< Back
World
യുഎൻ ഏജൻസികൾ ഉൾപ്പെടെ ഫലസ്തീൻ  സഹായ സംഘടനകൾക്ക്​  വിലക്ക്;  ഇസ്രായേലിനെതിരെ പ്രതിഷേധം വ്യാപകം

Photo| Reuters

World

യുഎൻ ഏജൻസികൾ ഉൾപ്പെടെ ഫലസ്തീൻ സഹായ സംഘടനകൾക്ക്​ വിലക്ക്; ഇസ്രായേലിനെതിരെ പ്രതിഷേധം വ്യാപകം

Web Desk
|
2 Jan 2026 7:42 AM IST

ഗസ്സയിൽ സ്ഥിതി ആപൽക്കരമാകുമെന്ന്​ മനുഷ്യാവകാശ സംഘടനകൾ ആശങ്കയറിച്ചു

തെൽ അവിവ്: യുഎൻ ഏജൻസികൾ ഉൾപ്പെടെ 37 ഫലസ്തീൻ സഹായ സംഘടനകൾക്ക്​ വിലക്ക്​ ഏർപ്പെടുത്തിയ ഇസ്രായേലിനെതിരെ പ്രതിഷേധം വ്യാപകം. ഗസ്സയിൽ സ്ഥിതി ആപൽക്കരമാകുമെന്ന്​ മനുഷ്യാവകാശ സംഘടനകൾ ആശങ്കയറിച്ചു. ഇസ്രായേൽ ആക്രമണത്തിൽ രണ്ട്​ പേർ കൂടി കൊല്ലപ്പെട്ടു. ഇസ്രായേലിനുമേൽ ആയുധ ഉപരോധം വേണമെന്ന്​ യൂറോപ്യൻ യൂണിയനോട്​ വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് ആവശ്യപ്പെട്ടു.

ഹമാസ്​ ബന്ധം ആരോപിച്ച്​ യു.എൻ ഏജൻസികൾ ഉൾപ്പെടെ 37 അന്താരാഷ്ട്ര എൻജിഒകളുടെ ലൈസൻസ്​ റദ്ദാക്കിയ ഇസ്രായേൽ നടപടിക്കെതിരെ ലോകവ്യാപക പ്രതിഷേധം. രണ്ടു വർഷത്തിലേറെ നീണ്ട യുദ്ധവും സമീപകാല പ്രകൃതിക്ഷോഭവും തകർത്ത ഗസ്സയിൽ ജനങ്ങളുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കുന്നതാകും ഈ​ നീക്കം. ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിന്‍റെ മെഡിക്കൽ കെയർ ചാരിറ്റിയായ എംഎസ്എഫ് അടക്കമുളളവക്കാണ് വിലക്ക്. യുഎൻ ചാർട്ടറിന്​ വിരുദ്ധമായ തീരുമാനമാണിതെന്നും ഗസ്സയിലെ മാനുഷിക പ്രതിസന്ധി ഇതോടെ കൂടുതൽ തീവ്രമാകുമെന്നും ആംനസ്റ്റി ഉൾപ്പെടെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ കുറ്റപ്പെടുത്തി. അതിനിടെ, റഫ ക്രോസിങ് വീണ്ടും തുറക്കാൻ തയ്യാറെടുക്കുന്നതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സമ്മർദത്തിന്‍റെ ഫലമായാണ് തീരുമാനം വന്നതെന്നാണ്​ റിപ്പോർട്ട്​. ഗസ്സയിലെ ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം പുറംലോകവുമായുള്ള ഏക ബന്ധമാണ്​ റഫ ക്രോസിങ്. ഖാൻ യൂനുസിലും മറ്റും ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ട്​ പേർ കൊല്ലപ്പെട്ടു. ഇ​തോടെ വെടിനിർത്തൽ ലംഘിച്ച്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 415 ആയി. അതിശൈത്യം കാരണം ഒരു കുഞ്ഞും മരിച്ചതായി അധികൃതർ അറിയിച്ചു. ഇസ്രായേലിനെതിരെ ഉപരോധങ്ങളും ആയുധ ഉപരോധവും ഏർപ്പെടുത്താൻ വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് യൂറോപ്യൻ യൂനിയനോട് ആവശ്യപ്പെട്ടു.

Similar Posts