< Back
World
Rupert Murdoch

റൂപെര്‍ട്ട് മര്‍ഡോകും ആന്‍ ലീ സ്മിത്തും

World

മാധ്യമ ഭീമന്‍ റൂപെര്‍ട്ട് മര്‍ഡോക് അഞ്ചാമതും വിവാഹിതനാകുന്നു

Web Desk
|
21 March 2023 9:02 AM IST

66കാരിയായ ആന്‍ ലെസ്‍ലി സ്മിത്താണ് വധു

മെല്‍ബോണ്‍: ആഗോള മാധ്യമ ഭീമന്‍ റൂപെര്‍ട്ട് മര്‍ഡോക് 92-ാം വയസില്‍ വിവാഹിതനാകുന്നു. മര്‍ഡോകിന്‍റെ അഞ്ചാമത്തെ വിവാഹമാണിത്. 66കാരിയായ ആന്‍ ലെസ്‍ലി സ്മിത്താണ് വധു. വിവാഹനിശ്ചയം കഴിഞ്ഞതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

"ഞാൻ വളരെ പരിഭ്രാന്തനായിരുന്നു. പ്രണയത്തിലാകാൻ ഞാൻ ഭയപ്പെട്ടു - പക്ഷേ ഇത് എന്‍റെ അവസാനത്തെ ആയിരിക്കുമെന്ന് എനിക്കറിയാമായിരുന്നു. അതായിരിക്കും നല്ലത്. ഞാൻ സന്തോഷവാനാണ്'' മര്‍ഡോക് ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു. കൺട്രി-വെസ്റ്റേൺ ഗായകനായ ചെസ്റ്റർ സ്മിത്താണ് ആനിന്‍റെ ആദ്യഭര്‍ത്താവ്. "ഞങ്ങൾ രണ്ടുപേർക്കും ഇത് ദൈവത്തിന്‍റെ സമ്മാനമാണ്. കഴിഞ്ഞ സെപ്റ്റംബറിൽ ഞങ്ങൾ കണ്ടുമുട്ടി." ആന്‍ പറഞ്ഞു. ''കഴിഞ്ഞ 14 വര്‍ഷമായി ഞാന്‍ വിധവയാണ്. റൂപർട്ടിനെപ്പോലെ, എന്‍റെ ഭർത്താവും ഒരു ബിസിനസുകാരനായിരുന്നു.പ്രാദേശിക പത്രങ്ങളിൽ പ്രവർത്തിച്ചു, റേഡിയോ, ടിവി സ്റ്റേഷനുകൾ വികസിപ്പിക്കുകയും യൂണിവിഷൻ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്തു.അതുകൊണ്ട് റൂപർട്ടിന്‍റെ ഭാഷയാണ് ഞാൻ സംസാരിക്കുന്നത്. ഞങ്ങൾക്ക് ഒരേ വിശ്വാസമാണ്." ആന്‍ കൂട്ടിച്ചേര്‍ത്തു.

ഈ വേനൽക്കാലത്ത് വിവാഹിതരാകാനാണ് ഇരുവരുടെയും തീരുമാനം. "ഞങ്ങളുടെ ജീവിതത്തിന്‍റെ രണ്ടാം പകുതി ഒരുമിച്ച് ചെലവഴിക്കാൻ ഞങ്ങൾ ഇരുവരും കാത്തിരിക്കുകയാണ്," മർഡോക്ക് പറഞ്ഞു. മൂന്നു ഭാര്യമാരില്‍ നിന്നായി മര്‍ഡോക്കിന് ആറു മക്കളുണ്ട്. ആറു വര്‍ഷം മുന്‍പാണ് ജെറി ഹാളിനെ വിവാഹം കഴിച്ചത്. 1999 മുതല്‍ 2013 വരെ വെൻഡി ഡെംഗായിരുന്നു ഭാര്യ. അന്ന മരിയ ടോര്‍വുമായുള്ള ബന്ധം 1967 മുതല്‍ 99 വരെ നീണ്ടുനിന്നു. 1956 മുതൽ 1967 വരെ പട്രീഷ്യ ബുക്കറും.

ഫോബ്സ് റിപ്പോര്‍ട്ട് പ്രകാരം, ന്യൂസ് കോർപ്പറേഷന്‍റെ ചെയർമാനും സിഇഒയുമായ മര്‍ഡോകിന് ഏകദേശം 17 ബില്യൺ ഡോളർ ആസ്തി ഉണ്ട്. അദ്ദേഹത്തിന്റെ സാമ്രാജ്യത്തിൽ ഫോക്സ് ന്യൂസ്, വാൾസ്ട്രീറ്റ് ജേർണൽ, ലോകമെമ്പാടുമുള്ള മറ്റ് മാധ്യമ ആസ്തികൾ എന്നിവ ഉൾപ്പെടുന്നുണ്ട്.

Similar Posts