
ഇസ്രായേല്‍ ഒരു മാസത്തിനിടെ വെടിനിർത്തൽ കരാർ ലംഘിച്ചത് 282 തവണ; കൊന്നുതള്ളിയത് 245 പേരെ
|തീവ്രവാദ കേസിൽ ഫലസ്തീനികൾക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമനിർമാണവുമായി ഇസ്രായേൽ പാർലമെന്റ് മുന്നോട്ട് പോകുകയാണ്
ഗസ്സ സിറ്റി: ഗസ്സയിൽ മൂന്ന് ഫലസ്തീനികളെ കൊന്നൊടുക്കി വീണ്ടും ഇസ്രായേൽ. ഖാൻ യൂനുസ് ഉൾപ്പെടെ ഗസ്സക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിനിർത്തൽ കരാർ നിലവിൽ വന്ന് ഒരു മാസം പിന്നിട്ടിരിക്കെ, 245 പേരെയാണ് ഇസ്രായേൽ കൊന്നുതള്ളിയത്. കുഞ്ഞുങ്ങൾ ഉൾപ്പെടെ 622 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒക്ടോബർ പത്തിനും നവംബർ പത്തിനും ഇടയിൽ 282 തവണയാണ് ഇസ്രായേൽ കരാർ ലംഘിച്ചത്.
അതിനിടെ, വ്യാപക എതിർപ്പിനിടയലും ഫലസ്തീൻ പൗരൻമാരെ വധശിക്ഷക്ക് വിധയരാക്കാൻ ലക്ഷ്യമിട്ടുള്ള വിവാദ നിയമനിർമാണവുമായി ഇസ്രായേൽ മുന്നോട്ട് തന്നെയാണ്. 39 വോട്ടുകളുടെ പിൻബലത്തിൽ കരട് ബില്ലിന്‍റെ ആദ്യവായന ഇസ്രായേൽ പാർമെന്‍റ് പാസാക്കി. 120 അംഗ പാർമെൻറിൽ 16 പേർ എതിർത്തു. തീവ്ര വലതുപക്ഷ മന്ത്രി ഇതാമർ ബെൻ ഗവിർ മധുരം വിതരണം ചെയ്താണ് വിജയം ആഘോഷിച്ചത്. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ പിന്തുണയും ബില്ലിനുണ്ടെന്നാണ് സൂചന.
അതേസമയം, വെടിനിർത്തൽ കരാറിന്‍റ രണ്ടാം ഘട്ടം സംബന്ധിച്ച് ഇസ്രായേലും അമേരിക്കയും തമ്മിൽ നടന്ന ചർച്ച വിജയിച്ചില്ലെന്നാണ് റിപ്പോർട്ട്. സ്റ്റിവ് വിറ്റ് കോഫ്, ജറദ് കുഷ്നർ എന്നിവരാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഉള്‍പ്പടെയുള്ളവരുമായി ചർച്ച നടത്തിയത്. യുദ്ധാനന്തര ഗസ്സയിലെ സർക്കാർ, അന്താരാഷ്ട്ര സുരക്ഷാ സേനയുടെ വിന്യാസം, ഹമാസിന്‍റെ നിരായുധീകരണം എന്നിവാണ് അമേരിക്കയും ഇസ്റായേലും പ്രധാനമായും ചർച്ച ചെയ്തത്. റഫയിൽ യെല്ലോ ലൈനിനു പിറകിലുള്ള തുരങ്കങ്ങളിൽ കഴിയുന്ന 150ൽഅധികം വരുന്ന പോരാളികളുടെ വിഷയവും ചർച്ചയായി. ഇവരെ ഗസ്സയിലെ ഹമാസ് നിയന്ത്രിത പ്രദേശത്തേക്ക് പോകാൻ അനുവദിക്കണമെന്ന് ട്രംപിന്‍റെ ഉപദേശകനും ജറദ് കുഷ്നർ ഇസ്രായേലനോട് ആവശ്യപ്പെട്ടതായി ഇസ്രായേലി ബ്രോഡ്കാസ്റ്റിങ് അതോറിറ്റി റിപ്പോർട്ട് ചെയ്തു.
എന്നാൽ ഇസ്രായേൽ തീരുമാമൊന്നും അറിയിച്ചിട്ടില്ല. ഗസ്സയിലെ വെടിനിർത്തലിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിനെതിരെയും ചെങ്കടലിൽ കപ്പലുകൾക്കു നേരെയുമുള്ള ആക്രമണം അവസാനിപ്പിച്ചതായി സൂചന നൽകി ഹൂതികൾ. ഓൺലൈനിൽ പ്രസിദ്ധീകരിച്ച, കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.