< Back
World
പ്രധാനമന്ത്രിയായിരുന്നത് വെറും 45 ദിവസം; ലിസ് ട്രസിന് പെന്‍ഷനായി ലഭിക്കുക 1 കോടിയലധികം രൂപ
World

പ്രധാനമന്ത്രിയായിരുന്നത് വെറും 45 ദിവസം; ലിസ് ട്രസിന് പെന്‍ഷനായി ലഭിക്കുക 1 കോടിയലധികം രൂപ

Web Desk
|
22 Oct 2022 12:51 PM IST

ലിസിന് എല്ലാ വര്‍ഷവും ആജീവനാന്തം ലഭിക്കുന്ന പെന്‍ഷന്‍ നികുതിദായകരുടെ പണത്തില്‍ നിന്ന് നല്‍കുന്നതാണെന്ന് ദി ഇന്‍ഡിപെന്‍ഡന്‍റിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു

ലണ്ടന്‍: കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു ബ്രീട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജി വച്ചത്. അധികാരമേറ്റതിനു ശേഷം ബ്രിട്ടണില്‍ നടപ്പാക്കിയ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കു പിന്നാലെയായിരുന്നു രാജി. വെറും 45 ദിവസമാണ് ലിസ് പ്രധാനമന്ത്രി കസേരയില്‍ ഇരുന്നത്. ബ്രിട്ടന്‍റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടാണ് ഒരു പ്രധാനമന്ത്രി ഇത്ര ചെറിയ കാലയളവില്‍ രാജി വയ്ക്കുന്നത്. കുറച്ചു കാലമാണ് പദവി വഹിച്ചതെങ്കിലും ലിസിന് ലഭിക്കാന്‍ പോകുന്ന ആനുകൂല്യങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.

ലിസ് ട്രസിന് ആജീവനാന്തം 115,000 പൗണ്ട് (നിലവിലെ നിരക്ക് പ്രകാരം ഏകദേശം 1,06,36,463 രൂപ) വാര്‍ഷിക പെന്‍ഷന് അര്‍ഹതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലിസിന് എല്ലാ വര്‍ഷവും ആജീവനാന്തം ലഭിക്കുന്ന പെന്‍ഷന്‍ നികുതിദായകരുടെ പണത്തില്‍ നിന്ന് നല്‍കുന്നതാണെന്ന് ദി ഇന്‍ഡിപെന്‍ഡന്‍റിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പബ്ലിക് ഡ്യൂട്ടി കോസ്റ്റ് അലവന്‍സില്‍ (പിഡിസിഎ) നിന്ന് ഈ പണം കണ്‍സര്‍വേറ്റീവ് നേതാവിന് ക്ലെയിം ചെയ്യാം. മുന്‍ പ്രധാനമന്ത്രിമാരെ പൊതുജീവിതത്തില്‍ സജീവമായി തുടരാന്‍ സഹായിക്കുന്നതിനാണ് ഈ ഫണ്ട് അവതരിപ്പിച്ചത്.

ഗവണ്‍മെന്‍റിന്‍റെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച്, പൊതു കടമകള്‍ നിറവേറ്റുന്നത് തുടരുന്നതിനുള്ള ചെലവുകള്‍ വഹിക്കുന്നതിന് മാത്രമാണ് ഈ പേയ്മെന്‍റുകള്‍ നടത്തുന്നത്. 1990ല്‍ മാര്‍ഗരറ്റ് താച്ചര്‍ രാജി വച്ചതിന് ശേഷമാണ് അലവന്‍സ് ക്രമീകരിച്ചത്. 1991 മാര്‍ച്ചില്‍ അവരുടെ പിന്‍ഗാമിയായ ജോണ്‍ മേജറാണ് ഇത് പ്രഖ്യാപിച്ചത്. ഈ പദ്ധതി ആദ്യമായി അവതരിപ്പിച്ചതുമുതല്‍ സെക്രട്ടേറിയല്‍ ചെലവുകള്‍ ഉദ്ധരിച്ച് മുന്‍കാലങ്ങളില്‍ നിരവധി പ്രധാനമന്ത്രിമാര്‍ ദശലക്ഷക്കണക്കിന് പൗണ്ട് ക്ലെയിം ചെയ്തിട്ടുണ്ട്. ഇതോടെ അലവന്‍സ് സ്‌കീം വഴി പണം ക്ലെയിം ചെയ്യാന്‍ അര്‍ഹതയുള്ള ജീവിച്ചിരിക്കുന്ന മറ്റ് ആറ് മുന്‍ പ്രധാനമന്ത്രിമാര്‍ക്കൊപ്പം ലിസ് ട്രസും ഉള്‍പ്പെടും. പ്രതിവര്‍ഷം 800,000 പൗണ്ടില്‍ കൂടുതല്‍ ആവും ഈ ഫണ്ടിന്‍റെ ചെലവ്.

പ്രധാനമന്ത്രിയായതിനു പിന്നാലെ, ലിസ് ട്രസ് അവതരിപ്പിച്ച സാമ്പത്തിക പാക്കേജിനെതിരെ വൻ വിമർശനമാണ് ഉയർന്നത്. നികുതിയിളവുകൾ അശാസ്ത്രീയമാണെന്നും പ്രതിസന്ധിയിലായ ബ്രിട്ടന്‍റെ സാമ്പത്തിക നിലയിൽ ഇത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നുമായിരുന്നു വിലയിരുത്തൽ.

Similar Posts