
ഇസ്രായേലിലെ അഷ്‌ദോദിലേക്ക് ഗസ്സയിൽ നിന്ന് റോക്കറ്റ് ആക്രമണം നടന്നതായി ഇസ്രായേൽ സേന
|ആക്രമണത്തിൽ നാല് റോക്കറ്റുകൾ വ്യോമ പ്രതിരോധ സേന തടഞ്ഞെന്നും ഒന്ന് തുറസായ സ്ഥലത്ത് പതിക്കുകയും ചെയ്തതായി ഇസ്രായേൽ സേന
അഷ്‌ദോദ്: വടക്കൻ ഗസ്സയിൽ നിന്ന് തെക്കൻ ഇസ്രായേലിലെ തീരദേശ നഗരമായ അഷ്‌ദോദിലേക്ക് റോക്കറ്റ് ആക്രമണം നടന്നതായി ഇസ്രായേൽ സൈന്യത്തെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഐഡിഎഫ് പറയുന്നതനുസരിച്ച് നാല് റോക്കറ്റുകൾ വ്യോമ പ്രതിരോധ സേന തടയുകയും ഒന്ന് തുറസ്സായ സ്ഥലത്ത് പതിക്കുകയും ചെയ്തു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടുകളില്ല.
അഷ്‌ദോദിലും നിറ്റ്‌സാൻ, നിറ്റ്‌സാനിം ബീച്ച് ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിലും വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. ഇസ്രായേലിന്റെ താഴ്ന്ന പ്രദേശങ്ങളിലെ നിവാസികൾ സ്ഫോടന ശബ്ദം കേട്ടതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗസ്സയിലെ ഇസ്രായേലിന്റെ സമുദ്ര ഉപരോധം തകർക്കാൻ ശ്രമിക്കുന്ന സുമൂദ് ഫ്ലോട്ടില്ല കപ്പലിനെ തടയാൻ ഇസ്രായേലി നാവികസേന തയ്യാറെടുക്കുന്നതിനിടെയാണ് ആക്രമണം.
അതേസമയം, ദുരിതംപേറുന്ന ഗസ്സയിലെ ഫലസ്തീൻ ജനതക്ക് അവശ്യവസ്തുക്കളുമായി പുറപ്പെട്ട ഗ്ലോബൽ സുമുദ് ഫ്ലോട്ടിലയെ തടഞ്ഞ് ഇസ്രയേൽ നാവികസേന. ഇരുപതോളം പടക്കപ്പലുകളും മറ്റു സന്നാഹങ്ങളും ഒരുക്കിയാണ് ബലപ്രയോഗത്തിലൂടെ ഇസ്രയേൽ ഫ്ലോട്ടിലയുടെ ഭാഗമായ നാൽപതിലേറെ ബോട്ടുകളിൽ ഭൂരിഭാഗവും പിടച്ചെടുത്തത്. അവശേഷിച്ച ബോട്ടുകളും പിടികൂടുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഡ്രോണുകൾ അയച്ചും സമുദ്രത്തിൽ മൈനുകൾ പാകിയും യാനവ്യൂഹത്തിന്‍റെ ഗസ്സയിലേക്കുള്ള യാത്ര തടയാൻ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. ഒടുവിൽ ബോട്ടുകൾ വളഞ്ഞ സൈന്യം ബലം പ്രയോഗിച്ച് ആക്റ്റിവിസ്റ്റുകളെ മുഴുവൻ പിടികൂടുകയായിരുന്നു.