< Back
World
ഇറാൻ പ്രക്ഷോഭം: സൈനിക നടപടിക്കൊരുങ്ങി അമേരിക്ക, യുദ്ധത്തിന് തയ്യാറെന്ന് ഇറാൻ
World

ഇറാൻ പ്രക്ഷോഭം: സൈനിക നടപടിക്കൊരുങ്ങി അമേരിക്ക, യുദ്ധത്തിന് തയ്യാറെന്ന് ഇറാൻ

ആത്തിക്ക് ഹനീഫ്
|
13 Jan 2026 12:13 PM IST

ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ

തെഹ്‌റാൻ: ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ. ഭരണവിരുദ്ധ പ്രതിഷേധങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന അടിച്ചമർത്തലിനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ യുദ്ധത്തിന് തയ്യാറാണെന്ന മുന്നറിയിപ്പുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്ത് വന്നു. അൽ ജസീറയുമായുള്ള അഭിമുഖത്തിൽ നിലവിലുള്ള അസ്വസ്ഥതകൾക്കിടയിലും യുഎസുമായുള്ള ആശയവിനിമയ മാർഗങ്ങൾ തുറന്നിട്ടിരിക്കുകയാണെന്നും അബ്ബാസ് അരാഗ്ചി പറഞ്ഞു. എങ്കിലും കഴിഞ്ഞ വർഷത്തെ യുദ്ധവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇറാന് ഇപ്പോൾ വലുതും വിപുലവുമായ സൈനിക ശ്കതിയുണ്ടെന്നും അദേഹം ഓർമിപ്പിച്ചു.

പണപ്പെരുപ്പം, ഭക്ഷ്യവിലയിലെ വർധനവ്, കറൻസി മൂല്യത്തകർച്ച എന്നിവയെ തുടർന്നുണ്ടായ പ്രതിഷേധം ഇറാനിൽ ഭരണമാറ്റ ആവശ്യത്തിലേക്ക് മാറിയിട്ടുണ്ട്. പ്രതിഷേധങ്ങൾക്കെതിരെ ഇറാൻ ഭരണകൂടം സ്വീകരിക്കുന്ന നടപടികൾക്കെതിരെ 'ശക്തമായ സൈനിക സാധ്യതകൾ' പരിഗണിക്കുന്നുവെന്നാണ് യുഎസ് പ്രസിഡന്റ് പറഞ്ഞത്. ഇതിന് മറുപടിയായി അമേരിക്ക സൈനിക നടപടികൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇറാനും അതിന് തയ്യാറാണെന്ന് അരാഗ്ചി പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് അശാന്തി വ്യാപിപ്പിച്ചതിന് പിന്നിൽ യുഎസും ഇസ്രായേലുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫുമായുള്ള തന്റെ ആശയവിനിമയം പ്രതിഷേധങ്ങൾക്ക് മുമ്പും ശേഷവും തുടർന്നിരുന്നുവെന്നും ഇപ്പോഴും തുടരുകയാണെന്നും അരാഗ്ചി പറഞ്ഞു. അമേരിക്കയുമായി ചർച്ച ചെയ്ത വിഷയങ്ങൾ ഇറാൻ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഭീഷണികളോ ആജ്ഞകളോ ഇല്ലാതെ ആണവ ചർച്ച നടത്താൻ തങ്ങൾ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപ് ഇറാനെ ആക്രമിക്കാൻ ആലോചിക്കുന്നുണ്ടെങ്കിലും കൂടുതൽ സൈനിക ചർച്ചകളിൽ ഏർപ്പെടാനുള്ള ഇറാന്റെ വാഗ്ദാനത്തിനാണ് വൈറ്റ് ഹൗസ് മുൻഗണന നൽകുന്നതെന്ന് അമേരിക്കൻ മാധ്യമം വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ഇറാനുമായുള്ള ഇസ്രായേലിന്റെ 12 ദിവസത്തെ യുദ്ധത്തിൽ പങ്കുചേർന്ന അമേരിക്ക ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ ബോംബിട്ടിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടതിനാൽ ഇറാനിൽ നിന്നുള്ള വിവരങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്. സുരക്ഷാ സേവനങ്ങളുമായി ഏകോപിപ്പിച്ച് സേവനം പുനരാരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രി തിങ്കളാഴ്ച പറഞ്ഞിരുന്നു.

Similar Posts