World
Its still dangerous out there: Musks response to Hamas invitation
World

'അവിടെ ഇപ്പോഴും അപകടാവസ്ഥയാണ്': ഹമാസിന്റെ ക്ഷണത്തിന് മസ്‌കിന്റെ മറുപടി

Web Desk
|
30 Nov 2023 9:08 PM IST

കഴിഞ്ഞ ദിവസം ഇസ്രായേൽ സന്ദർശിച്ച മസ്‌ക് ഇസ്രായേലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ ഫലസ്തീൻ പ്രദേശങ്ങളിലെ തീവ്രവാദം ഇല്ലാതാക്കണമെന്നും മസ്‌ക് ആവശ്യപ്പെട്ടിരുന്നു

സാൻഫ്രാൻസിസ്‌കോ: ഇസ്രായേൽ തകർത്ത ഗസ്സ കാണാനുള്ള ഹമാസിന്റെ ക്ഷണത്തിന് മറുപടിയുമായി ടെസ്‌ല സി.ഇ.ഒയും എക്‌സ് ഉടമയുമായ ഇലോൺ മസ്‌ക്. അവിടെ ഇപ്പോഴും സ്ഥിതിഗതികൾ അപകടകരമാണെന്നാണ് മനസ്സിലാക്കുന്നത് എന്നായിരുന്നു മസ്‌കിന്റെ മറുപടി. എന്നെന്നും അഭിവൃദ്ധിയുള്ള ഗസ്സയാണ് എല്ലാവർക്കും ഗുണകരമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും മസ്‌ക് വ്യക്തമാക്കി.

ഹമാസിന്റെ ക്ഷണം സംബന്ധിച്ച് വാൾട്ടർ ബ്ലൂംബർഗ് എക്‌സിൽ എഴുതിയ കുറിപ്പിന് കമന്റായാണ് മസ്‌കിന്റെ മറുപടി. കഴിഞ്ഞ ദിവസം ഇസ്രായേൽ സന്ദർശിച്ച മസ്‌ക് ഇസ്രായേലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ ഫലസ്തീൻ പ്രദേശങ്ങളിലെ തീവ്രവാദം ഇല്ലാതാക്കണമെന്നും മസ്‌ക് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഇസ്രായേൽ ഇസ്രായേൽ തകർത്ത ഗസ്സയേയും അവിടുത്തെ മനുഷ്യരേയും കാണാൻ മസ്‌കിനെ ഹമാസ് പ്രതിനിധി ക്ഷണിച്ചത്.

'ഞങ്ങൾ മസ്‌കിനെ ഗസ്സയിലേക്ക് ക്ഷണിക്കുകയാണ്. ഇസ്രായേലിന്റെ ആക്രമണത്തിൽ തകർന്ന ഗസ്സയേയും അവിടുത്തെ ജനങ്ങളേയും താങ്കൾ കാണണം'. ഹമാസ് പ്രതിനിധി ഒസാമ ഹംദാൻ ബെയ്റൂത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം ഇസ്രായേലിലെത്തിയ മസ്‌ക് പ്രധാനമന്ത്രി ബിന്യമിൻ തന്യാഹു, പ്രസിഡന്റ് ഐസക് ഹെർസോഗ് എന്നിവരെയടക്കം കണ്ട ശേഷം ഗസ്സയുടെ പുനർനിർമാണത്തിൽ പങ്കാളിയാകാൻ താൽപര്യമുണ്ടെന്നും എന്നാൽ, ഇത് തീവ്രവാദമുക്തമാക്കിയ ശേഷമാകണമെന്നും അഭിപ്രായപ്പെട്ടിരുന്നു.

ഗസ്സ യുദ്ധത്തിൽ ജൂതവിരുദ്ധ നിലപാടെടുത്തവെന്നാരോപിച്ച് ഇസ്രായേൽ ഭാഗത്തു നിന്ന് മസ്‌കിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. ഇസ്രായേൽ വിരുദ്ധത ആരോപിച്ച് ആപ്പിൾ അടക്കമുള്ള വൻകിട ടെക് ഭീമൻമാർ എക്സിനുള്ള പരസ്യം പിൻവലിക്കുകയും ചെയ്തിരുന്നു. എക്സിൽ മറ്റൊരാൾ പോസ്റ്റ് ചെയ്ത ജൂതവിരുദ്ധ പോസ്റ്റിന് പിന്തുണ നൽകിയെന്നതും വലിയ വിവാദമായിരുന്നു.

Similar Posts