< Back
World
Israel’s response to South Africa’s genocide case
World

'സൈനികർ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ ഇസ്രായേലിൽ'; ലോകകോടതിയിൽ ഇസ്രായേൽ

Web Desk
|
12 Jan 2024 10:04 PM IST

തീവ്ര വലതുപക്ഷ മന്ത്രിമാരുടെ പ്രസ്താവനകൾ സർക്കാർ നയമല്ലെന്നും ഇസ്രായേൽ

ഹേഗ്: സൈനികർ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അവർക്കുള്ള ശിക്ഷ ഇസ്രായേലി കോടതികൾ വിധിക്കുമെന്ന് അന്താരാഷ്ട്ര കോടതിയിൽ ഇസ്രായേൽ. തീവ്ര വലതുപക്ഷ മന്ത്രിമാരുടെ പ്രസ്താവന സർക്കാർ നയമല്ലെന്നും ഇസ്രായേൽ കോടതിയിൽ വിശദീകരിച്ചു.

തങ്ങൾക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് തന്നെയാണ് ഇസ്രായേൽ ഇന്നും കോടതിയിൽ ആവർത്തിച്ചത്. ഇസ്രായേലി വിദേശകാര്യ മന്ത്രാലയത്തിലെ നിയമവിദഗ്ധൻ ടാൽ ബെക്കറായിരുന്നു ഇസ്രായേലിന് വേണ്ടി ആദ്യം ഹാജരായ അഭിഭാഷകൻ.

തങ്ങൾക്കെതിരെ വാദമുന്നയിച്ച ദക്ഷിണാഫ്രിക്ക, ഒക്ടോബർ ഏഴിലെ ആക്രമണം കണ്ടില്ലെന്ന് നടിക്കുന്നുവെന്നും അവർ ഹമാസുമായി അടുത്ത ബന്ധം പുലർത്തുന്നുവെന്നും ബെക്കർ ആരോപിച്ചു. തങ്ങളുടെ സാധാരണക്കാരെ സംരക്ഷിക്കാൻ ഹമാസിനായില്ലെന്നും ഫലസ്തീനികൾക്കെതിരെയല്ല, ഹമാസിനെതിരെയാണ് ഇസ്രായേലിന്റെ യുദ്ധമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര നിയമത്തിൽ പ്രൊഫസറായ ബ്രിട്ടീഷ് നിയമവിദഗ്ധൻ മാൽകം ഷാ ആണ് പിന്നീട് ഇസ്രായേലിന് വേണ്ടി ഹാജരായത്. ഇസ്രായേലിനോട് വിരോധമുള്ളത് പോലെയാണ് ദക്ഷിണാഫ്രിക്ക വിഷയത്തിൽ ഇടപെടുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യ അല്ലെന്നും അദ്ദേഹം വാദിച്ചു. ആക്രമണങ്ങളെ കുറിച്ച് ഫലസ്തീനികൾക്ക് ഇസ്രായേൽ മുന്നറിയിപ്പ് നൽകാറുണ്ടെന്നായിരുന്നു ഇതിന് അദ്ദേഹം നൽകിയ വിശദീകരണം.

ഗസ്സയിലെ മരണങ്ങൾക്ക് ഉത്തരവാദികൾ ഹമാസ് ആണെന്നും ഇസ്രായേൽ ആശുപത്രികൾക്ക് നേരെ ബോംബ് ഇട്ടിട്ടില്ലെന്നുമായിരുന്നു നിയമവിദഗ്ധ ഗലിത് റാഗ്വാന്റെ വാദം. ഗസ്സയിലേക്ക് അവശ്യവസ്തുക്കളെത്തിക്കാൻ മുൻകൈയ്യെടുത്തതും നടപടികൾ സുഗമമാക്കിയതും ഇസ്രായേൽ ആണെന്ന് ക്രിസ്റ്റഫർ സ്റ്റേക്കറും വാദിച്ചു.

അഞ്ചാമതായെത്തിയ, ഇസ്രായേലിന്റെ ഡെപ്യൂട്ടി അറ്റോർണി ജനറൽ ഗിലാദ് നോഅം, ഹമാസ് തീവ്രവാദസംഘടനയാണെന്നും വലിയ രീതിയിലുള്ള തീവ്രവാദപ്രവർത്തനമാണ് അവർ നടത്തിയതെന്നും ആഞ്ഞടിച്ചു. ഗിലാദിന്റെ വാദത്തോടെ ലോകകോടതിയിൽ ഇസ്രായേൽ വാദം പൂർത്തിയാക്കി.

ഗസ്സയിൽ നടക്കുന്ന ആക്രമണങ്ങൾ സർക്കാരിന്റെ നയമല്ല എന്ന ഇസ്രായേലിന്റെ വാദം ലോകകോടതി എത്രത്തോളം മുഖവിലയ്ക്ക് എടുക്കുമെന്ന് വ്യക്തമല്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ വിഷയത്തിൽ ലോകകോടതി തീർപ്പു കൽപ്പിക്കുമെന്നാണ് പ്രതീക്ഷ.

Similar Posts