< Back
World
ഫലസ്തീൻ യുദ്ധച്ചെലവ് പ്രതിദിനം 246 ദശലക്ഷം ഡോളർ; ബജറ്റ് ഭേദഗതി ചെയ്യാൻ ഇസ്രായേൽ
World

ഫലസ്തീൻ യുദ്ധച്ചെലവ് പ്രതിദിനം 246 ദശലക്ഷം ഡോളർ; ബജറ്റ് ഭേദഗതി ചെയ്യാൻ ഇസ്രായേൽ

Web Desk
|
25 Oct 2023 8:50 PM IST

വൻ സൈനിക വിന്യാസവും വിപുല റോക്കറ്റ് ഉപയോഗവും മൂലം ഭാഗികമായി സ്തംഭിച്ച സമ്പദ് വ്യവസ്ഥയുടെ പരോക്ഷ ചെലവുകളെ കുറിച്ച് തനിക്ക് ഒരു വിലയിരുത്തലും ലഭിച്ചിട്ടില്ലെന്ന് ഇസ്രായേൽ ധനമന്ത്രി

തെൽ അവീവ്: ഫലസ്തീനിലെ ഗസ്സയിൽ യുദ്ധം നടത്താനുള്ള ചെലവ് പ്രതിദിനം 246 ദശലക്ഷം ഡോളറായതോടെ ബജറ്റ് ഭേദഗതി ചെയ്യാൻ ഇസ്രായേൽ. ഫലസ്തീനുമായുള്ള സംഘർഷം കണക്കിലെടുത്ത് 2023-2024ലെ ഇസ്രായേൽ ദേശീയ ബജറ്റ് പ്രസക്തമല്ലാതായെന്നും അത് പരിഷ്‌കരിക്കുമെന്നും ധനമന്ത്രി ബെസാലെൽ സ്‌മോട്രിച്ച് പറഞ്ഞതായി ഡെയ്‌ലി സബാഹ് റിപ്പോർട്ട് ചെയ്തു. ക്യാപ്പിറ്റൽ മാർക്കറ്റ് കമ്പനിയായ എസ് ആന്റ് പി ഗ്ലോബൽ രാജ്യത്തെ സ്ഥിരത (സ്‌റ്റേബ്ൾ)യിൽ നിന്ന് 'നെഗറ്റീവായി' തരംതാഴ്ത്തിയതിലും മന്ത്രി പ്രതികരിച്ചു. 'സ്റ്റേബിൾ' എന്നതിൽ നിന്ന് എസ് ആന്റ് പി താഴേയ്ക്ക് പോയത് അപകട മുന്നറിയിപ്പാണെന്നായിരുന്നു സ്‌മോട്രിച്ചിന്റെ പ്രതികരണം. പ്രതിസന്ധിയുണ്ടെങ്കിലും ഇസ്രായേലിന് വലിയ കമ്മി താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീനിൽ നടത്തുന്ന ആക്രമണത്തിന് ഇസ്രായേലിന് പ്രതിദിനം ഒരു ബില്യൺ ഷെക്കലാ(246 ദശലക്ഷം ഡോളർ)ണ് നേരിട്ടുള്ള ചിലവ്.

അതേസമയം, വൻ സൈനിക വിന്യാസവും വിപുല റോക്കറ്റ് ഉപയോഗവും മൂലം ഭാഗികമായി സ്തംഭിച്ച സമ്പദ് വ്യവസ്ഥയുടെ പരോക്ഷ ചെലവുകളെ കുറിച്ച് തനിക്ക് ഇതുവരെ ഒരു വിലയിരുത്തലും ലഭിച്ചിട്ടില്ലെന്നാണ് ആർമി റേഡിയോ പ്രക്ഷേപണത്തിൽ ബെസാലെൽ സ്‌മോട്രിച്ച് പറഞ്ഞത്.

സ്ഥാനമൊഴിയേണ്ടി വന്നെങ്കിലും പ്രതിസന്ധിയെത്തുടർന്ന് തന്റെ കാലാവധി നീട്ടി സജീവമായി പ്രവർത്തിച്ച ബാങ്ക് ഓഫ് ഇസ്രായേൽ ഗവർണർ അമീർ യാരോണിനെ അദ്ദേഹം പ്രശംസിച്ചു. എന്നാൽ യാരോണിനെ ഔദ്യോഗികമായി ഓഫീസിൽ നിലനിർത്തുന്നതിൽ സ്‌മോട്രിച്ച് പ്രതികരിച്ചില്ല. ''ഞങ്ങൾക്ക് ശ്വസിക്കാൻ സമയമില്ല, അതിനാൽ ഞങ്ങൾ ഇപ്പോൾ ഈ (ചോദ്യം) കൈകാര്യം ചെയ്യുന്നില്ല'' അദ്ദേഹം പറഞ്ഞു.

ഒക്ടോബർ ഏഴിന് ഫലസ്തീൻ ചെറുത്തുനിൽപ്പ് ഗ്രൂപ്പായ ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് ശേഷം 6,546-ലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഗസ്സ മുനമ്പിൽ ഇസ്രായേൽ നടത്തിയ വൻ ബോംബാക്രമണങ്ങളിൽ പ്രധാനമായും സാധാരണക്കാരും കുട്ടികളുമാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിൽ 1,400 പേർ കൊല്ലപ്പെട്ടതായാണ് പറയപ്പെടുന്നത്.

Israel to amend 2023-24 budget as cost of waging war in Gaza rises to $246 million per day

Similar Posts