
ഗസ്സ വെടിനിർത്തലിൽ പ്രതീക്ഷ; ഹമാസിന്റെ നിരായുധീകരണത്തിൽ സമയപരിധി നിശ്ചയിക്കില്ല: ജെ.ഡി വാൻസ്
|അമേരിക്കയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വാൻസ്
വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച ഗസ്സ വെടിനിർത്തൽ കരാറിലെ ഏറ്റവും പ്രധാനപ്പെട്ട നിർദേശമായിരുന്നു ഹമാസ് നിരായുധീകരണം. എന്നാൽ ഹമാസ് നിരായുധീകരണത്തിന് സമയപരിധി നിശ്ചയിക്കാൻ വിസമ്മതിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. സ്ഥിതിഗതികൾ പ്രവചനാതീതമായി തുടരുന്നു എന്നായിരുന്നു വാൻസിന്റെ വിശദീകരണം.
ഹമാസ് നിരായുധീകരണത്തെ കുറിച്ച് ചോദിച്ചപ്പോൾ വ്യക്തമായ സമയപരിധി നിശ്ചയിക്കാൻ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പ്രസിഡന്റ് ഇതുവരെ തയ്യാറായിട്ടില്ല, അദേഹം ചെയ്യാൻ വിസമ്മതിച്ച കാര്യങ്ങൾ താനും ചെയ്യാൻ പോകുന്നില്ലെന്ന് വാൻസ് വ്യക്തമാക്കി. അങ്ങനെ നിശ്ചയിക്കുന്നത് ബുദ്ധിമുട്ടാണെന്നും അതിൽ പലതും പ്രവചനാതീതമാണെന്നും വാൻസ് പറഞ്ഞു.
ഗസ്സയിൽ വെടിനിർത്തൽ 'പ്രതീക്ഷിച്ചതിലും മികച്ചതായി' നടക്കുന്നുണ്ടെന്ന് പറഞ്ഞ വാൻസ് യുഎസ് സൈന്യത്തെ അങ്ങോട്ട് അയക്കില്ലെന്നും ചൂണ്ടിക്കാട്ടി. ഈ കാര്യം പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുഎസ് ഉദ്യോഗസ്ഥരും പലതവണ ആവർത്തിച്ചതാണെന്നും വാൻസ് സൂചിപ്പിച്ചു.
അതേസമയം, വെടിനിർത്തലിന് ശേഷവും ഇസ്രായേൽ ഗസ്സയിൽ ആക്രമണം തുടരുകയും ഫലസ്തീനികളുടെ ജീവിതം ദുസ്സഹമാക്കുകയുമാണ്. നബ്ലസിന് തെക്ക് ഭാഗത്തുള്ള ഖിർബെറ്റ് യാനുനിൽ ഒലിവ് വിളവെടുക്കാൻ ഫലസ്തീൻ കർഷകരെ അവരുടെ ഭൂമിയിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് ഇസ്രായേൽ സൈന്യം തടഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.