< Back
World
USAID
World

യുഎസ്എഐഡി അടച്ചുപൂട്ടുമെന്ന സൂചന നൽകി മസ്ക്; വിദേശ സഹായ പ്രവര്‍ത്തനങ്ങള്‍ താറുമാറാകും

Web Desk
|
4 Feb 2025 11:51 AM IST

ഏജന്‍സിയിലെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ ട്രംപ് ഭരണകൂടം അവധിയിൽ വിട്ടിരിക്കുകയാണ്

വാഷിംഗ്ടണ്‍: അമേരിക്കയുടെ വിദേശ സഹായ ഏജന്‍സിയായ യുഎസ്എഐഡി (യുഎസ് ഏജൻസി ഫോർ ഇന്‍റര്‍നാഷണല്‍ ഡെവലപ്മെന്‍റ്) അടച്ചുപൂട്ടുമെന്ന സൂചന നൽകി ഇലോൺ മസ്ക്. അറ്റകുറ്റപ്പണികള്‍ക്ക് അപ്പുറമാണ് ഏജൻസിയുടെ പ്രവര്‍ത്തനങ്ങളെന്ന് മസ്ക് എക്സിൽ കുറിച്ചു. അടച്ചുപൂട്ടുന്നതിനെ ട്രംപ് പിന്തുണക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

ഏജന്‍സിയിലെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ ട്രംപ് ഭരണകൂടം അവധിയില്‍ വിട്ടിരിക്കുകയാണ്. കൂടുതൽ മാര്‍ഗ നിര്‍ദേശങ്ങള്‍ വഴിയെ നല്‍കാമെന്ന് മെയിലില്‍ പറയുന്നു. നിരവധി വിദേശ സഹായ പരിപാടികള്‍ നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. ട്രംപ് ഭരണകൂടം യുഎസ്എഐഡിയുടെ പ്രവർത്തനങ്ങൾ ഫലപ്രദമല്ലെന്നും യുഎസ് താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും വാദിക്കുന്നു. യുഎസ്എഐഡി ഒരു കൂട്ടം തീവ്രവാദികളാൽ നിയന്ത്രിക്കപ്പെടുന്നു. ഞങ്ങൾ അവരെ പുറത്താക്കുകയാണെന്നാണ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചത് .

കഴിഞ്ഞ ദിവസം യാതൊരു തെളിവുകളുമില്ലാതെ സംഘടനക്കെതിരെ മസ്ക് രംഗത്ത് വന്നിരുന്നു. കോവിഡ് മഹാമാരിയിലേക്ക് നയിച്ച പ്രോജക്റ്റുകള്‍ ഉള്‍പ്പെടെയുള്ള ബയോ വെപ്പണ്‍ ഗവേഷണത്തിന് യുഎസ്എഐഡി ധനസഹായം നല്‍കിയെന്നായിരുന്നു ആരോപണം. ഏജന്‍സിയെ ‘ക്രിമിനല്‍ സംഘടന’ എന്ന് ആക്ഷേപിക്കുകയും ചെയ്തിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഔദ്യോഗിക വികസന സഹായ ഏജൻസികളിലൊന്നായ യുഎസ്എഐഡി ആഗോള മാനുഷിക പ്രവർത്തനങ്ങളിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. 2023ൽ, സംഘർഷമേഖലകളിലെ സ്ത്രീകളുടെ ആരോഗ്യം, ശുദ്ധജല ലഭ്യത, എച്ച്ഐവി/എയ്ഡ്‌സ് ചികിത്സ, ഊർജ സുരക്ഷ തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍ യുഎസ് 72 ബില്യൺ ഡോളർ സഹായം നൽകി. 2024-ൽ ഐക്യരാഷ്ട്രസഭ വഴിയുള്ള എല്ലാ മാനുഷിക സഹായങ്ങളുടെയും 42 ശതമാനവും യുഎസ്എഐഡിയാണ്. തായ് അഭയാർഥി ക്യാമ്പുകളിലെ ഫീൽഡ് ആശുപത്രികള്‍, സംഘർഷ മേഖലകളിലെ കുഴിബോംബ് നീക്കം ചെയ്യൽ, എച്ച്ഐവി പോലുള്ള രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ദശലക്ഷക്കണക്കിന് ആളുകൾക്കുള്ള ചികിത്സ എന്നിവ ഉൾപ്പെടെയുള്ളവക്ക് യുഎസ് വിദേശ സഹായം താൽക്കാലികമായി നിർത്തിവച്ചത് മൂലം തടസം നേരിട്ടുണ്ട്.

യുഎസ്എഐഡി ശാശ്വതമായി അടച്ചുപൂട്ടുകയാണെങ്കിൽ, അത് ലോകമെമ്പാടും കടുത്ത മാനുഷിക പ്രതിസന്ധികളിലേക്ക് നയിക്കുമെന്ന് സഹായ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. സാമ്പത്തിക വികസനം, ദുരന്ത നിവാരണം, സുരക്ഷ എന്നിവയ്ക്കായി യുഎസ് സഹായത്തെ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് വലിയ തിരിച്ചടികൾ നേരിടേണ്ടിവരും.

1961ല്‍ ശീതയുദ്ധകാലത്ത് പ്രസിഡൻ്റ് ജോൺ എഫ്. കെന്നഡിയാണ് യുഎസ്എഐഡി സ്ഥാപിക്കുന്നത്. ഏജന്‍സി നിര്‍ത്തലാക്കാനുള്ള നീക്കം വാഷിംഗ്ടണില്‍ ചൂടേറിയ ചര്‍ച്ചക്ക് വഴിവച്ചിട്ടുണ്ട്. അതേസമയം, ഫെഡറൽ ഗവൺമെൻ്റിനുള്ളിൽ മസ്‌കിൻ്റെ വർധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ചും ആശങ്കകൾ ഉയര്‍ത്തുന്നുണ്ട്.

Similar Posts