< Back
World
ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്
World

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

റിഷാദ് അലി
|
21 Jan 2026 4:32 PM IST

വിധി പ്രസ്താവിക്കുന്നത് കേൾക്കാൻ നൂറുകണക്കിന് ആളുകളാണ് കോടതിക്ക് പുറത്ത് തടിച്ചുകൂടിയത്.

ടോക്യോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി ടെറ്റ്സുയ യമഗാമിക്ക് (45) കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

ബുധനാഴ്ച ജപ്പാനിലെ നര ജില്ലാ കോടതിയാണ് നിർണ്ണായകമായ ഈ വിധി പ്രസ്താവിച്ചത്. ജപ്പാനിലെ ആധുനിക രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നടുക്കുന്ന സംഭവങ്ങളിലൊന്നായിരുന്നു ഈ വധക്കേസ്. വിധി പ്രസ്താവിക്കുന്നത് കേൾക്കാൻ നൂറുകണക്കിന് ആളുകളാണ് കോടതിക്ക് പുറത്ത് തടിച്ചുകൂടിയത്.

'യുദ്ധാനന്തര ചരിത്രത്തിലെ അഭൂതപൂർവവും അതീവഗുരുതരവുമായ സംഭവം' എന്നാണ് പ്രോസിക്യൂട്ടർമാർ കൊലപാതകത്തെ വിശേഷിപ്പിച്ചത്. അതുകൊണ്ടുതന്നെ കൊലപാതകിക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.

2022ൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ്‌ അദ്ദേഹത്തിന് വെടിയേറ്റത്. ഷിൻസോ ആബെയുടെ പിന്നിൽനിന്ന് പ്രതി വെടിയുതിർക്കുകയായിരുന്നു. വീട്ടിൽ തന്നെ നിർമ്മിച്ച തോക്ക് ഉപയോഗിച്ചാണ് യമഗാമി വെടിയുതിർത്തത്. കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച വിചാരണയിൽ താൻ ആബെയെ കൊലപ്പെടുത്തിയതായി യമഗാമി സമ്മതിച്ചിരുന്നു.

പ്രതിയുടെ പശ്ചാത്തലം പരിഗണിച്ച് ശിക്ഷ 20 വർഷമായി കുറയ്ക്കണമെന്ന് പ്രതിഭാഗം അഭിഭാഷകർ വാദിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു.

Similar Posts