< Back
World
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ഇസ്രായേലി സൈബർ ഉദ്യോഗസ്ഥൻ യുഎസിൽ അറസ്റ്റിൽ
World

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ഇസ്രായേലി സൈബർ ഉദ്യോഗസ്ഥൻ യുഎസിൽ അറസ്റ്റിൽ

Web Desk
|
18 Aug 2025 3:20 PM IST

സൈബർ സുരക്ഷാ ഉദ്യോഗസ്ഥനായ ടോം ആർട്ടിയോം അലക്സാണ്ട്രോവിച്ചിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

വാഷിങ്ടൺ: ബാല ലൈംഗിക പീഡനക്കേസിൽ ഇസ്രായേലി സൈബർ ഉദ്യോഗസ്ഥൻ യുഎസിൽ അറസ്റ്റിൽ. സൈബർ സുരക്ഷാ ഉദ്യോഗസ്ഥനായ ടോം ആർട്ടിയോം അലക്സാണ്ട്രോവിച്ചിനെ (38) ആണ് ലാസ് വെഗാസ് മെട്രോപൊളിറ്റൻ പൊലീസ് അറസ്റ്റ് ചെയ്തത്.

കുട്ടികളെ ഓൺലൈനിൽ ലൈംഗികമായി ചൂഷണം ചെയ്യുന്നവരെ പിടികൂടുന്നതിനായുള്ള രഹസ്യ ഓപ്പറേഷനിലാണ് ടോം അറസ്റ്റിലായത്. ഇയാൾ ഒരു കുട്ടിയെ കമ്പ്യൂട്ടർ കാണിച്ച് ദുരുപയോ​ഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിന് കീഴിലുള്ള സർക്കാർ ഏജൻസിയായ ഇസ്രായേൽ സൈബർ ഡയറക്ടറേറ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് അലക്സാണ്ട്രോവിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇയാളെ ഓഗസ്റ്റ് ഏഴിന് ജഡ്ജിയുടെ മുമ്പാകെ ഹാജരാക്കിയ ശേഷം 10,000 ഡോളർ ജാമ്യത്തിൽ വിട്ടയച്ചതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

എന്നാൽ അലക്സാണ്ട്രോവിച്ചിനെ അറസ്റ്റ് ചെയ്തുവെന്ന വാർത്ത നെതന്യാഹുവിന്റെ ഓഫീസ് നിഷേധിച്ചു. ഒരു പ്രൊഫഷണൽ കോൺഫറൻസിനായി യുഎസിലേക്ക് പോയ അലക്സാണ്ട്രോവിച്ചിനെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഒരു വർഷം മുതൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള കുറ്റകൃത്യമാണ് അലക്സാണ്ട്രോവിച്ച് ചെയ്തതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Similar Posts