
ഗസ്സ യുദ്ധത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചു; രണ്ട് സൈനികർക്ക് ജയിൽ ശിക്ഷ വിധിച്ച് ഇസ്രായേൽ സൈനിക കോടതി
|കഴിഞ്ഞ ഒന്നര വർഷമായി ഗസ്സയിൽ പോരാടിയ രണ്ട് നഹൽ ബ്രിഗേഡ് സൈനികർ ക്ഷീണം കാരണം സ്ട്രിപ്പിലേക്ക് മടങ്ങാൻ വിസമ്മതിച്ചതിനാണ് വിചാരണ ചെയ്യപ്പെട്ടത്
ജെറുസലേം: ഗസ്സക്കെതിരായ യുദ്ധത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിന് നഹൽ ബ്രിഗേഡിലെ രണ്ട് സൈനികരെ ഇസ്രായേലി സൈനിക കോടതി ജയിൽ ശിക്ഷക്ക് വിധിച്ചു. 'സൈനികരെ തടവിലാക്കില്ലെന്ന് ഇസ്രായേൽ സൈന്യം പ്രതിജ്ഞാബദ്ധമായിരുന്നിട്ടും കഴിഞ്ഞ ഒന്നര വർഷമായി ഗസ്സയിൽ പോരാടിയ രണ്ട് നഹൽ ബ്രിഗേഡ് സൈനികർ ക്ഷീണം കാരണം സ്ട്രിപ്പിലേക്ക് മടങ്ങാൻ വിസമ്മതിച്ചതിന് വിചാരണ ചെയ്യപ്പെട്ടു.' ഇസ്രായേലി പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് പ്ലാറ്റ്ഫോമായ 'കാൻ' ഉദ്ധരിച്ച് അനദോലു ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഗസ്സയിൽ പ്രവേശിക്കാൻ വിസമ്മതിച്ചതിന് രണ്ട് സൈനികരെയും 20 ദിവസം തടവിനാണ് ശിക്ഷിച്ചത്.
2022 ഓഗസ്റ്റിൽ ചേർന്ന സൈനികർ ഒന്നര വർഷത്തെ പ്രവർത്തനങ്ങൾക്ക് ശേഷം കടുത്ത ക്ഷീണം അനുഭവപ്പെടുന്നതായി അവരുടെ ബറ്റാലിയൻ കമാൻഡറോട് പരാതിപ്പെട്ടു. മറുപടിയായി ഉത്തരവുകൾ പാലിക്കാൻ വിസമ്മതിച്ചതിന് സൈനികരെ 20 ദിവസം തടവിലാക്കുമെന്ന് കമാൻഡർ ഭീഷണിപ്പെടുത്തിയിരുന്നുതായും റിപ്പോർട്ടിൽ പറയുന്നു. തുടർന്നാണ് സൈനികർക്കെതിരെ നടപടിയെടുത്തത്.
ഇസ്രായേൽ സൈനികർ ഗസ്സയിൽ പ്രവേശിക്കാൻ വിസമ്മതിക്കുന്നത് ഇതാദ്യമായല്ല. മെയ് തുടക്കത്തിൽ ഗസ്സയിൽ വംശഹത്യ വ്യാപിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി ഇസ്രായേൽ സൈന്യം പതിനായിരക്കണക്കിന് റിസർവ് കോൾ-അപ്പ് ഓർഡറുകൾ പുറപ്പെടുവിക്കാൻ തുടങ്ങിയെന്ന് യെദിയോത്ത് അഹ്രോനോത്ത് ഉൾപ്പെടെയുള്ള ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഗസ്സ യുദ്ധത്തിൽ പങ്കെടുത്ത ഇസ്രായേലി റിസർവ് സൈനികരിൽ ഏകദേശം 12% പേർക്ക് പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡറിന്റെ (PTSD) ഗുരുതരമായ ലക്ഷണങ്ങൾ അനുഭവിക്കുന്നുണ്ടെന്നും ഇത് അവരെ സൈനിക സേവനത്തിലേക്ക് തിരികെ കൊണ്ടുവരാൻ യോഗ്യരല്ലെന്നും തെൽ അവീവ് സർവകലാശാലയിലെ ഒരു ഗവേഷണ സംഘം വെളിപ്പെടുത്തിയാതായി ഇസ്രായേലി ദിനപത്രമായ ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു.
അന്താരാഷ്ട്ര വെടിനിർത്തൽ ആഹ്വാനങ്ങൾ നിരസിച്ച ഇസ്രായേൽ സൈന്യം 2023 ഒക്ടോബർ മുതൽ ഗസ്സക്കെതിരെ ക്രൂരമായ ആക്രമണം നടത്തിവരികയാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 54,000-ത്തിലധികം ഫലസ്തീനികളെയാണ് ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത്. കഴിഞ്ഞ നവംബറിൽ ഗസ്സയിൽ നടന്ന യുദ്ധക്കുറ്റകൃത്യങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും നെതന്യാഹുവിനും അദ്ദേഹത്തിന്റെ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സാധാരണക്കാർക്കെതിരായ യുദ്ധക്കുറ്റങ്ങളുടെ പേരിൽ ഇസ്രായേൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഒരു വംശഹത്യ കേസും നേരിടുന്നു.