< Back
World
ഗസ്സയിലെ ഇസ്രായേൽ ഉപരോധം; കരാറുകളിൽ നിന്ന് പിന്മാറുമെന്ന മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ
World

ഗസ്സയിലെ ഇസ്രായേൽ ഉപരോധം; കരാറുകളിൽ നിന്ന് പിന്മാറുമെന്ന മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ

Web Desk
|
21 May 2025 11:03 AM IST

നേരത്തെ യുകെയും ഫ്രാൻസും കാനഡയും ഇസ്രായേലിനെതിരെ ഉപരോധ ഭീഷണിയടക്കം ഉയർത്തിയിരുന്നു.

വാഷിങ്ടൺ: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ഉപരോധത്തിൽ മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ. ഇസ്രായേലുമായുള്ള രാഷ്ട്രീയ സാമ്പത്തിക ബന്ധങ്ങൾ നിയന്ത്രിക്കുന്ന കരാർ പുനഃപരിശോധിക്കുമെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി.

വംശഹത്യയും ഉപരോധവും തുടരുന്ന ഇസ്രായേലിനെതിരെ ലോകത്താകെ പ്രതിഷേധം ഉയരുകയാണ്. നേരത്തെ യുകെയും ഫ്രാൻസും കാനഡയും ഇസ്രായേലിനെതിരെ ഉപരോധ ഭീഷണിയടക്കം ഉയർത്തിയിരുന്നു. ഗസ്സയിൽ ഇസ്രായേലിന്റെ അധിനിവേശമവസാനിപ്പിക്കണം ഭക്ഷണമെത്തിക്കണം എന്നീ ആവശ്യങ്ങളാണ് സംയുക്ത പ്രസ്താവനയിൽ മൂന്ന് രാജ്യങ്ങളും ഉയർത്തിയത്. ബന്ദികളെ വിട്ടുകിട്ടാനുള്ള ആദ്യത്തെ ഉപാധി വെടിനിർത്തലും യുദ്ധമവസാനിപ്പിക്കുകയുമാണെന്ന് യുകെ പ്രധാനമന്ത്രി കേർ സ്റ്റാമർ പാർലമെന്റിൽ പറഞ്ഞു.

ഇസ്രായേൽ ഉപരോധത്തിൽ പട്ടിണികാരണം ഗസ്സയിൽ കൊല്ലപ്പെട്ടത് 326 പേരാണ്. ഉടൻ ഇടപെട്ടില്ലെങ്കിൽ 14,000 കുഞ്ഞുങ്ങൾ കൂടി പട്ടിണി മൂലം മരിക്കുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകിയിരുന്നു. മാർച്ച് രണ്ട് മുതൽ സമ്പൂർണ ഉപരോധത്തിലാണ് ഗസ്സ.

ആഗോള സമ്മർദ്ദത്തിന്റെ ഫലമായി ആവശ്യ സാധനങ്ങൾ ഗസ്സയിലെത്തിക്കാം എന്ന് ഇസ്രായേൽ പ്രധാനമന്ത്രി അമേരിക്കയ്ക്കടക്കം ഉറപ്പു നൽകിയിരുന്നെങ്കിലും പാലിക്കപ്പെട്ടിരുന്നില്ല. കഴിഞ്ഞ രണ്ടാഴ്ചക്കാലയളവിൽ ഗസ്സയിലെ 40 ശതമാനം ആളുകൾക്ക് ഒരു നേരത്തെ ഭക്ഷണമാണ് ലഭിക്കുന്നത്. യുഎൻ നടത്തിയിരുന്ന സമൂഹ അടുക്കളകൾ പൂട്ടിക്കുകയും അവിടേക്കെത്തിക്കുന്ന ഭക്ഷണവും വെള്ളവുമടങ്ങുന്ന ആവശ്യ വസ്തുക്കളുടെ വിതരണം ഇസ്രായേൽ സൈനിക നേതൃത്വത്തിലായിരിക്കണമെന്നും ഇസ്രായേൽ പറഞ്ഞിരുന്നു.ഗസ്സയിലെത്തിച്ച അഞ്ച് ട്രക്കുകളിലെ ഭക്ഷണം പോലും ഇതുവരെ വിതരണം ചെയ്തിട്ടില്ല എന്നാണ് യുഎൻ വ്യക്തമാക്കിയത്.

Similar Posts