< Back
World
വെടിനിർത്തലിന് ശേഷവും ജീവിതത്തിൽ മാറ്റമൊന്നുമില്ല; ഗസ്സയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ
World

'വെടിനിർത്തലിന് ശേഷവും ജീവിതത്തിൽ മാറ്റമൊന്നുമില്ല'; ഗസ്സയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ

Web Desk
|
22 Oct 2025 1:24 PM IST

നബ്ലസിന് തെക്ക് ഭാഗത്തുള്ള ഖിർബെറ്റ് യാനുനിൽ ഒലിവ് വിളവെടുക്കാൻ ഫലസ്തീൻ കർഷകരെ ഇസ്രായേൽ സൈന്യം തടഞ്ഞു

​ഗസ്സ സിറ്റി: വെടിനിർത്തലിന് ശേഷവും ഇസ്രായേൽ ഗസ്സയിൽ ആക്രമണം തുടരുകയും ഫലസ്തീനികളുടെ ജീവിതം ദുസ്സഹമാക്കുകയുമാണെന്ന് റിപ്പോർട്ടു​കൾ. വെടിനിർത്തൽ, ബന്ദി കൈമാറ്റം, ഇസ്രായേൽ സേനയുടെ ഭാഗികപിന്മാറ്റം, സഹായ ട്രക്കുകൾക്ക് തടസ്സം നീക്കൽ എന്നിവയായിരുന്നു ഒന്നാംഘട്ട കരാറിൽ നടപ്പാക്കേണ്ടത്.

ഇസ്രായേൽ സേന ഭാഗികമായി പിന്മാറിയെങ്കിലും പകുതിയിലേറെ പ്രദേശങ്ങൾ ഇപ്പോഴും നേരിട്ടുള്ള സൈനിക നിയന്ത്രണത്തിലാണ്. ഇസ്രായേൽ ഇടയ്ക്കിടെ ആക്രമണങ്ങൾ തുടരുകയും സഹായങ്ങൾ തടയുകയും ചെയ്യുന്നതിനാൽ, വെടിനിർത്തലിന് ശേഷം തങ്ങളുടെ ജീവിതത്തിൽ കാര്യമായ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നാണ് ​ഗസ്സയിലെ ഫലസ്തീനികൾ പറയുന്നത്.

നബ്ലസിന് തെക്ക് ഭാഗത്തുള്ള ഖിർബെറ്റ് യാനുനിൽ ഒലിവ് വിളവെടുക്കാനെത്തിയ ഫലസ്തീൻ കർഷകരെ ഇസ്രായേൽ സൈന്യം തടഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. അധിനിവേശ വെസ്റ്റ് ബാങ്കിലും ഒലിവ് വിളവെടുക്കുന്നതിൽ നിന്ന് ഫലസ്തീൻ കർഷകരെ ഇസ്രായേൽ സൈന്യം തടഞ്ഞു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ടർമസ് അയ പട്ടണത്തിൽ ഒലിവ് വിളവെടുക്കുന്നതിനിടെ ഇസ്രായേലി കുടിയേറ്റക്കാരൻ ഒരു ഫലസ്തീൻ സ്ത്രീയെ ആക്രമിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് കർഷകരെ സൈന്യം തടഞ്ഞത്.

ഗസ്സയിലേക്ക് സഹായം നിരുപാധികം കടത്തിവിടണമെന്നാണെങ്കിലും റഫ അതിർത്തി ഇതുവരെ തുറന്നു കൊടുത്തിട്ടില്ല. ജീവനോടെയുള്ള 20 ബന്ദികളെയും 13 മൃതദേഹങ്ങളും ഹമാസ് വിട്ടു നൽകിയിട്ടുണ്ട്. 15 മൃതദേഹങ്ങളിൽ കണ്ടെത്തിയ രണ്ടെണ്ണം കൂടി നൽകുമെന്ന് അൽ ഖസ്സാം ബ്രിഗേഡ് അറിയിച്ചിരുന്നു. അവശേഷിച്ചവർക്കായി അന്താരാഷ്ട്ര സംഘം തിരച്ചിലിന് നേതൃത്വം നൽകിയേക്കും. 2000ത്തോളം ഫലസ്തീനികളെയും 165 മൃതദേഹങ്ങളും ഇസ്രായേൽ വിട്ടുനൽകിയിട്ടുണ്ട്.

ഹമാസിനുപകരം ഗസ്സയിൽ ആര് ഭരിക്കുമെന്നതാകും രണ്ടാംഘട്ട ചർച്ചയിലെ പ്രധാന വിഷയം. നിരുപാധികം സഹായം അനുവദിക്കുന്നതടക്കം വിഷയങ്ങളും പരിഗണിക്കും. അതേ സമയം തിരക്കിട്ട നയതന്ത്ര നീക്കങ്ങൾക്കിടെയും ഗസ്സയിൽ ഇസ്രായേൽ കുരുതി തുടരുകയാണ്. 24 മണിക്കൂറിനിടെ 13 പേരുടെ മൃതദേഹങ്ങൾ ആശുപത്രികളിലെത്തിയതായി അധികൃതർ അറിയിച്ചു.

Similar Posts