< Back
World
കറിയുടെ മണമടിച്ച് മാഗ്‌നസ് കിറുങ്ങിപ്പോയതാകാം; മാഗ്‌നസ് കാൾസനെ തറ പറ്റിച്ച ഗുകേഷിനെതിരെ വംശീയ അധിക്ഷേപം
World

'കറിയുടെ മണമടിച്ച് മാഗ്‌നസ് കിറുങ്ങിപ്പോയതാകാം'; മാഗ്‌നസ് കാൾസനെ തറ പറ്റിച്ച ഗുകേഷിനെതിരെ വംശീയ അധിക്ഷേപം

Web Desk
|
3 Jun 2025 1:19 PM IST

ചെറിയ പ്രായത്തിൽ ലോക ഒന്നാം നമ്പർ ചെസ് താരത്തോട് മത്സരിച്ച് അസാധ്യ വിജയം സ്വന്തമാക്കിയ ഗുകേഷിനെ അഭിനന്ദിക്കുന്നതിനു പകരം വംശീയ പരാമർശങ്ങളും വെറുപ്പുമാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ന്യൂഡൽഹി: നോർവെ ചെസ്സ് 2025 ൽ മാഗ്‌നസ് കാൾസനെതിരെ ചരിത്ര വിജയം സ്വന്തമാക്കിയ ഗുകേഷിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിലുടനീളം. 18 കാരനായ ഗുകേഷിന്റെ ക്ലാസിക്കൽ നീക്കത്തിൽ തോൽവിയുറപ്പിച്ച മാഗ്‌നസ് മേശയിൽ ആഞ്ഞടിച്ച് നിരാശ പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്.

ചെറിയ പ്രായത്തിൽ ലോക ഒന്നാം നമ്പർ ചെസ് താരത്തോട് മത്സരിച്ച് അസാധ്യ വിജയം സ്വന്തമാക്കിയ ഗുകേഷിനെ അഭിനന്ദിക്കുന്നതിനു പകരം വംശീയ പരാമർശങ്ങളും വെറുപ്പുമാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഗുകേഷിന്റെ ദേശീയതയെ ലക്ഷ്യം വെച്ചാണ് കമന്റുകളധികവും. പ്രായത്തിൽ ചെറുതാണെന്നതും ഇന്ത്യക്കാരനാണെന്നതും പലർക്കും ദഹിച്ചിട്ടില്ല. മാഗ്‌നസിന്റെ കടുത്ത ആരാധകർക്കാണെങ്കിൽ തങ്ങളുടെ ആരാധ്യ പുരുഷനെ തോൽപിച്ചത് അനുഭവസമ്പത്ത് ഒട്ടുമില്ലാത്ത ചെറുപ്പക്കാരനാണെന്നത് അംഗീകരിക്കാനും പ്രയാസം. ഇതെല്ലാം വീഡിയോക്കു താഴെ വരുന്ന കമന്റുകളിൽ വ്യക്തമാണ്.

ഗുകേഷിനെ ലക്ഷ്യം വെച്ചുള്ള വംശീയ പരാമർശങ്ങളുണ്ടായിട്ടും എന്തുകൊണ്ടാണ് നോർവെ ചെസ് തങ്ങളുടെ ടിക്ടോക് അക്കൗണ്ട് നിയന്ത്രിക്കാത്തതെന്ന് ഒരു എൻആർഐ ഉപയോക്താവ് തന്റെ എക്സ് പോസ്റ്റിൽ ചോദിക്കുന്നു. വംശീയ പരാമർശങ്ങളുള്ള കമന്റുകൾ ആയിരങ്ങൾ ലൈക്ക് ചെയ്തിട്ടുണ്ടെന്നും ഏറ്റവും മുകളിലായി തന്നെ കാണാൻ സാധിക്കുന്നതായിട്ടും എന്തുകൊണ്ട് നടപടിയൊന്നും എടുക്കുന്നില്ല എന്നതാണ് വ്യക്തിയുടെ ചോദ്യം.

'കറിയുടെ ഗന്ധം മാഗ്‌നസിന്റെ ശ്രദ്ധ തെറ്റിച്ചു' എന്നതാണ് വീഡിയോക്കു താഴെ നിരവധിയാളുകൾ ലൈക്കടിച്ച ഒരു കമന്റ്. ട്രോളുകളായും കമന്റായും നിരവധിയാളുകൾ ഇതേ രീതിയിൽ പ്രതികരിക്കുന്നുണ്ട്. 'ഗുകേഷിന്റെ ഗന്ധം തോൽപിക്കാൻ കഴിയാത്ത കഴിവാണെന്ന് മാഗ്‌നസ് കളി കഴിഞ്ഞ ശേഷം പറഞ്ഞു' എന്നാണ് മറ്റൊരു കമന്റ്. പാശ്ചാത്യ സമൂഹത്തിന് ഇന്ത്യയോടുള്ള വെറുപ്പിന്റെ ബാക്കി പത്രം മാത്രമാണ് ഗുകേഷിന് നേരിടേണ്ടി വരുന്നതെന്ന് ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നു.

തോൽവി ഉറപ്പായപ്പോൾ വികാരഭരിതനായി മേശയിലടിച്ച് ക്ഷുഭിതനായ മാഗ്‌നസിന്റെ പ്രതികരണം പ്രശ്നമേയല്ലാത്തവരാണ് ഗുകേഷിനെതിരെ ഇത്തരം പരാമർശങ്ങളുമായി വരുന്നതെന്നും, ഇവരുടെ ഉദ്ദേശ്യം ഇതിൽ നിന്നു തന്നെ വ്യക്തമാണെന്നും ആളുകൾ പ്രതികരിക്കുന്നു. റെഡ്ഡിറ്റിലും എക്സിലും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകൾ രംഗത്തു വന്നിരിക്കുകയാണ്.

തോൽക്കുമെന്ന് ഉറപ്പിച്ചിടത്തു നിന്നാണ് ലോക ഒന്നാം നമ്പർ താരത്തിനെതിരെ അപ്രതീക്ഷിത വിജയം ഈ പതിനെട്ടുകാരൻ കൈപിടിയിലൊതുക്കിയത്. ആദ്യം നിരാശനായാണ് മാഗ്നസ് പ്രതികരിച്ചതെങ്കിലും പിന്നീട് ഗുകേഷിനടത്തെത്തി തോളിൽ തട്ടി അഭിനന്ദിച്ചാണ് മാഗ്‌നസ് യാത്ര പറഞ്ഞത്. എങ്കിലും ആരാധകർ തോൽവി അംഗീകരിക്കാൻ വൈമനസ്യം കാണിക്കുകയായിരുന്നു.

Similar Posts