< Back
World
ഖാംനഈ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍
World

ഖാംനഈ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍

Web Desk
|
1 March 2026 7:14 AM IST

ഖാംനഈയുടെ മകളും ഭര്‍ത്താവും കൊച്ചുമകനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്

തെഹ്റാന്‍: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാന്‍. ഇറാനിയൻ പരമോന്നത നേതാവ് അലി ഖാംനഈ രക്തസാക്ഷിത്വം വഹിച്ചെന്ന് ഇറാനിയന്‍ സ്റ്റേറ്റ് ടിവി അറിയിച്ചു. പരമോന്നത നേതാവിന്‍റെ മരണത്തില്‍ ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു. ഏഴു ദിവസം ഓഫീസുകൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.1989 മുതല്‍ ഇറാന്‍റെ പരമോന്നത നേതാവാണ് ആയത്തുല്ല അലി ഖാംനഈ.

ഇന്നലെ പുലർച്ചെ ഓഫീസിൽ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിനിടെയാണ് ആയതുല്ല അലിം ഖാംനഈയെ ഇസ്രായേലും അമേരിക്കയും ചേർന്ന് വധിച്ചത്. തുടർച്ചയായി 30 ബോംബുകൾ ഖാംനഈയുടെ കെട്ടിടത്തിൽ വർഷിച്ചെന്ന് ഇസ്രായേലി മാധ്യമങ്ങൾ പറയുന്നു. ഇന്നലെ രാത്രി തന്നെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും ഖാംനഈ കൊല്ലപ്പെട്ടെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെയാണ് ഇറാൻ സർക്കാർ ഔദ്യോഗികമായി മരണം സ്ഥിരീകരിച്ചത്.

ഖാംനഈയുടെ മകളും മരുമകനും കൊച്ചുമകനും സുരക്ഷാ ഉപദേഷ്ടാവ് അലി ശംഖാനി, ഐ.ആർ.ജി.സി കമാൻഡർ-ഇൻ-ചീഫ് മുഹമ്മദ് പാക്പൂർ എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇറാന്റെ ആർമി ചീഫ് ഓഫ് സ്റ്റാഫ് അബ്ദുറഹീം മൂസവിയും, പ്രതിരോധ മന്ത്രി അസീസ് നസീർസാദെയും കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. ഖാംനഇയെ വധിച്ചതിൽ പ്രതിഷേധിച്ച് ഇറാനിലെങ്ങും വൻ പ്രതിഷേധ റാലി നടന്നു. ഇറാനു പുറത്ത് വിവിധ രാജ്യങ്ങളിലും പ്രതിഷേധം തുടരുകയാണ്.

ഇറാനിൽ ശനിയാഴ്ച നടന്ന ആക്രമണങ്ങളിൽ 201 പേർ കൊല്ലപ്പെട്ടതായി റെഡ് ക്രസന്റ് ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനിലെ രണ്ട് സ്കൂളുകൾ ഇസ്രായേൽ ആക്രമിച്ചു. തെക്കൻ നഗരമായ മിനാബിലെ ഷാജരെ തയ്യെബെ ഗേൾസ് എലിമെന്ററി സ്കൂളിൽ നടന്ന ആക്രമണത്തില്‍ 108 പേരും തെഹ്റാനിലെ ഒരു സ്കൂളിൽ രണ്ട് പേരും കൊല്ലപ്പെട്ടു.

ഇസ്രായേലിൽ വലിയനാശമാണ് ഇറാൻ മിസൈലുകൾ പതിച്ചുണ്ടായത്. തെല്‍ അവീവിലിടക്കം നിരവധി കെട്ടിടങ്ങൾ തകർന്നു. യുഎഇയിലും ഖത്തറിലും ബഹ്റൈനിലും ഇന്നും ഇറാൻ ശക്തമായ ആക്രമണം നടത്തി.


Similar Posts