< Back
World
Israeli military has issued forced displacement order for Khan Younis
World

ഖാൻ യൂനിസിൽനിന്ന് ഫലസ്തീനികളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇസ്രായേൽ

Web Desk
|
19 May 2025 7:42 PM IST

ഖാൻ യൂനിസിൽ ഒരു മണിക്കൂറിനിടെ 30 വ്യോമാക്രമണങ്ങളാണ് ഇസ്രായേൽ നടത്തിയത്.

ഗസ്സ: ഗസ്സയിൽ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാൻ യൂനിസിൽനിന്ന് ഫലസ്തീനികളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇസ്രായേൽ സൈന്യം. മേഖലയിൽ ഒരു മണിക്കൂറിനിടെ 30 വ്യോമാക്രമണങ്ങളാണ് ഇസ്രായേൽ നടത്തിയത്. ഇന്ന് രാവിലെ മുതൽ ഗസ്സയിൽ 46 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

ഗസ്സയിലേക്ക് പരിമിതമായ തോതിൽ സഹായമെത്തിക്കാൻ അനുവദിക്കാമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. എപ്പോഴാണ് ഇത് അനുവദിക്കുക എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അതിനിടെ ഗസ്സയുടെ നിയന്ത്രണം ഇസ്രായേൽ സൈന്യം ഏറ്റെടുക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു.

ഗസ്സയിലെ സാഹചര്യം നീതികരിക്കാൻ കഴിയാത്തതാണെന്ന് യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ പറഞ്ഞു. വളരെ ഗുരുതരവും അംഗീകരിക്കാനാവാത്തതുമായ സാഹചര്യമാണ് ഗസ്സയിൽ നിലവിലുള്ളത്. മറ്റു ലോകനേതാക്കളുമായി ആലോചിച്ച് അത് എങ്ങനെ നേരിടണമെന്ന് തീരുമാനിക്കുമെന്നും സ്റ്റാർമർ പറഞ്ഞു.

യൂറോവിഷൻ ഗാനമത്സരത്തിൽനിന്ന് ഇസ്രായേലിനെ പുറത്താക്കണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ആവശ്യപ്പെട്ടു. യുദ്ധവും ബോംബാക്രമണവും അനീതിയും നേരിടുന്ന ഫലസ്തീൻ ജനതയോട് അദ്ദേഹം ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന വംശഹത്യയുടെ ശക്തനായ വിമർശകനാണ് സാഞ്ചസ്.

യുക്രൈൻ യുദ്ധത്തിന്റെ സാഹചര്യത്തിൽ 2022 മുതൽ റഷ്യയെ യൂറോവിഷനിൽ പങ്കെടുക്കാൻ അനുവദിക്കാറില്ല. ഇസ്രായേലിനെയും മാറ്റിനിർത്തണമെന്നും ഇക്കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ല. അന്താരാഷ്ട്ര നിയമങ്ങളോടും മനുഷ്യാവകാശങ്ങളോടും സ്‌പെയിനിന്റെ പ്രതിബദ്ധത സ്ഥിരതയുള്ളതാണ്. യുറോപ്പിന്റേതും അങ്ങനെത്തന്നെ ആയിരിക്കണമെന്നും സാഞ്ചസ് പറഞ്ഞു.

ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 53,339 പേർ കൊല്ലപ്പെട്ടുവെന്നാണ് ഗസ്സ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പറയുന്നത്. 121,034 പേർക്ക് പരിക്കേറ്റു. എന്നാൽ മരണം 61,700 കവിയുമെന്നാണ് ഗവൺമെന്റ് മീഡിയ ഓഫീസ് പറയുന്നത്.

Similar Posts