
വെടിനിർത്തൽ കരാർ ലംഘിച്ച് തുടർച്ചയായ അഞ്ചാം ദിവസവും ഗസ്സയിൽ ഇസ്രായേൽ കുരുതി;ഫലസ്തീനികൾക്ക് നേരെ വ്യാപക അതിക്രമം
|ആക്രമണത്തിൽ ഇന്നലെ മാത്രം അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു
ഗസ്സ സിറ്റി: വെടിനിർത്തൽ കരാർ ലംഘിച്ച് തുടർച്ചയായ അഞ്ചാം ദിവസവും ഗസ്സയിൽ കുരുതി തുടർന്ന് ഇസ്രായേൽ. വെസ്റ്റ് ബാങ്ക് പ്രദേശങ്ങളിലും ഫലസ്തീനികൾക്ക് നേരെ വ്യാപക അതിക്രമം നടന്നു. ആക്രമണത്തിൽ ഇന്നലെ മാത്രം അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖാൻ യൂനുസിനു നേർക്കാണ് രൂക്ഷമായ ആക്രമണം.
ജബാലിയയിൽ നിരവധി വസതികളും ആക്രമണത്തിൽ തകർന്നു. വെടിനിർത്തൽ ലംഘിച്ച് വീണ്ടും വ്യാപക ആക്രമണത്തിന് ഇസ്രായേൽ തുനിയുമെന്ന ആശങ്കയിലാണ് ഫലസ്തീനികൾ. ചെറിയ രൂപത്തിലുള്ള കൂട്ടക്കുരുതി തന്നെയാണ് വെടിനിർത്തലിന്‍റെ മറവിലും ഇസ്രായേൽ ഗസ്സയിൽ തുടരുന്നത്.
അധിനിവിഷ്ട വെസ്റ്റ് ബാങ്ക് പ്രദേശങ്ങളിലും ആസൂത്രിത അതിക്രമങ്ങളാണ് ഇസ്രായേൽ സുരക്ഷാ സേനയും ജൂത കുടിയേറ്റക്കാരും നടത്തി വരുന്നത്. തെക്കൻ നബുലസ് പട്ടണത്തിൽ മൂന്ന് ഫലസ്തീൻ വനിതകൾക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഖൽഖിലിയ, ജറൂസലം,ഹബ്റോൺ എന്നിവിടങ്ങളിൽ ഇസ്രായേൽ സുരക്ഷാ സേന നിരവധി ഫലസ്തീൻ വസതികൾ ഇടിച്ചുനിരത്തി.
വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കെതിരായ ആക്രമണം ഗണ്യമാംവിധം വർധിച്ചതായി യു.എൻ കുറ്റപ്പെടുത്തി. റഫ അതിർത്തി തുറന്ന് കൂടുതൽ സഹായം ഗസ്സയിലേക്ക് അനുവദിക്കുമെന്ന വെടിനിർത്തൽ കരാർ വ്യവസ്ഥ ഇനിയും നടപ്പായില്ലെന്ന് യു.എൻ ഏജൻസികൾ ചൂണ്ടിക്കാട്ടി. ദിനംപ്രതി 600 ട്രക്കുകൾക്കു പകരം നൂറിനും 140നും ഇടയിൽ ട്രക്കുകൾ മാത്രമാണ് ഗസ്സയിൽ എത്തിച്ചേരുന്നതെന്ന് സർക്കാർ മാധ്യമ ഓഫീസ് അറിയിച്ചു.
അതിനിടെ, ഫലസ്തീൻ യുവാവിനെ സൈനികർ പീഡിപ്പിക്കുന്ന ദൃശ്യം പുറത്തുവിട്ട വിവാദത്തെ തുടർന്ന് രാജി വെച്ച ഇസ്രായേൽ പ്രതിരോധ സേനാ അഭിഭാഷക മേജർ ജനറൽ യിഫാത് തോമർ യെരുഷാൽമിയെ ചോദ്യം ചെയ്യനൊരുങ്ങുകയാണ് സേന. കഴിഞ്ഞ വർഷമാണ് ഇസ്രായേൽ സൈനികർ ഫലസ്തീനികളെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. സൈനിക സേവനത്തിനെതിരെ കൂടുതൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ നടത്തുമെന്ന ഹരേദി വിഭാഗത്തിന്‍റെ പുതിയ ഭീഷണി ഇസ്രായേലിൽ പ്രതിസന്ധി രൂക്ഷമാക്കി. അതീവ യാഥാസ്ഥിതിക ജൂത വിഭാഗമായ ഹരേദികൾ കഴിഞ്ഞ ദിവസം നടത്തിയ റാലിയിൽ ലക്ഷങ്ങളാണ് അണിചേർന്നത്.