World
aid warehouse
World

സഹായത്തിനായി കാത്തുനിന്നവര്‍ക്കു നേരെ ഇസ്രായേല്‍ ആക്രമണം; 29 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

Web Desk
|
16 March 2024 8:10 AM IST

സെൻട്രൽ ഗസ്സ മുനമ്പിലെ അൽ-നുസൈറാത്ത് ക്യാമ്പിലെ ഒരു സഹായ വിതരണ കേന്ദ്രത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ എട്ട് പേരാണ് കൊല്ലപ്പെട്ടത്

തെല്‍ അവിവ്: ഗസ്സ മുനമ്പില്‍ വ്യാഴാഴ്ച ഇസ്രായേല്‍ നടത്തിയ രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ 29 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം. സഹായം കാത്തുനിന്നവര്‍ക്കു നേരെയായിരുന്നു ഇസ്രായേലിന്‍റെ ക്രൂരത.

സെൻട്രൽ ഗസ്സ മുനമ്പിലെ അൽ-നുസൈറാത്ത് ക്യാമ്പിലെ ഒരു സഹായ വിതരണ കേന്ദ്രത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ എട്ട് പേരാണ് കൊല്ലപ്പെട്ടത്. വടക്കൻ ഗസ്സ റൗണ്ട് എബൗട്ടിൽ എയ്ഡ് ട്രക്കുകൾക്കായി കാത്തുനിന്ന ജനക്കൂട്ടത്തിന് നേരെ ഇസ്രായേൽ നടത്തിയ വെടിവെപ്പില്‍ 21 പേർ കൊല്ലപ്പെടുകയും 150-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ സഹായകേന്ദ്രങ്ങള്‍ ആക്രമിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ഇസ്രായേല്‍ സൈന്യം നിഷേധിച്ചു. വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് മാത്രം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളോട് അഭ്യര്‍ഥിക്കുന്നതായി ഐഡിഎഫ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

മുന്‍പും മാനുഷിക സഹായം കാത്തു നിന്നവര്‍ക്കു നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയിട്ടുണ്ട്. ഫെബ്രുവരി 29ന്, ഗസ്സ സിറ്റിക്ക് സമീപം സഹായത്തിനായി കാത്തുനിന്ന 100 ലധികം ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വെടിവച്ചു കൊന്നതായി ഫലസ്തീൻ ആരോഗ്യ അധികൃതർ പറഞ്ഞു. ഗസ്സയിലെ ദേർ അൽ-ബാലയിൽ വ്യാഴാഴ്ച ഇസ്രായേൽ മിസൈൽ ഒരു വീടിന് മുകളില്‍ പതിക്കുകയും ഒമ്പത് പേർ കൊല്ലപ്പെടുകയും ചെയ്തതായി ഫലസ്തീൻ ഡോക്ടർമാർ വ്യക്തമാക്കി. ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. 24 മണിക്കൂറിനിടെ 149 പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 31,490 ആയി. 73,439 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Related Tags :
Similar Posts