< Back
World
ലൈവ് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകന്‍റെ ഫോണ്‍ കവര്‍ന്നു; കള്ളനെ തത്സമയം കണ്ടത് പതിനായിരങ്ങള്‍
World

ലൈവ് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകന്‍റെ ഫോണ്‍ കവര്‍ന്നു; കള്ളനെ തത്സമയം കണ്ടത് പതിനായിരങ്ങള്‍

Web Desk
|
23 Oct 2021 10:54 AM IST

ഈജിപ്തിലാണ് ഈ രസകരമായ സംഭവം നടന്നത്

വാര്‍ത്താ റിപ്പോര്‍ട്ടിംഗിനിടെയും ഫേസ്ബുക്ക് ലൈവിനിടയിലുമൊക്കെ പല രസകരമായ സംഭവങ്ങളും ഉണ്ടാകാറുണ്ട്. ചില അബദ്ധങ്ങളും ഇത്തരം ലൈവുകള്‍ക്കിടയില്‍ സംഭവിക്കാറുണ്ട്. ഫേസ്ബുക്ക് ലൈവിനിടെ ഫോണ്‍ മോഷ്ടിച്ച കള്ളന് പറ്റിയ അക്കിടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഈജിപ്തിലാണ് ഈ രസകരമായ സംഭവം നടന്നത്. കെയ്റോയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരുന്ന യൂം7 എന്ന ഓണ്‍ലൈന്‍ മാധ്യമത്തിലെ റിപ്പോര്‍ട്ടറായ മഹ്മൂദ് റഗബിന്‍റെ ഫോണാണ് കള്ളന്‍ തട്ടിയെടുത്തത്. ഈജിപ്തിലെ ശുബ്ര അല്‍ ഖൈമ നഗരത്തിലെ പാലത്തിന് സമീപത്തുവച്ചായിരുന്നു സംഭവം.

റഗബ് ഫേസ്ബുക്കില്‍ ലൈവ് വീഡിയോ ചെയ്യുന്നതിനിടെ ബൈക്കിലെത്തിയ കള്ളന്‍ മൊബൈല്‍ ഫോണുമായി കടന്നുകളയുകയായിരുന്നു. കള്ളന്‍ ഫോണുമായി പോകുന്നത് ഇരുപതിനായിരത്തിലേറെ പേരാണ് ഫേസ്ബുക്കില്‍ തത്സമയം കണ്ടത്. ഇതൊന്നും അറിയാതെ കള്ളന്‍ മൊബൈല്‍ ഫോണുമായി ബൈക്കില്‍ യാത്ര തുടരുകയായിരുന്നു. ബൈക്കിന് മുന്‍ ഭാഗത്ത് ഫോണ്‍ വെച്ച് സിഗററ്റ് വലിക്കുന്ന കള്ളന്‍റെ ദൃശ്യങ്ങള്‍ കൃത്യമായി ലൈവില്‍ പതിയുകയും ചെയ്തു. നിമിഷങ്ങള്‍ക്കകം ഈ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും കള്ളനെ പിടികൂടുകയും ചെയ്തു. എന്നാല്‍ മോഷ്ടാവിന്‍റെ പേരുവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

ഏഴ് മില്യണിലധികം പേരാണ് ഫേസ്ബുക്കില്‍ ഈ വീഡിയോ കണ്ടത്. 18,000 ഷെയറുകളും ലഭിച്ചു. മോഷ്ടാവിന്‍റെ മണ്ടത്തരത്തെ പരിഹസിച്ചുകൊണ്ടുള്ള കമന്‍റുകളും വീഡിയോക്ക് താഴെ നിറയുന്നുണ്ട്.

Similar Posts