< Back
World
വൈദ്യുതാഘാതം, രാസായുധ പ്രയോഗം, ക്രൂരമായ മർദനം; ഇസ്രായേൽ സൈന്യത്തിന്റെ ക്രൂരതകളുടെ നേർചിത്രമായി ഫലസ്തീൻ തടവുകാർ
World

വൈദ്യുതാഘാതം, രാസായുധ പ്രയോഗം, ക്രൂരമായ മർദനം; ഇസ്രായേൽ സൈന്യത്തിന്റെ ക്രൂരതകളുടെ നേർചിത്രമായി ഫലസ്തീൻ തടവുകാർ

Web Desk
|
27 Feb 2025 11:33 AM IST

ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ ഫലസ്തീൻകാരനായ മുഹമ്മദ് അബു തവിലയുടെ കാഴ്ച നഷ്ടപ്പെടുകയും ശരീരത്തിൽ ആകമാനം പൊള്ളലേൽക്കുകയും ചെയ്തിട്ടുണ്ട്

ഗസ്സ സിറ്റി: ഇസ്രായേൽ സൈന്യത്തിന്റെ ക്രൂരതകളുടെ നേർചിത്രങ്ങളായി ഇസ്രായേൽ ജയിലിൽ നിന്ന് മോചിതരായ ഫലസ്തീൻ തടവുകാർ. ക്രൂരമായ മർദനം, വൈദ്യുതാഘാതമേൽപ്പിക്കൽ, രാസവസ്തുക്കളുടെ പ്രയോഗം തുടങ്ങി കഠിനമായ പീഡനമുറകളുടെ ചിത്രങ്ങളാണ് തടവുകാരുടെ ശരീരം കാണിക്കുന്നത്. പലരും അടിയന്തര ചികിത്സ തേടിയിരിക്കുകയാണെന്ന് ഫലസ്തീൻ അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ ഫലസ്തീൻകാരനായ മുഹമ്മദ് അബു തവിലയുടെ കാഴ്ച നഷ്ടപ്പെടുകയും ശരീരത്തിൽ ആകമാനം പൊള്ളലേൽക്കുകയും ചെയ്തിട്ടുണ്ട്. ശാരീരികമായും മാനസികമായും അബു തവില വലിയ പീഡനങ്ങൾ ഏൽക്കേണ്ടിവന്നതായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

പ്രൊഫഷണൽ എഞ്ചിനീയറായ അബു തവിലയുടെ ശരീരത്തിൽ രാസവസ്തുക്കൾ പ്രയോഗിച്ചതാണ് പൊള്ളലിന് കാരണമായത്. ഇസ്രായേലി ആക്രമണങ്ങൾക്കിടെ ഗസ്സയിൽ വെച്ചാണ് അബു തവിലയെ സൈന്യം കസ്റ്റഡിയിൽ എടുത്തത്. ഉയർന്ന മർദ്ദത്തിലുള്ള തണുത്ത വെള്ളം ഉപയോഗിക്കൽ, വൈദ്യുതാഘാതം തുടങ്ങിയ പീഡനമുറകളും തവിലക്ക് മേൽ പ്രയോഗിച്ചിട്ടുണ്ട്. തന്നെ വിട്ടയക്കുന്ന നിമിഷം വരെ ഇസ്രായേൽ സൈന്യം പീഡനം തുടർന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.

മോചിപ്പിക്കുന്നതിന് മുമ്പ് കൈകൾ ബന്ധിച്ച്, നഗ്നനാക്കി ദീർഘദൂരം നടത്തിച്ചു. കരീം അബു സലേം ക്രോസിംഗിൽ എത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായിരുന്നുവെന്ന് ഫലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.പീഡനം മൂലം ശാരീരികവും വൈകാരികവുമായി ഉണ്ടായ കനത്ത ആഘാതത്തിൽ നിന്ന് മോചിതനാകാൻ അദ്ദേഹത്തിന് തീവ്രമായ പരിചരണം ആവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു.

ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിലെ ആരോഗ്യമേഖല പൂർണ്ണമായും തകർന്നതിനാൽ തവില അടക്കമുള്ള തടവുകാരെ വിദഗ്ധ ചികിത്സക്കായി വിദേശത്തേക്ക് മാറ്റണമെന്ന് അന്താരാഷ്ര സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെയും നിരവധി തവണ ഇസ്രായേൽ ജയിലുകളിലെ ഫലസ്തീൻ തടവുകാർ അനുഭവിക്കുന്ന മനുഷ്യത്വ രഹിതമായ പീഡനകഥകൾ സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

Similar Posts