
സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 21 മരണം; 25 പേർക്ക് ഗുരുതര പരിക്ക്
|മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് പാളം തെറ്റിയത്
മാഡ്രിഡ്: സ്പെയിനിലെ കോർഡോബ പ്രവിശ്യയിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 21 പേർ മരിച്ചു. 25ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റു. അതിവേഗ ട്രെയിൻ പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.പ്രാദേശിക സമയം വൈകുന്നേരം 7.45 ഓടെയാണ് സംഭവം നടന്നതെന്ന് ആർടിവിഇ റിപ്പോർട്ട് ചെയ്തു. ഏകദേശം 300 യാത്രക്കാർ ട്രെയിനുകളിലുണ്ടായിരുന്നു.
മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് പാളം തെറ്റിയത്. നിരവധി പേരാണ് ഇപ്പോഴും ട്രെയിനുള്ളില്‍ കുടുങ്ങിപ്പോയത്. ആദ്യത്തെ ട്രെയിനിന്റെ ഒരു ബോഗി പൂർണ്ണമായും മറിഞ്ഞതായി ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
അപകടത്തെത്തുടർന്ന് മാഡ്രിഡിനും അൻഡലൂഷ്യയ്ക്കും ഇടയിലുള്ള അതിവേഗ റെയിൽ സർവീസുകൾ നിർത്തിവച്ചു. സുരക്ഷാ മുൻകരുതലായി എല്ലാ ട്രെയിനുകളും തിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു."മാഡ്രിഡിനും കോർഡോബയ്ക്കും ഇടയിലുള്ള അതിവേഗ ട്രെയിൻ സർവീസുകൾ, തിങ്കളാഴ്ച മുഴുവൻ നിർത്തിവയ്ക്കും," എഡിഐഎഫ് എക്‌സിൽ അറിയിച്ചു.
ദുരന്തത്തില്‍ സ്പെയിന്‍ രാജാവ് ഫെലിപ്പ് ആറാമനും രാജ്ഞി ലെറ്റിസിയയും ദുഃഖം രേഖപ്പെടുത്തി..മരിച്ചവരുടെ ബന്ധുക്കൾക്കും പ്രിയപ്പെട്ടവർക്കും അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഇവര്‍ അറിയിച്ചു.