< Back
World
Man Knocks Out Passenger Who Fell Asleep On His Shoulder In New York Train
World

ഉറക്കം തൂങ്ങി സഹയാത്രികന്റെ തോളിലേക്ക് വീണു; ട്രെയിനിൽ യുവാവിന് ക്രൂരമർദനം

Web Desk
|
27 Aug 2023 5:38 PM IST

ഉറങ്ങാനാണെങ്കിൽ വേറെ സ്ഥലം നോക്കണമെന്നും താൻ കുഷ്യനല്ലെന്നുമൊക്കെ യുവാവിന് നേരെ യാത്രക്കാരൻ ദേഷ്യപ്പെട്ട് പറയുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം

ന്യൂയോർക്ക് സിറ്റി: ഉറക്കം തൂങ്ങി സഹയാത്രികന്റെ തോളിലേക്ക് വീണ യുവാവിന് ക്രൂരമർദനം. ന്യൂയോർക്കിലെ ക്യൂൻസ് സബ്‌വേയിലായിരുന്നു ംഭവം. യുവാവിന് നേരെ സഹയാത്രികൾ ഒച്ചയെടുക്കുന്നതും പ്രകോപിതനായി കൈമുട്ട് വെച്ച് ഇയാളുടെ മുഖത്തിടിക്കുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം.

ഫോറസ്റ്റ് ഹില്ലിലേക്ക് പുലർച്ചെ 5.30ക്ക് പുറപ്പെട്ട നോർത്ത്ബൗണ്ട് എഫ് ട്രെയിനിൽ ധാരാളം യാത്രക്കാരുണ്ടായിരുന്ന സമയത്താണ് യുവാവിന് നേരെ ആക്രമണമുണ്ടായത്. ഉറങ്ങാനാണെങ്കിൽ വേറെ സ്ഥലം നോക്കണമെന്നും താൻ കുഷ്യനല്ലെന്നുമൊക്കെ വീഡിയോയിൽ യുവാവിന് നേരെ യാത്രക്കാരൻ ദേഷ്യപ്പെട്ട് പറയുന്നുണ്ട്. ഇംഗ്ലിഷും സ്പാനിഷും കൂട്ടിക്കലർത്തിയാണ് ഇയാൾ യുവാവിനോട് സംസാരിക്കുന്നത്.

ഇതിന് ശേഷം യുവാവ് എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും ഇയാൾ യുവാവിന്റെ മുഖത്ത് ശക്തിയായി ഇടിക്കുകയായിരുന്നു. മൂന്ന് തവണ തുടർച്ചയായി ഇടികൊണ്ടതോടെ യുവാവ് അബോധാവസ്ഥയിലായി. തുടർന്ന് മറ്റൊരു യാത്രക്കാരൻ അക്രമിയുമായി സംഘട്ടനത്തിലേർപ്പെടുന്നതും വീഡിയോയിൽ കാണാം. വഴക്ക് കുറച്ചു സമയത്തേക്കേ നീണ്ടുള്ളൂവെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ യുവാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Similar Posts