
Representational image
കുട്ടിയെ നോക്കാനാളില്ല; രാജി വയ്ക്കുന്നതായി ജീവനക്കാരി,ശമ്പള വര്‍ധനവോടെ 'വര്‍ക്ക് ഫ്രം ഹോം' അനുവദിച്ച് മലേഷ്യൻ നിയമസ്ഥാപനം
|മലേഷ്യയിലെ നൂറൈനി ഹസിഖ & കമ്പനിയിലെ മാനേജിങ് പാര്‍ട്നറായ ഐനി ഹസിഖയാണ് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ത്രഡിൽ തന്‍റെ കമ്പനിയിലുണ്ടായ അനുഭവം പങ്കുവച്ചത്
ക്വാലലംപൂര്‍: ജോലി സമ്മര്‍ദം, കുറഞ്ഞ ശമ്പളം, ഓഫീസ് അന്തരീക്ഷം തുടങ്ങിയ കാരണങ്ങളായിരിക്കും പലരെയും ജോലി രാജി വയ്ക്കാൻ പ്രേരിപ്പിക്കുന്നത്. മിക്ക രാജിക്കത്തുകളും മേലധികാരികൾ സ്വീകരിക്കുകയും ചെയ്യും. കമ്പനിയിലെ മിടുക്കരായ ജീവനക്കാരെ പിടിച്ചുനിര്‍ത്താൻ ചില കമ്പനികൾ മാത്രമായിരിക്കും ശ്രമിക്കുക. മലേഷ്യയിലെ ഒരു നിയമസ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന അഭിഭാഷകയുടെ രാജിക്കത്തിനോടുള്ള കമ്പനിയുടെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
മലേഷ്യയിലെ നൂറൈനി ഹസിഖ & കമ്പനിയിലെ മാനേജിങ് പാര്‍ട്നറായ ഐനി ഹസിഖയാണ് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ത്രഡിൽ തന്‍റെ കമ്പനിയിലുണ്ടായ അനുഭവം പങ്കുവച്ചത്. തന്‍റെ ഓഫീസിലെ അഭിഭാഷക താൻ രാജി വയ്ക്കാൻ പോവുകയാണെന്ന് അറിയിച്ചു. ഈയിടെ അമ്മയായ യുവതിക്ക് കുട്ടിയെ നോക്കാൻ ആളില്ലെന്നും അതുകൊണ്ട് ദിവസവും ഓഫീസിൽ വരുന്നത് ബുദ്ധിമുട്ടാണെന്നുമാണ് പറഞ്ഞത്. എന്നാൽ കമ്പനിയിലെ മിടുക്കിയായ അഭിഭാഷകയെ വിട്ടുകളയാൻ ഹസിഖക്ക് തോന്നിയില്ല. വ്യക്തപരമായും തൊഴിൽപരമായും ഉയര്‍ന്നുനിൽക്കുന്ന ജീവനക്കാരിയാണ് അവരെന്നും പോസ്റ്റിൽ പറയുന്നു.
രാജി സ്വീകരിക്കുന്നതിന് പകരം ഫലപ്രദമായ ഒരു പരിഹാരവും ഹസിഖ നിര്‍ദേശിച്ചു. പ്രസ്തുത ജീവനക്കാരിക്ക് വര്‍ക്ക് ഫ്രം അനുവദിച്ച കമ്പനി ശമ്പളവും കൂട്ടി നൽകി. പ്രതിമാസ മീറ്റിങ്ങുകൾക്കും കോടതിയിൽ ഹാജരാകേണ്ട കേസുകൾക്കും മാത്രം ഓഫീസിലെത്തിയാൽ മതി. നാലഞ്ച് മാസത്തോളം ഈ ക്രമീകരണം തുടര്‍ന്നു. വര്‍ക്ക് ഫ്രം ഹോം കാലയളവിലും ജീവനക്കാരി നന്നായി ജോലി ചെയ്തുവെന്ന് ഹസിഖ പറയുന്നു.
നിരവധി പേരാണ് ഇതിനോട് അനുകൂലമായി പ്രതികരിച്ചത്. മറ്റ് കമ്പനികൾ ഇത് മാതൃകയാക്കണമെന്നും ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. "നിങ്ങൾ ഒരു ബോസ് അല്ല, മറിച്ച് കേൾക്കുകയും മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന നല്ലൊരു നേതാവാണ്" ഒരാൾ അഭിപ്രായപ്പെട്ടു.