< Back
World
ഇസ്രായേലിനെ ഫിഫ, യുവേഫ മത്സരങ്ങളിൽ നിന്ന് വിലക്കണമെന്ന് ഇറ്റാലിയൻ പരിശീലകരുടെ അസോസിയേഷൻ
World

ഇസ്രായേലിനെ ഫിഫ, യുവേഫ മത്സരങ്ങളിൽ നിന്ന് വിലക്കണമെന്ന് ഇറ്റാലിയൻ പരിശീലകരുടെ അസോസിയേഷൻ

Web Desk
|
20 Aug 2025 5:42 PM IST

ഇസ്രായേലിനെതിരെ ഇറ്റലിയുടെ പ്രധാന ലോകകപ്പ് യോഗ്യതാ മത്സരം സെപ്റ്റംബറിൽ നടക്കാനിരിക്കെയാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്

റോം: ഗസ്സയിൽ തുടരുന്ന വംശഹത്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിനെ എല്ലാ അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളിൽ നിന്നും സസ്പെൻഡ് ചെയ്യണമെന്ന് ഇറ്റാലിയൻ പരിശീലകരുടെ അസോസിയേഷൻ (എ.ഐ.എ.സി) ഫിഫയോടും യുവേഫയോടും ആവശ്യപ്പെട്ടു. ഇസ്രായേലിനെതിരെ ഇറ്റലിയുടെ പ്രധാന ലോകകപ്പ് യോഗ്യതാ മത്സരം സെപ്റ്റംബറിൽ നടക്കാനിരിക്കെയാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ലോകകപ്പ് പോലുള്ള പ്രധാനപ്പെട്ട ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിച്ചുകൊണ്ട് ഫിഫ ആഗോള ഫുട്ബോളിനെ നിയന്ത്രിക്കുമ്പോൾ ചാമ്പ്യൻസ് ലീഗ്, യൂറോ തുടങ്ങിയ മത്സരങ്ങൾ കൈകാര്യം ചെയ്യുന്ന യൂറോപ്യൻ ഫുട്ബോളിന്റെ മേൽനോട്ടം യുവേഫയാണ് വഹിക്കുന്നത്. ഗസ്സയിലെ ഫലസ്തീനികൾക്കെതിരെ ഇസ്രായേലിന്റെ വംശഹത്യക്കെതിരെയുള്ള യുദ്ധത്തിൽ മൗനം പാലിച്ചതിനും അന്താരാഷ്ട്ര ഫുട്‌ബോൾ മത്സരങ്ങളിൽ നിന്ന് ഇസ്രായേലിനെ വിലക്കാൻ വിസമ്മതിച്ചതിനും ഇരു ഫുട്‌ബോൾ സംഘടനകളും കടുത്ത വിമർശനങ്ങൾ നേരിട്ടു.

ഫലസ്തീൻ ഫുട്ബോൾ അസോസിയേഷന്റെ കണക്കനുസരിച്ച് 2023 ഒക്ടോബർ 7 മുതൽ ഗസ്സയിൽ 810-ലധികം അത്‌ലറ്റുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും യുവ ഫുട്ബോൾ കളിക്കാരാണ്. ഗസ്സയിൽ തുടർച്ചയായി നടക്കുന്ന വംശഹത്യ യുദ്ധ കുറ്റകൃത്യങ്ങളുടെയും അത്‌ലറ്റുകളെ മനഃപൂർവ്വം ലക്ഷ്യം വെക്കുന്നതിന്റെയും പശ്ചാത്തലത്തിൽ അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ നിന്ന് ഇസ്രായേലിനെ വിലക്കണമെന്ന ആവശ്യം നേരത്തെ തന്നെ ശക്തമാണ്.

2022 ഫെബ്രുവരിയിൽ യുക്രൈൻ അധിനിവേശത്തെത്തുടർന്ന് റഷ്യക്കെതിരെ കർശനമായ നടപടിയെടുത്ത ഫിഫയും യുവേഫയും സമാന നിലപാട് ഇസ്രയേലിന്റെ കാര്യത്തിലും സ്വീകരിക്കണമെന്ന് എഐഎസി പറഞ്ഞു. യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് റഷ്യൻ ദേശീയ, ക്ലബ് ടീമുകളെ ഒഴിവാക്കിയിരുന്നു.


Similar Posts