< Back
World
വിവാദ സന്ദർശനം പൂർത്തിയാക്കി നാൻസി പെലോസി തായ്‌വാൻ വിട്ടു
World

വിവാദ സന്ദർശനം പൂർത്തിയാക്കി നാൻസി പെലോസി തായ്‌വാൻ വിട്ടു

Web Desk
|
3 Aug 2022 4:33 PM IST

ചൈനീസ് മുന്നറിയിപ്പുകൾ ലംഘിച്ചായിരുന്നു യു.എസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി തായ്‌വാനിലെത്തിയത്

തായ്പേയ്: ഏറെ വിവാദമായ സന്ദര്‍ശനം പൂര്‍ത്തിയാക്കി യു.എസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തായ്‌വാൻ വിട്ടു. ചൈനീസ് മുന്നറിയിപ്പുകൾ ലംഘിച്ചായിരുന്നു നാൻസി പെലോസി ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി തായ്‌വാനിലെത്തിയത്.

തായ്‌വാനോടുള്ള പ്രതിബദ്ധത ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കാനാണ് തായ്‌വാനിലെത്തിയതെന്ന് പെലോസി വ്യക്തമാക്കി. ഈ സൗഹൃദത്തിൽ ഞങ്ങൾ അഭിമാനിക്കുന്നതായും പെലോസി പറഞ്ഞു.തായ്‌വാനും ലോകത്തിനുമിടയിൽ ചൈന തടസമായി നിൽക്കുന്നുവെന്ന് പെലോസി ആരോപിച്ചു. പുരുഷൻമാർ എത്തിയപ്പോൾ ചൈനയക്ക് പ്രതിഷേധമില്ലായിരുന്നു, താനെത്തിയപ്പോൾ എന്താണ് ഇത്രവലിയ പ്രശ്‌നമെന്നും നാൻസി ചോദിച്ചു.

തായ്‌വാനീസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നാൻസി പെലോസി തന്റെ കിഴക്കനേഷ്യൻ പര്യടനത്തിന്റെ ഭാഗമായി ദക്ഷിണ കൊറിയ, ജപ്പാൻ സന്ദർശനത്തിനായി തിരിച്ചു.

നാൻസി പെലോസിയുടെ സന്ദർശനത്തിൽ പ്രകോപിതരായ ചൈന തായ്‌വാൻ ദ്വീപിന് ചുറ്റും സൈനിക അഭ്യാസം പ്രഖ്യാപിച്ചിരുന്നു. പെലോസി എത്തിയാൽ അത് തീക്കളിയാകുമെന്ന് ചൈന നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

കനത്ത സുരക്ഷയിലാണ് പെലോസി തായ്പെയ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയത്. 25 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഉയർന്ന യു.എസ് വൃത്തം തായ്‌വാനിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്. ഏഷ്യൻ സന്ദർശനത്തിന്റെ ഭാഗമായാണ് പെലോസി തായ്‌വാനിലെത്തിയത്.

പെലോസിയുടെ സന്ദർശനത്തോടുള്ള പ്രതിഷേധം അമേരിക്കൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി ചൈന അറിയിച്ചിരുന്നു. തായ്‌വാനെതിരെ വ്യാപാര നിരോധനം അടക്കം സാമ്പത്തിക നടപടികളും ചൈന പ്രഖ്യാപിച്ചിരുന്നു. അതേസമയം, സൈനിക അഭ്യാസത്തിന്റെ മറവിൽ ചൈനീസ് പട്ടാളം അതിർത്തി കടന്നാൽ പ്രതികരിക്കേണ്ടി വരുമെന്ന് തായ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെൻ മുന്നറിയിപ്പ് നൽകി. സൈന്യത്തോട് ജാഗ്രത പുലർത്താനും അദ്ദേഹം നിർദേശിച്ചിരുന്നു.

ചൈന തങ്ങളുടേതെന്ന് അവകാശവാദം ഉന്നയിക്കുന്ന സ്വയംഭരണ പ്രദേശമാണ് തായ്‌വാൻ. ദ്വീപിനെ സൈനികശക്തി ഉപയോഗിച്ച് പിടിച്ചടക്കുമെന്ന് ചൈന നിരന്തരം മുന്നറിയിപ്പ് നൽകുന്നതാണ്. ഇവിടെ ഒരു വിദേശ ഭരണകൂടത്തിന്റെ പ്രതിനിധി എത്തുന്നത് തായ്‌വാന്‍റെ പരമാധികാരത്തിനുള്ള അംഗീകാരമായാണ് കണക്കാക്കപ്പെടുന്നത്. ഇതിനാലാണ് പെലോസിയുടെ സന്ദർശനത്തിന് ചൈന കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയത്.

ഏതായാലും നാൻസിയുടെ സന്ദർശനം കിഴക്കനേഷ്യൻ മേഖലയിൽ പുതിയ രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. ആഗോളതലത്തിൽ തായ്‌വാന്റെ സ്വാതന്ത്ര്യവും ചർച്ചയായിക്കഴിഞ്ഞു.

Similar Posts