< Back
World
ഗസ്സയുടെ രണ്ടുവർഷം-മാധ്യമങ്ങളുടെ പരാജയം, സ്വകാര്യ വാർത്താ ചാനലിന് മുപ്പതാണ്ട്
World

ഗസ്സയുടെ രണ്ടുവർഷം-മാധ്യമങ്ങളുടെ പരാജയം, സ്വകാര്യ വാർത്താ ചാനലിന് മുപ്പതാണ്ട്

യാസീന്‍ അശ്‌റഫ്
|
8 Oct 2025 4:19 PM IST

ഗാന്ധിജയന്തിയെ മറികടന്ന് ആർഎസ്എസ് ജയന്തി

ഒക്ടോബർ ഏഴ് വീണ്ടുമെത്തി. രണ്ടു വർഷത്തെ സയണിസ്റ്റ് ഭീകരത. നിലക്കാതെ ഒഴുകുന്ന ചോരപ്പുഴ. അതിനിടയിലും ചിലതൊക്കെ മാറിവരുന്നു. മുമ്പില്ലാത്ത വിധം ഇസ്രായേൽ ഒറ്റപ്പെടുന്നു. യു എന്നിൽ നെതന്യാഹു പ്രസംഗിക്കുമ്പോൾ കഴിഞ്ഞ വർഷമുണ്ടായിരുന്നതിനേക്കാൾ വളരെക്കൂടുതൽ രാജ്യങ്ങൾ ഇറങ്ങിപ്പോയി—കൂക്കിവിളിയോടെ. അകത്ത് വാക്കൗട്ട് നടക്കുമ്പോൾ പുറത്ത് ആയിരക്കണക്കിനാളുകൾ പ്രതിഷേധ പ്രകടനം നടത്തി.

വംശഹത്യയുടേതായ ഈ രണ്ടു വർഷങ്ങളിൽ മുഖംമൂടികൾ അഴിഞ്ഞു. രാജ്യങ്ങളിലെ കപടന്മാർ സ്വയം വെളിപ്പെടുത്തി. മാധ്യമങ്ങളിലെ ധീരന്മാരും വ്യാജന്മാരും ശരിക്കും തരം തിരിഞ്ഞു. ഒരുപാട് കള്ളങ്ങൾ പൊളിഞ്ഞു.

ഹമാസ് പോരാളികൾ 2023 ഒക്‌ടോബർ ഏഴിന് ഇസ്രായേലി പട്ടാളക്കാരെയും സിവിലിയന്മാരെയും കൂട്ടക്കൊല ചെയ്തു എന്നവ്യാജം, നമ്മൾ മുമ്പ് പറഞ്ഞപോലെ, ഏറ്റവും കൂടുതൽ പ്രചരിച്ച കള്ളവാർത്തയാണ്. ഹാനിബൽ പ്രമാണം എന്നറിയപ്പെടുന്ന സൈനിക തന്ത്രമനുസരിച്ച് ഇസ്രായേൽ തന്നെ അവരുടെ സഹ സൈനികരെയും ഇസ്രായേലി സിവിലിയന്മാരെയും കൊല്ലുകയായിരുന്നു. മുമ്പ്, ഹമാസുകാർ ബന്ദിയാക്കിയ ഒരൊറ്റ പട്ടാളക്കാരനെ വിട്ടുകൊടുക്കാൻ ഇസ്രായേൽ 1027 ഫലസ്തീനി ബന്ദികളെ വിട്ടയക്കേണ്ടി വന്നിരുന്നു. ഇസ്രായേലി തടവിലുള്ള പതിനായിരക്കണക്കിന് ഫലസ്തീനി ബന്ദികളെ വിടുവിക്കാൻ ഏതാനും ഇസ്രായേലികളെ പിടികൂടുക, ഇസ്രായേലി പട്ടാളക്കാരോട് പോരാടുക, എന്നതായിരുന്നു ഒക്ടോബർ ഏഴിന് ഹമാസ് ലക്ഷ്യമിട്ടത്. ഇസ്രായേലി സൈന്യം ശത്രുവോ മിത്രമോ എന്നുനോക്കാതെ നിരത്തി കൊന്നുകൊണ്ടിരുന്നു.

കുഞ്ഞുങ്ങളെ കഴുത്തറത്തുകൊന്നു, കുഞ്ഞുങ്ങളെ കത്തിച്ചു, കൈകാലുകൾ കെട്ടിയിട്ട് കൊന്നു തുടങ്ങിയ കഥകൾ ഇസ്രായേൽ ഹമാസിനെതിരെ പ്രചരിപ്പിച്ചു. അവരെ പിശാചുക്കളാക്കി ചിത്രീകരിച്ച് വംശഹത്യക്ക് മണ്ണൊരുക്കിയത് ഈ വ്യാജങ്ങളാണ്. കള്ളമാണെന്ന് തെളിഞ്ഞിട്ടും മാധ്യമങ്ങൾ അക്കാര്യം അർഹിച്ച പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തില്ല. ചില കള്ളങ്ങൾ പെരുപ്പിക്കാൻ അവ മുന്നിട്ടിറങ്ങുകയും ചെയ്തു. ന്യൂയോർക് ടൈംസ് ഉദാഹരണം. രണ്ടു വർഷം കൊണ്ട് തകർന്ന കള്ളങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്.

സ്വകാര്യ വാർത്താ ചാനലിന് മുപ്പതാണ്ട്

ഇന്ത്യയിൽ ദൃശ്യമാധ്യമ രംഗത്തെ ഒരു നാഴികക്കല്ലായിരുന്നു 1995. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വാർത്താചാനലായ ഏഷ്യാനെറ്റ് ന്യൂസിൽ പ്രമോദ് രാമൻ എന്ന 25കാരൻ വാർത്ത വായിച്ചു – അങ്ങനെ ഏഷ്യാനെറ്റും പ്രമോദ് രാമനും മലയാളവും ഇന്ത്യൻ ദൃശ്യമാധ്യമ ചരിത്രത്തിലേക്ക് കയറിച്ചെന്നു. ഇന്ന് ഡിജിറ്റൽ മീഡിയയുടെ വരവോടെ സംഭവിക്കുന്നത് വലിയ മാറ്റമാണ്.

മറ്റൊരു മാധ്യമ വാർത്ത, മൂന്നു മാധ്യമങ്ങൾ ചേർന്ന് ഒരു ടെക് ഭീമനെ മെരുക്കിയതാണ്. ഇംഗ്ലീഷ് പത്രമായ ദ ഗാഡിയൻ, ഓൺലൈൻ മാധ്യമമായ +972 മാഗസിൻ, ഹീബ്രു പത്രമായ ലോക്കൽ കോൾ എന്നിവയാണ് മൈക്രോസോഫ്റ്റിനെ അതിന്‍റെ തന്നെ നിയമം പഠിപ്പിച്ചത്: വെറുപ്പു പരത്താനും വംശഹത്യക്കും നിന്നു കൊടുക്കരുത് എന്ന നിയമം.

മാധ്യമ രംഗത്തെ വർത്തമാനവും ഭാവിയുമാണ് ഡിജിറ്റൽ ടെക്നോളജിയും നിർമ്മിത ബുദ്ധിയും. അവ ഇന്ന് കൊള്ള ലാഭത്തിനും കൂട്ടക്കൊലക്കും ഉപയോഗിക്കപ്പെടുന്നു. വൻകിട മാധ്യമങ്ങൾ അതിനൊപ്പം നിൽക്കുന്നു. ബദൽ മാധ്യമങ്ങളും സാധാരണ മനുഷ്യരുമാണ് നീതിയുടെ പക്ഷത്ത്.


ഗാന്ധിജയന്തിയെ മറികടന്ന് ആർ.എസ്.എസ് ജയന്തി

ഒക്ടോബർ 2 ഗാന്ധിജയന്തി എന്നാണ് രാജ്യം നാളിതുവരെ പഠിച്ചത്. ഇക്കൊല്ലം അതിനേക്കാൾ ഔദ്യോഗികമായി ആഘോഷിക്കപ്പെട്ടത് മറ്റൊന്നാണ്. ഗാന്ധിജയന്തിയും ആർ.എസ്.എസ് ജയന്തിയും ഒരുമിക്കുമ്പോൾ കാർട്ടൂണിസ്റ്റുകൾക്കെങ്കിലും അത് വിഷയമാകേണ്ടതായിരുന്നു. പക്ഷേ ഒന്നുരണ്ടെണ്ണമൊഴിച്ച് മറ്റൊന്നും കണ്ടില്ല.

എന്നാൽ, 1945ലെ ഒരു പഴയ കാർട്ടൂൺ സമൂഹമാധ്യമങ്ങൾ കുത്തിപ്പൊക്കി. ഒരു രാവണത്തല – ഗാന്ധിജി, നെഹ്‌റു, പട്ടേൽ, നേതാജി, അംബേദ്‌കർ, ആസാദ്, രാജാജി, രാജേന്ദ്ര പ്രസാദ് തുടങ്ങിയവരുടേതാണ് പത്തു തലകൾ. അവയെ അമ്പെയ്ത് കൊല്ലുന്നതാണ് ആ കാർട്ടൂണിൽ. അത് പ്രസിദ്ധപ്പെടുത്തിയത് നാഥുറാം ഗോഡ്‌സെ എഡിറ്ററായ 'അഗ്രാണി' പത്രം. സ്വാതന്ത്ര്യ സമരത്തോടും ഗാന്ധിജി അടക്കമുള്ള ദേശീയ നേതാക്കളോടും ആർ.എസ്.എസ് പുലർത്തിയ ശത്രുതയുടെ അടയാളം. ഇപ്പോൾ ആർ.എസ്.എസ്സിനെച്ചൊല്ലി അഭിമാനിക്കുന്ന പ്രധാനമന്ത്രി മോദി പറയുന്നു, "വികസിത ഭാരതത്തിനായി ഗാന്ധി പാത പിന്തുടരും" എന്ന്. ആ പ്രസ്താവനക്ക് നല്ലൊരു കാർട്ടൂണിന്‍റെ ചാരുതയുണ്ട്.


Similar Posts