< Back
World
‘സ്മാർട് ഫോൺ ഉപയോഗം ദിവസവും രണ്ട് മണിക്കൂറിലൊതുക്കണം’; മൊബൈലിന് പൂട്ടിടാനൊരുങ്ങി ജപ്പാൻ നഗരം
World

‘സ്മാർട് ഫോൺ ഉപയോഗം ദിവസവും രണ്ട് മണിക്കൂറിലൊതുക്കണം’; മൊബൈലിന് പൂട്ടിടാനൊരുങ്ങി ജപ്പാൻ നഗരം

Web Desk
|
31 Aug 2025 12:17 PM IST

‘ഫോണുകളിലും ടാബ്‌ലെറ്റുകളിലും സ്ക്രോൾ ചെയ്യുന്നത് തുടരാൻ വേണ്ടി മുതിർന്നവർ ഉറക്കമോ കുടുംബത്തോടൊപ്പം ചിലവഴിക്കേണ്ട സമയമോ മാറ്റിവെക്കുന്നു’

ടൊയോഅകേ: സ്മാർട് ​ഫോൺ ഉപയോഗം ദിവസം രണ്ട് മണിക്കൂറിലൊതുക്കാൻ ആലോചിക്കുകയാണ് ജപ്പാനിലെ ഒരു നഗരം. 69,000 ജനസംഖ്യയുള്ള ടൊയോഅകേയാണ് ജനങ്ങളുടെ സ്മാർട്ട് ​ഫോൺ അഡിക്ഷൻ നിയന്ത്രിക്കാൻ ഇടപെടുന്നത്. ജപ്പാനിൽ ഇതാദ്യമായാണ് ഒരു നഗരം ഇത്ത​രമൊരു നിയമം കൊണ്ടുവരാൻ ആലോചിക്കുന്നത്.

മുനിസിപ്പൽ ഭരണകൂടം പുതിയ നിർദേശം നിയമനിർമാതാക്കൾക്ക് മുന്നിൽ തിങ്കളാഴ്ച സമർപ്പിച്ചു. നിയമനിർമാതാക്കളുടെ അനുമതി ലഭിച്ചാൽ ഒക്ടോബറിൽ നിയമം നടപ്പാക്കും. എന്നാലിതൊരു കർശനനിയമമാകില്ല. നിയമം ലംഘിച്ചതിന് പിഴകളും ഉണ്ടാകില്ല. ജനങ്ങൾ അവരുടെ സ്ക്രീൻ സമയം നന്നായി കൈകാര്യം ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും ടൊയോഅകേയാ മേയർ മസാഫുമി കോക്കി പറഞ്ഞു.

ജോലിക്കും പഠനത്തിനും സ്മാർട്ഫോൺ ഉപയോഗിക്കുന്നതിന് പുറമെയുള്ള മൊബൈൽ ഫോണുപയോഗമാണ് നിയന്ത്രിക്കുന്നത്. രണ്ട് മണിക്കൂർ പരിധിയെന്നത് പൗരന്മാരുടെ സ്ക്രീൻ ടൈം കുറക്കാനുള്ള ഒരു മാർഗ്ഗനിർദ്ദേശം മാത്രമാണ്. ജനങ്ങളുടെ അവകാശങ്ങൾ ഭരണകൂടം പരിമിതപ്പെടുത്തുന്നുവെന്ന് ഇതിന് അർത്ഥമില്ലെന്നും മേയർ കൂട്ടിച്ചേർത്തു.

സ്മാർട്ട്‌ഫോണുകൾ ദൈനംദിന ജീവിതത്തിൽ ഉപയോഗപ്രദവും ഒഴിച്ചുകൂടാനാവാത്തതുമാണ്. നിലവിൽ കുട്ടികളുടെ സ്കൂൾ പഠനം മുടങ്ങുന്ന സാഹചര്യമുണ്ട്. ഫോണുകളിലും ടാബ്‌ലെറ്റുകളിലും സ്ക്രോൾ ചെയ്യുന്നത് തുടരാൻ വേണ്ടി മുതിർന്നവർ ഉറക്കമോ കുടുംബത്തോടൊപ്പം ചിലവഴിക്കേണ്ട സമയമോ മാറ്റിവെക്കുന്നുവെന്നും കണ്ടെത്തിയിരുന്നു. മൊബൈൽ അഡിക്ഷനിൽ നിന്ന് മുക്തരാകാൻ 120-ലധികം കുടുംബങ്ങൾ ക്ലിനിക്കൽ സപ്പോർട്ട് തേടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾ രാത്രി ഒമ്പതോടെ മൊബൈൽ ഉപയോഗിക്കുന്നത് നിർത്തണമെന്നും മുതിർന്ന വിദ്യാർത്ഥികൾ മുതിർന്നവരും രാത്രി പത്തോടെ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് നിർത്തണമെന്നും നിർദ്ദേശത്തിലുണ്ട്. എന്നാൽ ഭരണകൂടത്തിന്റെ പുതിയ നിർദേശത്തിൽ എൺപത് ശതമാനത്തോളം പേരും തൃപ്തരല്ല.

Similar Posts