< Back
World
Mexico took down drug lord by tracking his girlfriend
World

എല്‍ മെഞ്ചോയെ വീഴ്ത്തിയത് കാമുകിയെ പിന്തുടര്‍ന്ന്; കൊല്ലപ്പെട്ടത് തലക്ക് ഒന്നരക്കോടി ഡോളര്‍ വിലയിട്ട മയക്കുമരുന്ന് ലോബി തലവന്‍

ശരത് ലാൽ തയ്യിൽ
|
24 Feb 2026 12:56 PM IST

എല്‍ മെഞ്ചോയുടെ മരണത്തിന് പിന്നാലെ മെക്സിക്കോയിലുടനീളം വ്യാപക സംഘര്‍ഷമുണ്ടായി

മെക്‌സിക്കോ സിറ്റി: കുപ്രസിദ്ധ ലഹരി മാഫിയ തലവന്‍ 'എല്‍ മെഞ്ചോ' എന്ന പേരിലറിയപ്പെടുന്ന നെമേസിയോ എല്‍ മെഞ്ചോ ഒസെഗ്വേരയെ കണ്ടെത്താന്‍ മെക്‌സിക്കന്‍ സൈന്യം പിന്തുടര്‍ന്നത് ഇയാളുടെ കാമുകിമാരില്‍ ഒരാളെ. എല്‍ മെഞ്ചോയുടെ കാമുകിയെ പിന്തുടര്‍ന്ന മെക്‌സിക്കന്‍ മിലിട്ടറി ഇന്റലിജന്‍സ് ഒളിത്താവളം കണ്ടെത്തുകയും ഏറ്റുമുട്ടലില്‍ വധിക്കുകയുമായിരുന്നു. ലോകത്തിലെ ഏറ്റവും അപകടകാരിയായ ലഹരിക്കടത്ത് സംഘങ്ങളിലൊന്നായ ഹലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടലിന്റെ (സിജെഎന്‍ജി) സ്ഥാപകനും തലവനുമാണ് എല്‍ മെഞ്ചോ. ഏറ്റുമുട്ടലില്‍ ഇയാളുടെ ആറ് കൂട്ടാളികളും കൊല്ലപ്പെട്ടിരുന്നു. എല്‍ മെഞ്ചോയുടെ മരണത്തിന് പിന്നാലെ മെക്സിക്കോയിലുടനീളം വ്യാപക സംഘര്‍ഷമുണ്ടായി.

മെക്‌സിക്കന്‍, യുഎസ് ഇന്റലിജന്‍സ് സംയുക്തമായാണ് എല്‍ മെഞ്ചോയുടെ ഒളിത്താവളം കണ്ടെത്തിയതെന്ന് പ്രതിരോധ മന്ത്രി ജനറല്‍ റിക്കാര്‍ഡോ ട്രവില്ല ട്രജോ പറഞ്ഞു. എല്‍ മെഞ്ചോയുടെ കാമുകിമാരില്‍ ഒരാളുടെ സുഹൃത്തിനെ സൈന്യം നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഫെബ്രുവരി 21ന് കാമുകിയും സുഹൃത്തും ഹലിസ്‌കോയിലെ തപാല്‍പ എന്ന സ്ഥലത്തെ ഒളിത്താവളത്തിലെത്തി എല്‍ മെഞ്ചോയെ കണ്ടു. ഒരു രാത്രി മുഴുവന്‍ കാമുകി ഇവിടെയായിരുന്നു. അന്ന് തന്നെ സൈന്യം ഓപ്പറേഷന് പദ്ധതി തയാറാക്കി. തൊട്ടടുത്ത ദിവസം തന്നെ ഏറ്റുമുട്ടലില്‍ വധിക്കുകയും ചെയ്തു.

സൈന്യത്തിനെതിരെ എല്‍ മെഞ്ചോയുടെ കൂട്ടാളികള്‍ കാര്യമായ ചെറുത്തുനില്‍പ്പ് നടത്തി. വനമേഖലയിലേക്ക് കടന്ന സംഘം സൈന്യത്തിനും ഹെലികോപ്ടറിനും നേരെ വെടിയുതിര്‍ത്തു. ഇതോടെ എയര്‍ഫോഴ്‌സ് ഹെലികോപ്ടറിന് അടിയന്തരമായി ലാന്‍ഡ് ചെയ്യേണ്ടിവന്നു. എന്നാല്‍, രൂക്ഷമായ ഏറ്റുമുട്ടലിനൊടുവില്‍ എല്‍ മെഞ്ചോയെ അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ മെക്‌സിക്കോ സിറ്റിയിലേക്ക് കൊണ്ടുവരുന്ന വഴിയാണ് മരിക്കുന്നത്.

മെക്‌സിക്കോയിലെ ഏറ്റവും കുപ്രസിദ്ധമായ രണ്ട് മയക്കുമരുന്ന് കടത്ത് സംഘങ്ങളിലൊന്നാണ് എല്‍ മെഞ്ചോയുടെ സിജെഎന്‍ജി. രാജ്യത്തിന്റെ ഏതാണ്ട് എല്ലാ മേഖലകളിലും സ്വാധീനമുള്ള സംഘം യുഎസിലേക്ക് മയക്കുമരുന്ന് കടത്തുന്നതില്‍ പ്രധാനികളാണ്.

എല്‍ മെഞ്ചോയുടെ മരണവാര്‍ത്തയറിഞ്ഞതിന് പിന്നാലെ രാജ്യത്തുടനീളം വ്യാപക സംഘര്‍ഷമുണ്ടായി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും എല്‍ മെഞ്ചോയെ പിന്തുണയ്ക്കുന്നവര്‍ തീയിട്ടു. റോഡുകള്‍ തടഞ്ഞു. ഹലിസ്‌കോയില്‍ മാത്രം 25 നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ കൊല്ലപ്പെട്ടതായി മെക്‌സിക്കോയുടെ ദേശീയ സുരക്ഷാ മന്ത്രി പറഞ്ഞു. ഏറ്റുമുട്ടലില്‍ 30 കാര്‍ട്ടല്‍ അംഗങ്ങളും കൊല്ലപ്പെട്ടു. വ്യാപക സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മെക്‌സിക്കോയിലുടനീളം കര്‍ശന ജാഗ്രതയിലാണ് സൈന്യം.

എല്‍ മെഞ്ചോയെ വധിക്കുന്നതില്‍ അമേരിക്കന്‍ സൈന്യം നേരിട്ട് പങ്കാളിയായിട്ടില്ലെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡി ഷെയ്ന്‍ബോം പറഞ്ഞു. യുഎസില്‍ നിന്ന് രഹസ്യ വിവരങ്ങള്‍ ലഭിച്ചു. എല്‍ മെഞ്ചോയെ പറ്റിയുള്ള വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് യുഎസ് 1.5 കോടി ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Similar Posts