
'ഇമാം അലിയെ പോലെ റമദാൻ മാസത്തിലാണ് ഖാംനഈ രക്തസാക്ഷിയായത്, ഇതൊന്നും ഞങ്ങളെ തളര്‍ത്തില്ല': ഇറാൻ സുപ്രിം നാഷണൽ കൗൺസിൽ
|''ഖാംനഈയുടെ രക്തസാക്ഷിത്വം നമ്മുടെ രാഷ്ട്രത്തിനും ഇസ്‌ലാമിക സമൂഹങ്ങൾക്കും വലിയ നഷ്ടങ്ങൾ ഉണ്ടാക്കിയേക്കാമെങ്കിലും, അത് അവരെ കൂടുതൽ കരുത്തരും ദൃഢനിശ്ചയമുള്ളവരുമാക്കി മാറ്റും''
തെഹ്റാന്‍: വിശുദ്ധ റമദാൻ മാസത്തിൽ രക്തസാക്ഷിത്വത്തിന്റെ മധുരം നുകർന്ന് അലി ഖാംനഈ സ്വർഗത്തിലേക്ക് യാത്രയായിരിക്കുന്നുവെന്ന് ഇറാൻ സുപ്രിം നാഷണൽ കൗൺസിൽ. ഖാംനഈയുടെ മരണം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പിലാണ് ഇങ്ങനെ പറയുന്നത്.
'ഇസ്‌ലാമിക സമുദായത്തിന്റെ നേതാവും വഴികാട്ടിയുമായ ആയത്തുല്ല അലി ഖാംനഈ വിശുദ്ധ റമദാൻ മാസത്തിൽ രക്തസാക്ഷിത്വത്തിന്റെ മധുരം നുകർന്ന് അദ്ദേഹത്തിന്റെ ചിരകാലാഭിലാഷമായ സ്വർഗത്തിലേക്ക് യാത്രയായിരിക്കുന്നു. ഇമാം അലിയെപ്പോലെ ഒരു റമദാൻ മാസത്തിലാണ് അലി ഖാംനഈ രക്തസാക്ഷിത്വം വഹിച്ചത്.
ഇറാൻ ജനതയും ഇസ്‌ലാമിക സമൂഹവും ലോകമെമ്പാടുമുള്ള സ്വാതന്ത്ര്യദാഹികളും ക്രിമിനൽ അമേരിക്കയുടെയും ദുഷ്ടരായ സയണിസ്റ്റുകളുടെയും ക്രൂരമായ ആക്രമണങ്ങളിൽ ഇന്ന് ദുഃഖിതരാണ്. എന്നാൽ രക്തദാഹികളായ ശത്രുക്കള്‍ ഒന്നറിയുക, ലോകത്തിലെ കരുത്തുള്ള ഹൃദയങ്ങൾ തങ്ങളുടെ പാത കണ്ടെത്തിക്കഴിഞ്ഞു. ഈ രക്തസാക്ഷിത്വം നമ്മുടെ രാഷ്ട്രത്തിനും ഇസ്‌ലാമിക സമൂഹങ്ങൾക്കും വലിയ നഷ്ടങ്ങൾ ഉണ്ടാക്കിയേക്കാമെങ്കിലും, അത് അവരെ കൂടുതൽ കരുത്തരും ദൃഢനിശ്ചയമുള്ളവരുമാക്കി മാറ്റും.
ആ മഹദ് വ്യക്തിത്വത്തിന്റെ രക്തസാക്ഷിത്വം ലോകത്തിലെ മർദകർക്കെതിരെയുള്ള പോരാട്ടത്തിൽ വലിയൊരു ഉണർവിന് തുടക്കം കുറിക്കും'- ഇറാൻ സുപ്രിം നാഷണൽ കൗൺസിൽ വ്യക്തമാക്കി.
അതേസമയം അലി ഖാംനഈയുടെ കൊലക്ക് പ്രതികാരം ചെയ്യുമെന്നും കൊലയാളികളെ വെറുതെ വിടില്ലെന്നും ഇറാൻ റവല്യൂഷണറി ഗാർഡ്( ഐആര്‍ജിസി) വ്യക്തമാക്കി. ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ദിവസം ഓഫീസുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചു. ഖാംനഈ കൊല്ലപ്പെട്ടതായി ഇന്ന് രാവിലെയാണ് ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. 1989 മുതല്‍ ഇറാന്‍റെ പരമോന്നത നേതാവാണ് ആയത്തുല്ല അലി ഖാംനഈ.
ഖാംനഈ കൊല്ലപ്പെട്ടന്ന് ഇസ്രായേലും അമേരിക്കയും നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇറാന്‍ സ്ഥിരീകരണം നല്‍കിയിരുന്നില്ല. ഖാംനഈ കൊല്ലപ്പെട്ടുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സാമൂഹ്യ മാധ്യമത്തിലൂടെ സ്ഥിരീകരിച്ചിരുന്നു. ഖാംനഈയുടെ മകളും ഭര്‍ത്താവും കൊച്ചുമകനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.