< Back
World
യുഎസിന് പിന്നാലെ മെക്‌സിക്കോയും; ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തി
World

യുഎസിന് പിന്നാലെ മെക്‌സിക്കോയും; ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തി

Web Desk
|
12 Dec 2025 9:00 AM IST

ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, തായ്‌ലൻഡ്, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള തീരുവ 50 ശതമാനമാക്കി ഉയർത്താനാണ് മെക്‌സിക്കോ സെനറ്റ് വോട്ടെടുപ്പിലൂടെ തീരുമാനിച്ചത്

മെക്‌സിക്കോ സിറ്റി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പാത പിന്തുടർന്ന് മെക്‌സിക്കോയും. 2026 ജനുവരി മുതൽ ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 50 ശതമാനം വരെ തീരുവ ചുമത്താൻ മെക്‌സിക്കോ തീരുമാനിച്ചു.

ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, തായ്‌ലൻഡ്, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളുടെ തീരുവ 50 ശതമാനമാക്കി ഉയർത്താനാണ് മെക്‌സിക്കോ സെനറ്റ് വോട്ടെടുപ്പിലൂടെ തീരുമാനിച്ചത്. നിലവിൽ തീരുവ വെറും അഞ്ച് ശതമാനത്തിനടുത്താണ്. വാഹനം, വാഹനവാഹനഘടകങ്ങൾ, വസ്ത്രം, പ്ലാസ്റ്റിക്, സ്റ്റീൽ, പാദരക്ഷകൾ എന്നിവക്കാകും മെക്‌സിക്കോ 50 ശതമാനം തീരുവ ചുമത്തുക. മറ്റു ഉത്പന്നങ്ങളുടെ തീരുവ 35 ശതമാനമാവും.

വാഹനങ്ങളാണ് ഇന്ത്യ മെക്‌സിക്കോയിലേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത്. മാരുതി സുസുക്കി, ഹ്യുണ്ടായ്, കിയ, സ്‌കോഡ തുടങ്ങിയ കമ്പനികൾ മെക്‌സിക്കോയിലേക്ക് വൻതോതിൽ വാഹന കയറ്റുമതി നടത്തുന്നുണ്ട്. വാഹനഘടകങ്ങളുടെ കയറ്റുമതിയിലും ഇന്ത്യയുടെ പ്രധാന വിപണികളിലൊന്നാണ് മെക്‌സിക്കോ.

അഞ്ചിന് എതിരെ 76 വോട്ടുകൾക്കാണ് മെക്‌സിക്കൻ സെനറ്റിൽ പുതിയ താരിഫ് ബിൽ പാസായത്. 35 പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. നിലവിൽ ഉഭയകക്ഷി വ്യാപാരം പരിഗണിച്ചാൽ ഇന്ത്യയുടെ 31-ാമത്തെ വിപണി മാത്രമാണ് മെക്‌സിക്കോ. എങ്കിലും 2024-25ലെ കണക്കുപ്രകാരം മാത്രം 860 കോടി ഡോളർ (ഏകദേശം 77,500 കോടി രൂപ)യുടെ വ്യാപാരമാണ് ഇരു രാജ്യങ്ങളും തമ്മിൽ നടന്നത്.

Similar Posts