
'ബന്ദികളുടെ മുഴുവന്‍ മൃതദേഹങ്ങളും ലഭിച്ചാലുടൻ ഗസ്സക്ക് മേൽ ആക്രമണം പുനരാരംഭിക്കും'; ഭീഷണിയുമായി ഇസ്രായേൽ മന്ത്രി
|മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾക്ക് പകരം 45 ഫലസ്തീൻ തടവുകാരുടെ മൃതദേഹങ്ങൾ കൈമാറി ഇസ്രായേൽ
തെല്‍അവിവ്: വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു.നിരവധിപേർക്ക് പരിക്കേറ്റു. ഇതോടെ ഒക്ടോബർ പത്തിന് നിലവിൽ വന്ന വെടിനിർത്തൽ കരാറിനു ശേഷം കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 236 ആയി. ഗസ്സ സിറ്റിയുടെ കിഴക്കൻ ഭാഗങ്ങളിൽ രാത്രി വീണ്ടും വ്യോമാക്രമണം നടന്നു.
അതിനിടെ,മുഴുവന്‍ ബന്ദികളുടെ മൃതദേഹങ്ങൾ ലഭിച്ചാലുടൻ ഗസ്സയിൽ ആക്രമണം പുനരാരംഭിക്കാൻ സൈന്യം മടിക്കരുതെന്ന് ഇസ്രായേൽ ഊർജ മന്ത്രി ഏലി കോഹൻ പ്രതികരിച്ചു. ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തീവ്രവാദ കേസുകൾക്ക് വധശിക്ഷ വ്യവസ്ഥചെയ്യുന്ന ബില്ലിനെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നൈതന്യാഹു പിന്തുണച്ചു. ബിൽ വംശഹത്യാ പദ്ധതിയുടെ തുടർച്ചയെന്ന് ഹമാസ് കുറ്റപ്പെടുത്തി.
അതേസമയം, അവശേഷിച്ച ഇസ്രായേൽ ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെത്താൻ ഈജിപ്തിന്‍റെയും റെഡ്ക്രോസിന്റെയും സഹായത്തോടെ ഊർജിത തെരച്ചിൽ പ്രവർത്തനങ്ങളാണ് ഹമാസ് നടത്തി വരുന്നത്. കഴിഞ്ഞ ദിവസം മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസ് കൈമാറിയിരുന്നു. തെക്കൻ ഗസ്സയിലെ തുരങ്കത്തിൽ ഞായറാഴ്ച കണ്ടെത്തിയ മൃതദേഹങ്ങളാണ് കൈമാറിയത്. 20 ബന്ദികളുടെ മൃതദേഹങ്ങളാണ് ഇതുവരെ ഹമാസ് വിട്ടുനൽകിയത്. എട്ടുപേരുടെ മൃതദേഹങ്ങൾ ഇനിയും ലഭിക്കാനുണ്ട്. അതേസമയം, 45 ഫലസ്തീനികളുടെ മൃതദേഹങ്ങൾ ഇസ്രായേൽ കൈമാറിയതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഞ്ച് ഫലസ്തീൻ തടവുകാരെയും ഇസ്രായേൽ ഇന്നലെ മോചിപ്പിച്ചു.
ഗസ്സയിൽ സുസ്ഥിര സമാധാനം ഉറപ്പാക്കാൻ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് യുഎൻ സെക്രട്ടറി ജനറൽ ആന്‍റണിയോ ഗുട്ടറസ് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായി ചർച്ച നടത്തി. ഗസ്സ ആക്രമണം തുടങ്ങിയ ശേഷം ഇന്ത്യയുമായുള്ള ബന്ധം ഇസ്രായേൽ കൂടുതൽ ശക്തമാക്കിയതായ റിപ്പോർട്ട് പുറത്ത്. ഇസ്രായേൽ വിദേശ കാര്യ മന്ത്രി ഗിദോൺ സആറും ഈ ആഴ്ച ഇന്ത്യ സന്ദർശിക്കും.