World
വിനോദംപോലെയാണ് ഇസ്രായേൽ സൈന്യം ആളുകളെ കൊല്ലുന്നത്‌: ഗസ്സയില്‍ മരണസംഖ്യ ഉയരുന്നു
World

''വിനോദംപോലെയാണ് ഇസ്രായേൽ സൈന്യം ആളുകളെ കൊല്ലുന്നത്‌'': ഗസ്സയില്‍ മരണസംഖ്യ ഉയരുന്നു

Web Desk
|
24 May 2025 11:01 AM IST

ജബാലിയ അഭയാർത്ഥി ക്യാമ്പിലെ ഒരു കുടുംബവീട്ടിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത് 50 പേര്‍

ഗസ്സസിറ്റി: വിനോദം പോലെയാണ് ഇസ്രായേല്‍ സൈന്യം ആളുകളെ കൊലപ്പെടുത്തുന്നതെന്ന് ബോംബാക്രമണത്തിന്റെ ദൃക്സാക്ഷികളിലൊരാള്‍.

ഗസ്സയിലെ ജബാലിയ അഭയാർത്ഥി ക്യാമ്പിലെ ഒരു കുടുംബ വീട്ടിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ 50 ഓളം പേർ മരിച്ചതിന് സാക്ഷിയായ ഒരാളാണ് അല്‍ജസീറയോട് ഇക്കാര്യം പറയുന്നത്. വെള്ളിയാഴ്ച പുലർച്ചെ മുതൽ ഗസ്സയിലുടനീളം ഇസ്രായേലി ആക്രമണങ്ങളിൽ കുറഞ്ഞത് 76 പേർ കൊല്ലപ്പെട്ടതയാണ് റിപ്പോര്‍ട്ട്. തുടർച്ചയായ ആക്രമണങ്ങളില്‍ മരണസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം ഇസ്രായേല്‍ വംശഹത്യയുടെ പുതിയ കണക്കുകള്‍ ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ഏജൻസി യുഎന്‍ആര്‍ഡബ്യു(UNRW) പുറത്തുവിട്ടു. 2023 ഒക്ടോബർ ഏഴ് മുതൽ ഇസ്രായേലി ആക്രമണങ്ങളിൽ 53,822ലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് ഏജന്‍സി അറിയിക്കുന്നത്. ഇതോടൊപ്പം അധിനിവേശ വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെടുന്ന ഫലസ്തീനികളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നും ഏജന്‍സി വ്യക്തമാക്കുന്നു.

ഇസ്രായേൽ ഗസ്സ യുദ്ധം ആരംഭിച്ചതിനുശേഷം അധിനിവേശ വെസ്റ്റ്ബാങ്കിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം ഇപ്പോൾ 938 ആയെന്നാണ് കണക്കുകള്‍. ഇസ്രായേൽ സൈന്യമോ കുടിയേറ്റക്കാരോ കൊലപ്പെടുത്തിയവരിൽ കുറഞ്ഞത് 198 കുട്ടികളെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെന്നും യുഎൻ പറയുന്നു. ഈ വർഷം തുടക്കം മുതൽ കുറഞ്ഞത് 25 കുട്ടികളടക്കം 132 ഫലസ്തീനികൾ കൊല്ലപ്പെട്ടതായും ഐക്യരാഷ്ട്രസഭ രേഖപ്പെടുത്തുന്നു.

വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളുടെ കൊലപാതകങ്ങൾക്ക് പുറമേ, ഇവിടുങ്ങളിലെ പല അഭയാർത്ഥി ക്യാമ്പുകളില്‍ നിന്നായി ഏകദേശം 42,000 താമസക്കാർ പലായനം ചെയ്തിട്ടുമുണ്ട്. അതേസമയം പരിമിതമായ സഹായ ട്രക്കുകൾക്ക്​ അനുമതി ലഭിച്ചെങ്കിലും ഗസ്സയിൽ ഭക്ഷ്യവിതരണത്തിന്​ ഇനിയും സംവിധാനം ആയില്ല.

Related Tags :
Similar Posts