< Back
World
israel attack
World

ക്രിസ്ത്യാനിയാണെന്ന് തെറ്റിദ്ധരിച്ച് ജൂത സ്ത്രീക്ക് നേരെ ഇസ്രായേലുകാരന്റെ ആക്രമണം

Web Desk
|
21 Feb 2025 7:40 PM IST

ക്രിസ്ത്യാനികളോടുള്ള വിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്ന് ഇസ്രായേലി പൊലീസ് സംശയിക്കുന്നു

ജെറുസലേം: ക്രിസ്ത്യാനിയാണെന്ന് തെറ്റിദ്ധരിച്ച് ജൂത സ്ത്രീയെ ഇസ്രായേലി പൗരൻ കോടാലി കൊണ്ട് ആക്രമിച്ചു. ജറുസലേമിലെ ഓൾഡ് സിറ്റിയിലാണ് സംഭവം. ക്രിസ്ത്യാനികളോടുള്ള വിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.

വീട്ടിനുള്ളിൽ വെച്ചാണ് 70കാരിയായ സ്ത്രീ അക്രമത്തിനിരയാകുന്നത്. ക്രിസ്ത്യൻ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷികൾ ചാനലിനോട് പറഞ്ഞു. തുടർന്ന് പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് പിടികൂടി. ഗുരുതര പരിക്കേറ്റ സ്ത്രീ ആശുപത്രിയിൽ തുടരുകയാണ്.

സമീപ വർഷങ്ങളിൽ വൈദികരും വിനോദസഞ്ചാരികളും ഉൾപ്പെടെ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ ജറുസലേമിൽ വർധിച്ചിട്ടുണ്ട്. കുടിയേറ്റക്കാർ പുരോഹിതർക്ക് നേരെ തുപ്പുകയും അധിക്ഷേപങ്ങൾ ചൊരിയുകയും ചെയ്യാറുണ്ട്. കൂടാതെ ഇസ്രായേൽ പൊലീസും ഇതിന് സർവപിന്തുണയും നൽകുകയാണ്.

ദിവസങ്ങൾക്ക് മുമ്പ് അമേരിക്കയിലെ ഫ്‌ളോറിഡയിൽ ഫലസ്തീനികളെന്നു തെറ്റിദ്ധരിച്ച് രണ്ട് ഇസ്രായേലികൾക്കു നേരെ യുവാവ് വെടിയുതിർത്തിരുന്നു. ഇസ്രായേലിൽനിന്ന് വിനോദ സഞ്ചാരികളായി എത്തിയ അച്ഛനും മകനും നേരെ മയാമി ബീച്ചിൽ വച്ച് 17 തവണ വെടിവെച്ച മൊർദെചായ് ബ്രാഫ്മാൻ (27) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂതമത വിശ്വാസിയായ പ്രതി, ഫലസ്തീനികളെന്നു തെറ്റിദ്ധരിച്ചാണ് ഇസ്രായേലി പൗരന്മാർക്കു നേരെ വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു.

തന്റെ ട്രക്ക് ഓടിച്ചു വരുന്നതിനിടെ ബ്രാഫ്മാൻ മയാമി ബീച്ചിനു സമീപം കാറിൽ സഞ്ചരിക്കുകയായിരുന്ന വിദേശികൾക്കു നേരെ സെമി ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. 'രണ്ട് ഫലസ്തീനികളെ കണ്ടപ്പോൾ അവരെ വെടിവെച്ചു കൊന്നു' എന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. എന്നാൽ, ഒരാൾക്ക് ഇടതുചുമലിൽ വെടിയേൽക്കുകയും മറ്റൊരാളുടെ ഇടതു കൈപ്പത്തിയിലൂടെ വെടിയുണ്ട തുളച്ചു കയറുകയുമാണ് ചെയ്തതെന്നും ഇവരുടെ ജീവന് അപായമില്ലെന്നും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മയാമി ബീച്ചിനു സമീപം പ്രകോപനമില്ലാതെ നടന്ന അക്രമത്തിൽ ബ്രാഫ്മാനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അക്രമിയെ മുൻപരിചയമില്ലെന്ന് വെടിയേറ്റവർ മൊഴി നൽകി.

Similar Posts