< Back
World
ജീവിതത്തിനായി ഇസ്രായേൽ നടത്തുന്ന പോരാട്ടം, യുദ്ധം തുടരും- ഐസിസി നടപടിക്കെതിരെ ഇസ്രായേലി ഉദ്യോഗസ്ഥർ
World

'ജീവിതത്തിനായി ഇസ്രായേൽ നടത്തുന്ന പോരാട്ടം, യുദ്ധം തുടരും'- ഐസിസി നടപടിക്കെതിരെ ഇസ്രായേലി ഉദ്യോഗസ്ഥർ

Web Desk
|
21 Nov 2024 6:44 PM IST

അന്താരാഷ്ട്ര സമൂഹത്തിൻ്റെ ഇരട്ട നിലവാരവും കാപട്യവുമാണ് കോടതി ഉത്തരവിലൂടെ വെളിപ്പെടുന്നതെന്ന് ഇസ്രയേലിൻ്റെ മുൻ പ്രതിരോധ മന്ത്രി അവിഗ്‌ഡോർ ലീബർമാൻ പ്രതികരിച്ചു

ആംസ്​റ്റർഡാം: നെതന്യാഹുവിനും യോവ്​ ഗാലൻറിനും അന്താരാഷ്​ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ അപലപിച്ച് ഇസ്രായേലി ഉദ്യോഗസ്ഥർ. ഭീകരസംഘടനകൾക്കെതിരെ ജീവിതത്തിനായി നടത്തുന്ന പോരാട്ടമാണ് ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധമെന്ന് ഇസ്രായേലിൻ്റെ പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് എക്‌സിൽ കുറിച്ചു. അന്താരാഷ്ട്ര സമൂഹത്തിൻ്റെ ഇരട്ട നിലവാരവും കാപട്യവുമാണ് കോടതി ഉത്തരവിലൂടെ വെളിപ്പെടുന്നതെന്ന് ഇസ്രയേലിൻ്റെ മുൻ പ്രതിരോധ മന്ത്രി അവിഗ്‌ഡോർ ലീബർമാനും പ്രതികരിച്ചു.

തങ്ങളുടെ പൗരന്മാരെ സംരക്ഷിച്ചതിന് ഇസ്രായേൽ രാഷ്ട്രം മാപ്പ് പറയില്ല, തീവ്രവാദത്തിനെതിരെ വിട്ടുവീഴ്‌ചയില്ലാതെ പോരാടുന്നത് തുടരാൻ ഇസ്രായേൽ പ്രതിജ്ഞാബദ്ധമാണെന്നും ലീബർമാൻ എക്‌സിൽ കുറിച്ചു.

മൂന്ന് അറസ്റ്റ് വാറന്റുകളാണ് അന്താരാഷ്ട്ര കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ഹമാസ് നേതാവ് മുഹമ്മദ് ഡീഫിനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിനുമെതിരെയാണ് ഗസ്സയിലെ യുദ്ധക്കുറ്റങ്ങളും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും ആരോപിച്ച് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

മുൻ ജഡ്‌ജി സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് അന്താരാഷ്ട്ര കോടതിയുടെ നടപടി. മാസങ്ങൾ നീണ്ട കേസ് അന്വേഷണത്തിനിടെ ആരോഗ്യപ്രശ്‌നങ്ങൾ കാരണം മുൻ പ്രിസൈഡിംഗ് ജഡ്‌ജി അടുത്തിടെയാണ് സ്ഥാനമൊഴിഞ്ഞത്. തുടർന്ന് പെട്ടന്നായിരുന്നു നെതന്യാഹുവിനും ഗാലാന്റിനും ഹമാസ് നേതാവിനുമെതിരായ നടപടി.

ഒക്‌ടോബർ 7ന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിൽ പങ്കെടുത്തതിനാൻ മുഹമ്മദ് ഡീഫിനെതിരെ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഓഗസ്റ്റിൽ ഇദ്ദേഹത്തെ കൊലപ്പെടുത്തിയെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്.

അതേസമയം, നെതന്യാഹുവിനെതിരായ കോടതി നടപടിയെ അമേരിക്കയും ശക്തമായി അപലപിച്ചിട്ടുണ്ട്.

Similar Posts