< Back
World
ആശുപത്രികളെ ലക്ഷ്യമിട്ട് ഇസ്രായേൽ: ബോംബാക്രമണത്തിൽ 77 ​ഫലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
World

ആശുപത്രികളെ ലക്ഷ്യമിട്ട് ഇസ്രായേൽ: ബോംബാക്രമണത്തിൽ 77 ​ഫലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Web Desk
|
19 Jan 2024 4:46 PM IST

വെടിയേറ്റയാളെ ആശു​പത്രിയിലേക്ക് മാറ്റാൻ ശ്രമിച്ച ആംബുലൻസ് ജീവനക്കാരെ ഇസ്രായേൽ സൈന്യം തടഞ്ഞുവെച്ചതായി ദൃക്സാക്ഷികൾ

തെക്കൻ ഗസ്സയിലെ ആശുപത്രികളെ ലക്ഷ്യമിട്ട് ഇസ്രായേൽ കഴിഞ്ഞ ദിവസം രാത്രി നടത്തിയ ബോംബാക്രമണത്തിൽ 77 ​ഫലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഫലസ്തീൻ ആരോഗ്യവകുപ്പിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് കൂട്ടക്കൊല റിപ്പോർട്ട് ചെയ്തത്. നിരവധി ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. അൽ അമൽ ആശുപത്രിക്ക് സമീപം നടന്ന വെടിവെപ്പിലും ബോംബാക്രമണത്തിലുമാണ് ചികിത്സക്കെത്തിയവരടക്കം കൊല്ലപ്പെട്ടത്.

വെസ്റ്റ് ബാങ്കിൽ മറ്റൊരു ഫലസ്തീനിയെയും ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്നതായി റിപ്പോർട്ടുണ്ട്. ഇതോടെ തുൽക്കറിൽ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന ഇസ്രായേൽ സൈനിക റെയ്ഡിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായെന്ന് വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്തു.

ഇസ്രായേൽ സൈന്യത്തിന്റെ വെടിവയ്പിൽ മുഹമ്മദ് സാലിത്ത് എന്ന (22) കാരനാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ് വീണ മുഹമ്മദിനെ ആശു​പത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച ആംബുലൻസ് ജീവനക്കാരെ ഇസ്രായേൽ സൈന്യം തടഞ്ഞുവെച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുൽക്കറിൽ കഴിഞ്ഞ 45 മണിക്കൂർ തുടർച്ചയായി നടത്തിയ റെയ്ഡ് അവസാനിപ്പിച്ച് സൈന്യം പിൻവാങ്ങിയതായി റിപ്പോർട്ടുകളുണ്ട്.

റെയ്ഡിന്റെ മറവിൽ സൈന്യം പ്രദേശത്ത് വൻ നാശനഷ്ടമുണ്ടാക്കുകയും നിരവധി ഫലസ്തീനികളെ തടങ്കലിലാക്കുകയും ചെയ്തിട്ടുണ്ട്. ഒക്ടോബർ ഏഴിനാരംഭിച്ച യുദ്ധത്തിൽ 24,620 ഫലസ്തീനികൾ കൊല്ലപ്പെടുകയും 61,830 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Related Tags :
Similar Posts