< Back
World
ഇസ്രായേലിനെതിരെ ഉയര്‍ത്തുന്ന കൈ പിന്നെയുണ്ടാവില്ല; ഹൂതികൾക്ക് നേരെ ഭീഷണിയുമായി ഇസ്രായേൽ കാറ്റ്സ്
World

'ഇസ്രായേലിനെതിരെ ഉയര്‍ത്തുന്ന കൈ പിന്നെയുണ്ടാവില്ല'; ഹൂതികൾക്ക് നേരെ ഭീഷണിയുമായി ഇസ്രായേൽ കാറ്റ്സ്

Web Desk
|
18 Aug 2025 10:15 AM IST

അതിനിടെ ഗസ്സയിൽ ജറൂസലം ​ക്രൈസ്തവ രൂപത നടത്തുന്ന അൽ അഹ്‍ലി ബാപ്റ്റിസ്റ്റ് ആശുപത്രിക്ക് നേരെ വീണ്ടും ഇസ്രായേൽ ​ബോംബാക്രമണം നടന്നു

ജറുസലെം: ഇസ്രായേലിനെതിരെ കൈ ഉയര്‍ത്തിയാൽ ആ കൈ വെട്ടിമാറ്റുമെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്. ഇസ്രായേലിന് നേരെയുള്ള മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് യെമനിലെ ഹൂതികൾക്കെതിരെ ഭീഷണി മുഴക്കിയത്.

"ഇസ്രായേലിനെതിരെ വെടിയുതിർക്കാനുള്ള ഓരോ ശ്രമത്തിനും ഹൂതികൾ വലിയ വില നൽകേണ്ടിവരും. ഞങ്ങൾ വ്യോമ, നാവിക ഉപരോധം ഏർപ്പെടുത്തുകയാണ്, അത് അവർക്ക് വളരെയധികം ദോഷം ചെയ്യും, ഇന്ന് രാവിലെ ഞങ്ങൾ അടിസ്ഥാന സൗകര്യങ്ങളിലും ഊർജ കേന്ദ്രങ്ങളിലും ആക്രമണം നടത്തി. ഇത് ഒരു തുടക്കം മാത്രമാണ്," പ്രതിരോധമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അതിനിടെ ഗസ്സയിൽ ജറൂസലം ​ക്രൈസ്തവ രൂപത നടത്തുന്ന അൽ അഹ്‍ലി ബാപ്റ്റിസ്റ്റ് ആശുപത്രിക്ക് നേരെ വീണ്ടും ഇസ്രായേൽ ​ബോംബാക്രമണം നടന്നു. ചികിത്സ തേടിയെത്തിയവർ അടക്കം ഏഴുപേർ കൊല്ലപ്പെട്ടു. ഭക്ഷണം തേടിയെത്തിയ 24 പേരെ കൂടി ഇസ്രായേൽ സേന വെടിവെച്ചുകൊന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗസ്സ സിറ്റിയിൽനിന്ന് ജനങ്ങളെ തുരത്തുന്നതിന്‍റെ ഭാഗമായി ഇസ്രായേൽ സേന അക്രമം വ്യാപിപ്പിച്ചു. തെക്കൻ ഗസ്സയിലേക്ക് ഫലസ്തീനികളെ പുറന്തള്ളാനാണ്​ നീക്കം.

ഉപരോധത്തിനിടയിലും ഇന്നലെ തമ്പുപകരണങ്ങൾ കടത്തിവിട്ടത്​ തെക്കൻ ഗസ്സയെ കോൺസെൻട്രേഷൻ ക്യാമ്പാക്കി മാറ്റുന്നതിന്റെ ഭാഗമായാണെന്ന ആശങ്കയുണ്ട്. യെമനിലെ ഹൂതികൾ അയച്ച രണ്ട്​ മിസൈലുകൾ പ്രതിരോധിച്ചതായി ഇസ്രായേൽ അവകാശ​പ്പെട്ടു. ബെൻഗുരിയോൺ വിമാനത്താവളത്തിന്‍റെ പ്രവർത്തനം മണിക്കൂറുകൾ നിർത്തി വെക്കുകയും ചെയ്​തു.

Similar Posts