
''ഉറക്കമുണര്‍ന്നപ്പോള്‍ കണ്ടത് വീടിന് മുന്നില്‍ കൂറ്റന്‍ കപ്പല്‍'; രക്ഷപ്പെട്ടത് തലനാരിഴക്ക്
|ഷിപ്പ് വാച്ച് മാന്‍ ഡ്യൂട്ടിയിലിരിക്കെ ഉറങ്ങിപ്പോയതായാണ് അപകട കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
ഓസ്ലോ: രാവിലെ ഉറങ്ങി എഴുന്നേറ്റ് വരുമ്പോള്‍ വീടിന് മുന്നില്‍ ഒരു കപ്പല്‍. സ്വപ്നം ഒന്നുമല്ല, നോര്‍വീജിയന്‍ സ്വദേശി ഉറക്കമുണര്‍ന്ന് വന്നപ്പോള്‍ കണ്ട കാഴ്ചയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ നോര്‍വീജിയന്‍ സ്വദേശി ജോഹാന്‍ ഹെല്‍ബര്‍ഗിന്റെ വീടിന് മുന്നിലാണ് സംഭവം. ഉറക്കമുണര്‍ന്നപ്പോള്‍ ജോഹാന്‍ കണ്ടത്, വീട്ടില്‍ നിന്ന് വെറും രണ്ട് അടി അകലെയുള്ള മുന്‍വശത്തെ പൂന്തോട്ടത്തിലേക്ക് ഒരു വലിയ കണ്ടെയ്നര്‍ കപ്പല്‍ ഇടിച്ചുകയറിയതാണ്. ഭാഗ്യം കൊണ്ടാണ് വീട്ടുകാര്‍ രക്ഷപ്പെട്ടത്.
നോര്‍വീജിയന്‍ കടലിനോട് ചേര്‍ന്നാണ് ജോഹാന്റെ വീട് സ്ഥിതി ചെയ്യുന്നത്. എന്‍സിഎല്‍ സാല്‍ട്ടന്‍ എന്ന കപ്പലാണ് വീടിന് മുന്നിലേക്ക് ഇടിച്ചുകയറിയത്. ഷിപ്പ് വാച്ച് മാന്‍ ഡ്യൂട്ടിയിലിരിക്കെ ഉറങ്ങിപ്പോയതായാണ് അപകട കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. നിയന്ത്രണം വിട്ട കപ്പല്‍ ദിശമാറി വീടിന് മുന്നില്‍ വന്ന് ഇടിച്ചു കയറുകയായിരുന്നു. സംഭവം ആദ്യം കണ്ടത് ജോഹാന്റെ അയല്‍ക്കാരനാണ്. ഡോറിന് ആവര്‍ത്തിച്ച് മുട്ടിയിട്ടും ജോഹാന്‍ വാതില്‍ തുറക്കായതായപ്പോഴാണ് അയല്‍വാസി ഫോണില്‍ വിളിച്ചത്. അപ്പോഴാണ് അദ്ദേഹം പുറത്ത് ഇറങ്ങിയത്.
പുലര്‍ച്ചെ അഞ്ചുമണിക്ക് കപ്പലിന്റെ ശബ്ദം കേട്ടാണ് അയല്‍വാസി ഉണര്‍ന്നത്. ജോഹാന്റെ വീടിനെ ലക്ഷ്യമാക്കി കപ്പല്‍ അതിവേഗത്തില്‍ വരുന്നതാണ് ആദ്യം കണ്ടത്. പെട്ടെന്നാണ് വീട്ടിലേക്ക് യൊതൊരു മുന്നറിയിപ്പുമില്ലാതെ കപ്പല്‍ ഇടിച്ചുകയറിയത്. കപ്പലിന്റെ ഗതിമാറ്റാന്‍ ഷിപ്പ് വാച്ച് മാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഭവത്തില്‍ നോര്‍വീജിയന്‍ പൊലീസ് അന്വോഷണം ആരംഭിച്ചിട്ടുണ്ട്. എന്‍സിഎല്‍ സാല്‍ട്ടന്‍ എന്ന കപ്പലില്‍ 16 പേര്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ലാത്തത് ഭാഗ്യം ഒന്നുകൊണ്ടാണെന്ന് എന്‍സിഎല്‍ ഷിപ്പിങ് ഗ്രൂപ്പ് പറഞ്ഞു. പോലിസിന്റെ അന്വോഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്നും കമ്പനി അറിയിച്ചു.