< Back
World
പിടിയ്ക്കുന്ന മീനിനൊപ്പം കിടിലൻ സെൽഫി, പക്ഷേ കടലിലേക്ക് തിരികെയെറിഞ്ഞത് ഫോൺ;    യുവാവിന് സംഭവിച്ച അബദ്ധം കണ്ട് പൊട്ടിച്ചിരിച്ച് സോഷ്യൽമീഡിയ
World

പിടിയ്ക്കുന്ന മീനിനൊപ്പം കിടിലൻ സെൽഫി, പക്ഷേ കടലിലേക്ക് തിരികെയെറിഞ്ഞത് ഫോൺ; യുവാവിന് സംഭവിച്ച അബദ്ധം കണ്ട് പൊട്ടിച്ചിരിച്ച് സോഷ്യൽമീഡിയ

Web Desk
|
14 Sept 2022 3:53 PM IST

ഫോണിനേക്കാൾ വിലയുള്ളതാണ് മത്സ്യം എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്

ലണ്ടൻ: ദിവസം ഒരു സെൽഫിയെങ്കിലും എടുക്കാത്തവർ ഇന്ന് ചുരുക്കമായിരിക്കും. അതിന് സമയമോ സ്ഥലമോ ഒന്നും തടസമേയല്ല. എന്നാൽ അത്തരത്തിലൊരു സെൽഫിയെടുത്ത യുവാവിന് സംഭവിച്ച അബദ്ധമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

കടലിൽ ബോട്ടിൽ സഞ്ചരിക്കുന്ന യുവാവ് കൈയിൽ പിടയ്ക്കുന്ന മീനിനൊപ്പമാണ് സെൽഫിയെടുത്തത്. അയാൾ പല ഭാഗത്ത് നിന്നും പല രീതിയിൽ ഫോട്ടോയെടുത്തു. എന്നാൽ തൊട്ടടുത്ത നിമിഷം അയാൾപോലും വിചാരിക്കാത്തതാണ് സംഭവിച്ചത്. മീനിനെ വെള്ളത്തിലേക്ക് തിരിച്ചിടുന്നതിന് പകരം അയാൾ എറിഞ്ഞത് ഫോണായിരിന്നു. സംഭവിച്ചത് എന്താണെന്ന് മനസിലാകും മുമ്പേ ഫോൺ കടലിലെ ആഴത്തിലേക്ക് പോയ്ക്കഴിഞ്ഞിരുന്നു. സംഭവിച്ച അബദ്ധം മനസിലായ അയാൾ ഒരുനിമിഷം ഞെട്ടിത്തരിച്ചു.

കുറേ നേരം കുനിഞ്ഞിരുന്ന് വെള്ളത്തിലേക്ക് നോക്കിയെങ്കിലും ഫോൺ എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരുന്നു. ഈ സംഭവങ്ങളുടെ വീഡിയോ തൻസു യെഗൻ എന്നയാളാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. നിമിഷനേരം കൊണ്ട് വീഡിയോ വൈറലായി. 29,200 പേരാണ് ഈ വീഡിയോ റീട്വീറ്റ് ചെയ്തത്.

ഇതൊരു കോമഡി വീഡിയോ ആണോ അതോ ട്രാജഡി വീഡിയോ ആണോ എന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഫോണിനേക്കാൾ വിലയുള്ളതാണ് മത്സ്യം എന്നാണ് മറ്റൊരാളുടെ കമന്റ്. ഇത് മിക്കവർക്കും സംഭവിക്കുന്ന അബദ്ധമാണെന്നും ചിലർ കമന്റ് ചെയ്തു. എന്നാൽ ഈ വീഡിയോ വ്യാജമാണെന്നും ചിലർ അഭിപ്രായപ്പെട്ടു. കടലിലേക്ക് ഇലക്ട്രോണിക് മാലിന്യം വലിച്ചെറിഞ്ഞ ഇയാൾക്കെതിരെ പിഴ ചുമത്തണമെന്നും കമന്റുകൾ വന്നു. ഏതായാലും നിരവധി പേരെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

Similar Posts