
IDF shows Israeli troops inside Shifa hospital
അൽ-ശിഫ ആശുപത്രിയിൽ ആക്രമണം തുടരുമെന്ന് ഇസ്രായേൽ; ഹമാസ് കമാൻഡ് സെന്‍റര്‍ പ്രവർത്തിക്കുന്നുവെന്ന ആരോപണം തെളിയിക്കാനായില്ല
|ബന്ദിയുടെ മൃതദേഹവും ടണലും കണ്ടെത്തിയെന്നാണ് അവകാശവാദം
തെല്‍ അവിവ്: ഗസ്സയിലെ അൽ-ശിഫ ആശുപത്രിയിൽ ആക്രമണം തുടരുമെന്ന് ഇസ്രായേൽ സേന. ആശുപത്രിയിൽ ഹമാസ് കമാൻഡ് സെന്‍റര്‍ പ്രവർത്തിക്കുന്നുവെന്ന ആരോപണം ഇസ്രായേലിന് തെളിയിക്കാനായില്ല. ബന്ദിയുടെ മൃതദേഹവും ടണലും കണ്ടെത്തിയെന്നാണ് അവകാശവാദം. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലെ ഒരു ഭാഗം ഒഴിഞ്ഞുപോകാനാവശ്യപ്പെട്ട് ഇസ്രായേൽ സേന ലഘുലേഖ വിതറി.
പരിക്കേറ്റവരടക്കം ഏഴായിരത്തോളം പേരുള്ള അൽ ശിഫയിൽ കെട്ടിട ഭാഗങ്ങൾ തകർത്ത് യുദ്ധ ടാങ്കടക്കം വാർഡുകൾക്കുള്ളിൽ കയറ്റിയാണ് ഇസ്രായേൽ അതിക്രമം. തലങ്ങും വിലങ്ങും വെടിവെപ്പ് തുടരുകയാണെന്നും ഡയറക്ടർ അറിയിച്ചു. നൂറുകണക്കിന് പേരെയാണ് കണ്ണുകെട്ടി നഗ്നരാക്കി അജ്ഞാത കേന്ദ്രത്തിലേക്ക് കടത്തിയത്. ആശുപത്രിയിൽ വെള്ളവും ഓക്സിജനുമടക്കം നിലച്ചു. ആശുപത്രിയിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തിയെന്ന ഇസ്രായേൽ അവകാശവാദം തെറ്റെന്ന് ആവർത്തിച്ച് ഹമാസ് രംഗത്തെത്തി. ദൃശ്യങ്ങളടക്കം തെളിവ് നൽകിയായിരുന്നു ഹമാസ് വിശദീകരണം.
ഗസ്സയിലുടനീളം ഇസ്രായേൽ വ്യോമാക്രണം തുടരുകയാണ്. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസ് ഒഴിയണമെന്നാവശ്യപ്പെട്ട് ഇസ്രായേൽ സേന ലഘുലേഖ വിതറി. വടക്കൻ ഗസ്സയിൽ നിന്ന് പലായനം ചെയ്തെത്തിയവരാണ് ഖാൻ യൂനിസിൽ ഏറെയുള്ളത്. ഗസ്സ സിറ്റിയിൽ മൃതദേഹങ്ങൾ റോഡിൽ നിന്ന് മാറ്റാനെത്തുന്നവരെ പോലും ഇസ്രായേൽ ആക്രമിക്കുന്നു. ഹമാസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 56 ആയി. ഇസ്രായേൽ സിറിയയിലേക്ക് തൊടുത്തുവിട്ട മിസൈലുകൾ തകർത്തിട്ടെന്ന് സൈന്യം അറിയിച്ചു. ലബനാൻ -ഇസ്രായേൽ അതിർത്തിയിലും സംഘർഷം കനക്കുകയാണ്.