World
ഗസ്സ വെടിനിർത്തൽ; ജന്മദേശത്തേക്ക് മടങ്ങിയെത്തി അഞ്ച് ലക്ഷത്തിലധികം ഫലസ്തീനികൾ

ഗസ്സയിലേക്ക് മടങ്ങിയെത്തുന്ന ഫലസ്തീനികൾ | Photo: AFP

World

ഗസ്സ വെടിനിർത്തൽ; ജന്മദേശത്തേക്ക് മടങ്ങിയെത്തി അഞ്ച് ലക്ഷത്തിലധികം ഫലസ്തീനികൾ

Web Desk
|
12 Oct 2025 8:42 PM IST

ഗസ്സയിലുടനീളം അവശിഷ്ടങ്ങൾക്കിടയിൽ 9,500 പേരെ ഇപ്പോഴും കാണാതായിട്ടുണ്ടെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു

ഗസ്സ: ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം അഞ്ച് ലക്ഷത്തിലധികം ഫലസ്തീനികൾ ജന്മദേശത്തേക്ക് മടങ്ങിയെത്തി. ഗസ്സ നഗരം ശാന്തമായതോടെ നഗരത്തിലേക്ക് ആളുകൾ മടങ്ങി വരുന്നതായി സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. ഇസ്രായേൽ സൈന്യം ഗസ്സയിൽ നിന്ന് പിന്മാറാൻ തുടങ്ങിയതിന് ശേഷമാണ് ആളുകൾ തിരികെ വരുന്നതെന്ന് സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസാൽ പറഞ്ഞു.

ഗസ്സയിൽ ഇസ്രായേൽ വംശഹത്യ യുദ്ധം ആരംഭിച്ചതിന് ശേഷം 67,000ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഗസ്സ നഗരത്തിന്റെ പ്രധാന പ്രദേശങ്ങളൊക്കെയും ആക്രമണത്തിൽ തകർന്നു. ഗസ്സയിലുടനീളം അവശിഷ്ടങ്ങൾക്കിടയിൽ 9,500 പേരെ ഇപ്പോഴും കാണാതായിട്ടുണ്ടെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. രക്ഷാപ്രവർത്തനത്തിൽ ഇതുവരെ ഏകദേശം 155 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും സിവിൽ ഡിഫൻസ് അറിയിച്ചു.

ലക്ഷക്കണക്കിന് ഫലസ്തീനികൾ തരിശുഭൂമിയിലേക്കാണ് മടങ്ങുന്നത്. ശൈത്യകാലം അടുക്കുന്നതിനാലും മഴ പെയ്യുന്നതിനാലും ഈ കാലാവസ്ഥയിൽ ഗസ്സയിലേക്ക് മടങ്ങിവരുന്നവർക്ക് ദുരിതത്തിന്റെ അനുഭവങ്ങളാണ് മുന്നിലുള്ളത്. എന്നിട്ടും അവർ അവരുടെ ജന്മനാട്ടിലേക്ക് തിരിച്ചുവരുന്നു. തകർന്ന കെട്ടിടങ്ങളുടെയോ അവർ വളർന്ന പ്രദേശങ്ങളുടെയോ അവശിഷ്ടങ്ങൾ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ഓരോ ഫലസ്തീനിയും അവരുടെ ജന്മദേശത്തേക്ക് മടങ്ങുന്നത്.

Similar Posts