഒതുക്കി വ്യാപക ആക്രമണത്തിനൊരുങ്ങി ഇസ്രായേൽ. മേഖലയിൽ ഇന്നലെ നടന്ന ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. റഫയെ വളഞ്ഞ സൈന്യം പ്രദേശത്തുനിന്ന്​ ആയിരങ്ങളെ പുറന്തള്ളാനുള്ള പദ്ധതിക്കാണ്​ രൂപം നൽകി വരുന്നത്​. ഇസ്രായേൽ തുടരുന്ന ആക്രമണത്തിൽ എപ്പോൾ വേണമെങ്കിലും തങ്ങൾ കൊല്ലപ്പെടാം എന്ന്​ വ്യക്​തമാക്കുന്ന യു.എസ്​ ബന്ദി ഇഡാൻ അലക്സാണ്ടറുടെ വീഡിയോ സന്ദേശം ഹമാസ്​ പുറത്തുവിട്ടു. ​

ഹമാസ്​ തങ്ങളെ വിട്ടയക്കാൻ തീരുമാനിച്ചെങ്കിലും ഇസ്രായേൽ പ്രധാനന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ നിലപാട്​ എല്ലാ പ്രതീക്ഷയും തകർത്തതായി ഇഡാൻ അലക്സാണ്ടർ കുറ്റപ്പെടുത്തി. ബന്ദിമോചനത്തിന്​ ട്രംപ്​ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബന്ദിമോചനത്തിന്​ താൻ ഒന്നും ചെയ്യുന്നല്ലെന്ന ആരോപണം ​നെതന്യാഹു തള്ളി. ഗസ്സയിൽ ഭക്ഷ്യ, മരുന്ന്​ ശേഖരം തീരുന്ന സാഹചര്യത്തിൽ ആയിരങ്ങൾ കടുത്ത പ്രതിസന്ധിയിലാകുമെന്ന്​ യു.എൻ മുന്നറിയിപ്പ്​ നൽകി.

അതേസമയം, മസ്കത്ത്​ ചർച്ചയോടെ ഇറാൻ-അമേരിക്ക സംഘർഷത്തിന്​ താൽക്കാലിക അയവ്. മസ്കത്തിൽ ഇന്നലെ നടന്ന ഇറാൻ-അമേരിക്ക ആണവ കരാർ ചർച്ച വിജയമെന്ന്​ ഇരുപക്ഷവും വ്യക്​തമാക്കി. രണ്ടാംവട്ട ചർച്ച ഈ മാസം 19ന്​ നടക്കുമെന്ന്​ യു.എസ്​ പശ്​ചിമേഷ്യൻ പ്രതിനിധി സ്റ്റിവ്​ വിറ്റ്​കോഫ്​ അറിയിച്ചു. ആണവ വിഷയത്തിലുള്ള യു.എസ്​ ഉത്​കണ്ഠ ഇറാനെ ബോധ്യപ്പെടുത്തി രമ്യമായ പരിഹാര നടപടി ആവശ്യപ്പെട്ടതായി സ്റ്റിവ്​ വിറ്റ്​കോഫ്​ പറഞ്ഞു.

സമാധാനപരമായ ആവശ്യങ്ങൾക്ക്​ മാത്രമാണ്​ ആണവ പദ്ധതിയെന്നും അതിന്‍റെ പേരിൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ പിൻവലിക്കണമെന്നും ഒമാൻ മുഖേന ചർച്ചയിൽ ആവശ്യപ്പെട്ടതായി ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഘ്ചി പ്രതികരിച്ചു. ഇസ്രായേൽ സമ്മർദത്തെ തുടർന്ന്​ മേഖലയിൽ അമേരിക്ക യുദ്ധസന്നാഹങ്ങൾ വർധിപ്പിച്ചതോടെ രൂപപ്പെട്ട പശ്​ചമേഷ്യൻ സംഘർത്തിന്​ മസ്കത്ത്​ ചർച്ചയോടെ അയവ്​ വന്നു. ഇതിനെ ഖത്തർ ഉൾപ്പെടെ വിവിധ ഗൾഫ്​ രാജ്യങ്ങൾ സ്വാഗതം ചെയ്തു.

Related Tags :
Similar Posts