< Back
World
ഫേസ്ബുക്ക് എന്റെ അക്കൗണ്ട് നിരന്തരം ബ്ലോക്ക് ചെയ്യുന്നു; മെറ്റക്കെതിരെ പരാതിയുമായി മാർക്ക് സക്കർബർഗ്
World

'ഫേസ്ബുക്ക് എന്റെ അക്കൗണ്ട് നിരന്തരം ബ്ലോക്ക് ചെയ്യുന്നു'; മെറ്റക്കെതിരെ പരാതിയുമായി മാർക്ക് സക്കർബർഗ്

Web Desk
|
6 Sept 2025 3:38 PM IST

കമ്പനി ഇ-മെയില്‍ വഴി ക്ഷമാപണം നടത്തിയെങ്കിലും അക്കൗണ്ട് നീക്കല്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നുവെന്ന് സക്കർബർഗ് പറഞ്ഞു

വാഷിങ്ടൺ: മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനെതിരെ പരാതിയുമായി അമേരിക്കൻ അഭിഭാഷകൻ മാർക്ക് സക്കർബർഗ്. മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്ന പേരുപയോഗിച്ച് ആള്‍മാറാട്ടം നടത്തുന്നുവെന്ന് സിസ്റ്റം കണ്ടെത്തിയതിനെ തുടര്‍ന്ന് ഫേസ്ബുക്ക് അക്കൗണ്ടുകള്‍ തുടര്‍ച്ചയായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് അഭിഭാഷകന്‍ കേസ് കൊടുത്തത്.

എട്ട് വർഷത്തിനിടെ അഞ്ച് തവണ ഫേസ്ബുക്ക് തന്റെ പ്രൊഫഷണൽ അക്കൗണ്ടുകളും നാലു തവണ വ്യക്തിഗത അക്കൗണ്ടുകളും സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്ന് ഇന്‍ഡ്യാന സ്വദേശിയായ അഭിഭാഷകൻ പറഞ്ഞു. ആവർത്തിച്ചുള്ള വിലക്കുകൾ തന്‍റെ പ്രാക്ടീസിനെ ദോഷകരമായി ബാധിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പെട്ടെന്നൊരു ദിവസം മെറ്റാ സിഇഒയ്ക്കെതിരെ കേസ് കൊടുക്കാന്‍ തീരുമാനിച്ചതല്ല. തന്റെ അക്കൗണ്ടുകള്‍ നീക്കംചെയ്യുന്നത് വര്‍ഷങ്ങളായി തുടരുകയാണ്. ഓരോ അവസരത്തിലും ഫേസ്ബുക്കുമായി ബന്ധപ്പെട്ടിരുന്നു. കമ്പനി ഇമെയില്‍ വഴി ക്ഷമാപണം നടത്തുകയും ചെയ്തു. എന്നിരുന്നാലും അക്കൗണ്ട് നീക്കല്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നുവെന്നും സക്കർബർഗ് പറഞ്ഞു.

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ ഇത്തരത്തില്‍ നിരന്തരം തടസപ്പെടുന്നത് കക്ഷികളുമായുള്ള ആശയവിനിമയത്തെ ദേഷകരമായി ബാധിച്ചിരിക്കുകയാണെന്ന് അഭിഭാഷകൻ പരാതിയിൽ പറഞ്ഞു. നിയമ സ്ഥാപനത്തിന്റെ പരസ്യത്തിന് നല്‍കിയ തുകയില്‍ ആയിരക്കണക്കിന് ഡോളര്‍ നഷ്ടപ്പെട്ടു. മെയ് മാസത്തിൽ തന്റെ സ്ഥാപനത്തിന്റെ ബിസിനസ് പേജ് നീക്കം ചെയ്തതായും അതുവഴി പരസ്യത്തിൽ 11,000 ഡോളർ നഷ്ടമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. തന്റെ അക്കൗണ്ട് സ്ഥിരമായി പുന:സ്ഥാപിക്കണമെന്നും അഭിഭാഷകന്റെ ഫീസും പരസ്യങ്ങള്‍ക്കായി നഷ്ടപ്പെട്ട പണവും തിരികെ നല്‍കണമെന്നും സക്കർബർ​ഗ് മെറ്റയോട് ആവശ്യപ്പെട്ടു.

Similar Posts