< Back
World
Lawyers lament treatment of detained Indian academic Badar Khan Suri
World

ഫലസ്തീൻ അനുകൂല നിലപാട്; യുഎസിൽ തടവിലാക്കപ്പെട്ട ബദർ ഖാൻ സൂരിയോട് മനുഷ്യത്വവിരുദ്ധമായി പെരുമാറുന്നുവെന്ന് അഭിഭാഷകർ

Web Desk
|
3 May 2025 2:23 PM IST

ഫെഡറൽ ഡിസ്ട്രിക്ട് കോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് ഇക്കാര്യം പറയുന്നത്.

വാഷിങ്ടൺ: ഫലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പേരിൽ യുഎസിൽ തടവിലാക്കപ്പെട്ട ബദർ ഖാൻ സൂരിയോട് മനുഷ്യത്വവിരുദ്ധമായി പെരുമാറുന്നുവെന്ന് അഭിഭാഷകർ. ഫെഡറൽ ഡിസ്ട്രിക്ട് കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യം പറയുന്നത്. മാർച്ച് 17നാണ് ജോർജ് ടൗൺ യൂണിവേഴ്‌സിറ്റിയിലെ പോസ്റ്റ്-ഡോക്ടറൽ സ്‌കോളറും ഇന്ത്യക്കാരനുമായ ബദർ ഖാൻ സൂരിയെ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിലെ മുഖംമൂടി ധരിച്ച ഏജന്റുമാർ പിടികൂടിയത്. ഫലസ്തീൻ അനുകൂല നിലപാടിന്റെ പേരിൽ ഹമാസിനെ പിന്തുണച്ചു എന്ന് ആരോപിച്ചാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തുടർന്നുള്ള ദിവസങ്ങളിൽ മൂന്ന് സംസ്ഥാനങ്ങളിലായി അഞ്ച് സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. നിലവിൽ ടെക്‌സസിലെ ഒരു തടങ്കൽ കേന്ദ്രത്തിലാണ് സൂരി ഉള്ളത്.

തടങ്കലിൽ കഴിയുന്ന സൂരിയോട് മനുഷ്യവിരുദ്ധമായാണ് പെരുമാറുന്നത് എന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകർ കോടതിയിൽ സമർപ്പിച്ച ഹരജിയിൽ പറയുന്നത്. സുരക്ഷാ ഭീഷണി ഉയർത്തുന്ന ആളുകളെ ധരിപ്പിക്കുന്ന യൂണിഫോമും ഉപയോഗിച്ച അടിവസ്ത്രങ്ങളും ധരിക്കാൻ ഏജന്റുമാർ നിർബന്ധിച്ചു. ഉയർന്ന ശബ്ദത്തിൽ ടെലിവിഷൻ പ്രവർത്തിപ്പിച്ച റൂമിൽ ദിവസത്തിൽ 21 മണിക്കൂർ തറയിൽ ഉറങ്ങാൻ നിർബന്ധിച്ചു. റമദാൻ മാസത്തിൽ സൂരിക്ക് നോമ്പ് തുറക്കാൻ വെള്ളവും ഭക്ഷണവും പോലും നിഷേധിക്കപ്പെട്ടു തുടങ്ങിയ ആരോപണങ്ങളാണ് ഹരജിയിൽ പറയുന്നത്.

ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) ഏജന്റുമാർ പിടികൂടിയത് മുതൽ ഉണ്ടായ വേദനാജനകമായ അനുഭവത്തിന്റെ ചില വിവരണങ്ങളാണ് വ്യാഴാഴ്ച വിർജീനിയയിലെ ഒരു ഫെഡറൽ ഡിസ്ട്രിക്ട് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അദ്ദേഹത്തിന്റെ അഭിഭാഷകർ വിവരിച്ചിരിക്കുന്നത്. ഫലസ്തീൻ അനുകൂല നിലപാടുകളുടെ പേരിൽ വിദ്യാർഥികളും അല്ലാത്തവരുമായ ആളുകൾക്കെതിരെ മനുഷ്യത്വവിരുദ്ധമായ നടപടികളാണ് ട്രംപ് ഭരണകൂടം സ്വീകരിക്കുന്നത്. വിദ്യാർഥികളെ പിന്തുണക്കുന്ന, അവർക്കെതിരെ നടപടിയെടുക്കാത്ത സർവകലാശാലകൾക്കെതിരെ ഗ്രാന്റ് വെട്ടികുറക്കുന്നത് പോലുള്ള നടപടികളും ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്.

Similar Posts