
ഗസ്സയിൽ കൊടുംക്രൂരത തുടർന്ന് ഇസ്രായേൽ; ഫലസ്തീൻ വനിതാ ഡോക്ടറുടെ 9 കുട്ടികളെ കൊലപ്പെടുത്തി
|ഖാൻ യൂനിസിൽ ഡോക്ടറുടെ വീട്ടിലുണ്ടായ ആക്രമണത്തെ തുടർന്നാണ് കുട്ടികൾ കൊല്ലപ്പെട്ടത്. ഈ സമയത്ത ഡോക്ടർ ഡ്യൂട്ടിയിലായിരുന്നു
ഗസ്സസിറ്റി: ഗസ്സയിൽ വംശഹത്യയുടെ ഭാഗമായി ഇസ്രായേൽ നടപ്പാക്കുന്നത് നടുക്കുന്ന ആക്രമണങ്ങൾ. ഫലസ്തീൻ വനിതാ ഡോക്ടറുടെ 9 കുഞ്ഞുങ്ങളെ ഇസ്രായേൽ ഇന്നലെ ക്രൂരമായി കൊലപ്പെടുത്തി.
നാസർ മെഡിക്കൽ കോംപ്ലക്സിലെ അൽ തഹ്‌രീർ ആശുപത്രി പീഡിയാട്രിക് സ്പെഷ്യലിസ്റ്റ് ഡോ. അല അൽ നജ്ജാറിനാണ് മക്കളെ നഷ്ടമായത്. ഖാൻ യൂനിസിൽ ഡോക്ടറുടെ വീട്ടിലുണ്ടായ ഇസ്രായേൽ ആക്രമണത്തെ തുടർന്നാണ് കുട്ടികൾ കൊല്ലപ്പെട്ടത്. ഈ സമയത്ത് ഡോക്ടർ ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്നു. ഭർത്താവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
നിരപരാധികളായ കുട്ടികളെ കൊല്ലുന്നത് ഇസ്രായേൽ സൈനികർക്കൊരു വിനോദമായി മാറിയിരിക്കുന്നുവെന്ന് ഗസ്സയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
അതിനിടെ, ഇസ്രായേൽ സൈന്യം ഗസ്സയിൽ ഫലസ്തീൻ യുവാക്കളെ മനുഷ്യകവചമായി ഉപയോഗിക്കുന്നതായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് തെളിവുകൾ സഹിതം റിപ്പോർട്ട് പുറത്തുവിട്ടു. കെട്ടിടങ്ങളിലേക്കും മറ്റും ഫലസ്തീൻ യുവാക്കളെ ഇസ്രായേൽ സൈനിക യൂണിഫോം അണിയിച്ച് നിർബന്ധിച്ച് പറഞ്ഞയക്കുകയാണ് ചെയ്യുന്നതെന്ന് സൈനികരുടെയും ഇരകളുടെയും മൊഴികൾ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കി. സിവിലിയൻമാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധവും യുദ്ധക്കുറ്റവുമാണ്.
ഇസ്രായേൽ സേന എത്ര ഭീകരമാണ് എന്നതിന്‍റെ തെളിവാണ് റിപ്പോർട്ടെന്ന് ഹമാസ് പ്രതികരിച്ചു. എന്നാൽ വാർത്ത അടിസ്ഥാനരഹിതമാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. നൂറിലേറെ സഹായ ട്രക്കുകൾ ഗസ്സയിൽ എത്തിയെങ്കിലും ഭക്ഷണവിതരണം സംബന്ധിച്ച അവ്യക്തത തുടരുകയാണ്. ആയിരങ്ങൾ കൊടുംപട്ടിണിയിലായിട്ടും അടിയന്തര നടപടി വൈകുന്നതിൽ ബ്രിട്ടൻ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ നടുക്കം പ്രകടിപ്പിച്ചു.
ലക്ഷങ്ങൾക്കായി വെറും ഒരു ടീസ്പൂൺ ഭക്ഷണമാണ് ഇസ്രായേൽ അനുവദിച്ചതെന്ന് യു.എൻ കുറ്റപ്പെടുത്തി. ഒരാഴ്ചക്കിടെ, 10 ആശുപത്രികൾക്ക് നേരെ ഇസ്രായേൽ ആസൂത്രിത ആക്രമണം നടത്തിയത് ഗസ്സയിലെ ആരോഗ്യ സംവിധാനങ്ങളെ അസ്ഥിരമാക്കിയതായി യുഎൻ ഏജൻസികൾ കുറ്റപ്പെടുത്തി.