< Back
World
Shin Bet chief vows to kill Hamas chiefs ‘in Lebanon, Turkey, Qatar’
World

ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും ഉന്നത ഹമാസ് നേതാക്കളെ മുഴുവൻ വധിക്കുമെന്ന് ഇസ്രായേൽ

Web Desk
|
4 Dec 2023 6:24 PM IST

ഹമാസ് നേതാക്കളായ ഇസ്മായിൽ ഹനിയ്യ, മുഹമ്മദ് ദൈഫ്, യഹ്‌യ സിൻവാർ, ഖാലിദ് മിശ്അൽ എന്നിവരാണ് ഇസ്രായേൽ ഹിറ്റ്‌ലിസ്റ്റിലുള്ള പ്രമുഖർ.

ജറുസലേം: ലെബനാൻ, ഖത്തർ, തുർക്കി തുടങ്ങി ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും ഉന്നത ഹമാസ് നേതാക്കളെ മുഴുവൻ വധിക്കുമെന്ന് ഇസ്രായേൽ സുരക്ഷാ ഏജൻസിയായ ഷിൻബെറ്റ് തലവൻ റോനെൻ ബാർ. ഏത്ര വർഷമെടുത്താലും ഇത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേൽ ഭരണകൂടം തങ്ങൾക്ക് ഒരു ലക്ഷ്യം നിർണയിച്ചു തന്നിട്ടുണ്ട്. അത് ഹമാസിനെ ഇല്ലാതാക്കുക എന്നതാണ്. അത് നടപ്പാക്കാൻ തീരുമാനിച്ചുകഴിഞ്ഞെന്നും റോനെൻ ബാർ പറഞ്ഞു.

ഹമാസ് നേതാക്കളായ ഇസ്മായിൽ ഹനിയ്യ, മുഹമ്മദ് ദൈഫ്, യഹ്‌യ സിൻവാർ, ഖാലിദ് മിശ്അൽ എന്നിവരാണ് ഇസ്രായേൽ ഹിറ്റ്‌ലിസ്റ്റിലുള്ള പ്രമുഖർ. 60കാരനായ ഇസ്മായിൽ ഹനിയ്യ മുൻ ഫലസ്തീൻ പ്രധാനമന്ത്രികൂടിയാണ്. 2017ലാണ് ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവിയായി അവരോധിതനായത്.

പ്രധാനമന്ത്രിയായിരിക്കെ 2006ൽ വിഷം പുരട്ടിയ കത്തുപയോഗിച്ച് അദ്ദേഹത്തെ അപായപ്പെടുത്താൻ മൊസാദ് ശ്രമിച്ചെങ്കിലും അതിജീവിച്ചു. ഖത്തറിലും തുർക്കിയയിലുമായാണ് അദ്ദേഹം പ്രവാസജീവിതം നയിക്കുന്നത്. ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീൻ അൽഖസ്സാം ബ്രിഗേഡ് തലവനായ മുഹമ്മദ് ദീഫ് ആറുതവണ ഇസ്രായേലിന്റെ വധശ്രമം അതിജീവിച്ചയാളാണ്. 2015ൽ പുറത്തിറക്കിയ അമേരിക്കയുടെ ‘ആഗോള ഭീകര പട്ടിക’യിലും ഇദ്ദേഹമുണ്ട്. ബ്രിഗേഡിന്റെ യുദ്ധതന്ത്രങ്ങൾക്ക് രൂപം നൽകുന്ന ഇദ്ദേഹം ഗസ്സയിൽ തന്നെയുണ്ടെന്നാണ് ഇസ്രായേൽ കരുതുന്നത്.

23 വർഷം ഇസ്രായേലി തടവറയിൽ കഴിഞ്ഞ അൽഖസ്സാം ബ്രിഗേഡിന്റെ മുൻ കമാൻഡർകൂടിയായ യഹ്‍യ സിൻവാർ 2011ലാണ് മോചിതനായത്. ഹമാസ് ബന്ദിയാക്കിയ ഇസ്രായേലി സൈനികൻ ഗിലാദ് ഷാലിതിന്റെ മോചനത്തിന് പകരമായി സിൻവാറിനെ ഇസ്രായേൽ വിട്ടയക്കുകയായിരുന്നു. ഇദ്ദേഹവും ഗസ്സയിൽ തന്നെയുണ്ടെന്നാണ് സൂചന.

ഹമാസ് ഉന്നതാധികാര സമിതി സ്ഥാപകാംഗവും 2017 വരെ ചെയർമാനുമായിരുന്ന ഖാലിദ് മിശ്അൽ ഇപ്പോൾ ഖത്തറിലാണ്. 1997ൽ കനേഡിയൻ ടൂറിസ്റ്റുകൾ ചമഞ്ഞെത്തിയ മൊസാദ് ഏജന്റുമാർ ജോർഡനിൽവെച്ച് ഇദ്ദേഹത്തിന്റെ ചെവിയിലേക്ക് വിഷവാതക പ്രയോഗം നടത്തി. ഏറെനാൾ അബോധാവസ്ഥയിലായിരുന്നെങ്കിലും ജീവൻ രക്ഷപ്പെടുത്താനായി.

Similar Posts