
കുട്ടികളെ കൊന്നതിൽ മാനസിക സംഘർഷം; ഗസ്സയിലേക്ക് മടങ്ങാൻ വിസമ്മതിച്ച ഇസ്രായേൽ സൈനികരെ ജയിലിലടച്ചു
|നഹൽ ബ്രിഗേഡിലെ 931-ാമത് ബറ്റാലിയനിലെ നാല് സൈനികരെ യുദ്ധത്തിലേക്ക് തിരിച്ചുവരില്ലെന്ന് അവരുടെ കമാൻഡർമാരെ അറിയിച്ചതിനെ തുടർന്ന് യുദ്ധത്തിൽ നിന്ന് നീക്കം ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തു
ജെറുസലേം: ഫലസ്തീൻ കുട്ടികളെ കൊലപ്പെടുത്തിയതിന് ശേഷം ഗസ്സയിലേക്ക് മടങ്ങാൻ വിസമ്മതിച്ച മൂന്ന് സൈനികരെ ഇസ്രായേൽ സൈന്യം ജയിലിലടച്ചു. ഇസ്രായേലി മാധ്യമമായ കാൻ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് നഹൽ ബ്രിഗേഡിലെ 931-ാമത് ബറ്റാലിയനിലെ നാല് സൈനികരെ യുദ്ധത്തിലേക്ക് തിരിച്ചുവരില്ലെന്ന് അവരുടെ കമാൻഡർമാരെ അറിയിച്ചതിനെ തുടർന്ന് യുദ്ധത്തിൽ നിന്ന് നീക്കം ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തു.
ഗസ്സയിൽ നിരവധി റൗണ്ടുകളായി ഇവർ പോരാടിയിരുന്നു. നടന്നുകൊണ്ടിരിക്കുന്ന യുദ്ധകാലത്ത് 13 മുതൽ 17 മാസം വരെ ഗസ്സയിൽ ചെലവഴിച്ചു. പോരാട്ടത്തിനിടെ 'ആഴത്തിലുള്ള ആന്തരിക പ്രതിസന്ധി' അനുഭവിക്കുകയായിരുന്നുവെന്ന് സൈനികർ പറഞ്ഞതായി കാൻ ഉദ്ധരിച്ചു. കുട്ടികളെയും അമ്മയെയും കൊന്നതിന് ശേഷം തനിക്ക് തിരിച്ചുവരാൻ കഴിയില്ലെന്ന് തടവിലാക്കപ്പെട്ട സൈനികരിൽ ഒരാൾ കാനിനോട് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
'ഞങ്ങൾ ഒരു ഉന്മൂലന മേഖലയിലായിരുന്നു. മൂന്ന് രൂപങ്ങൾ ആ പ്രദേശത്തേക്ക് പ്രവേശിക്കുന്നത് ഞങ്ങൾ കണ്ടു. നിർദേശിച്ചതുപോലെ ഞങ്ങൾ വെടിവച്ചു. 12-13 വയസ്സ് പ്രായമുള്ള കുട്ടികളും അവരുടെ അമ്മയുമാണെന്ന് പിന്നീടാണ് മനസിലായത്. ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഞങ്ങൾ ഉത്തരവുകൾ പാലിച്ചു.' സൈനികർ മാധ്യമങ്ങളോട് പറഞ്ഞു. നാല് സൈനികരിൽ മൂന്ന് പേർക്ക് ഒരാഴ്ച മുതൽ 12 ദിവസം വരെ തടവ് ശിക്ഷ ലഭിച്ചു. നാലാമനെ ഇതുവരെ വിചാരണ ചെയ്തിട്ടില്ല. ജയിലിലടയ്ക്കപ്പെട്ട സൈനികരിൽ ഒരാൾ കഴിഞ്ഞ വർഷം ഗസ്സ അതിർത്തിയിലെ പോരാട്ടത്തിനിടെ പരിക്കേറ്റ് സുഖം പ്രാപിച്ച ശേഷം സ്വമേധയാ യുദ്ധത്തിനായി മടങ്ങിയെത്തിയതായിരുന്നു.