< Back
World
NASA artemis moon rocket hit by new problem
World

ആര്‍ട്ടെമിസ് വിക്ഷേപണം വീണ്ടും വൈകും; റോക്കറ്റില്‍ സാങ്കേതിക തകരാര്‍

ശരത് ലാൽ തയ്യിൽ
|
22 Feb 2026 11:57 AM IST

സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിൻ്റെ അപ്പര്‍ സ്റ്റേജില്‍ ഹീലിയം പ്രവഹിക്കുന്നതിലുള്ള തടസ്സമാണ് പ്രതിസന്ധി സൃഷ്ടിച്ചത്

വാഷിങ്ടണ്‍ ഡിസി: പതിറ്റാണ്ടുകള്‍ക്ക് ശേഷം മനുഷ്യന്‍ നടത്തുന്ന ചാന്ദ്രയാത്രയായ ആര്‍ട്ടെമിസ് 2 ദൗത്യം വീണ്ടും വൈകും. റോക്കറ്റിലെ സാങ്കേതിക തകരാര്‍ കാരണം ദൗത്യം നീളുമെന്നാണ് നാസ നല്‍കുന്ന വിവരം. സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന്റെ അപ്പര്‍ സ്റ്റേജില്‍ ഹീലിയം പ്രവഹിക്കുന്നതിലുള്ള തടസ്സമാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതെന്ന് നാസ മേധാവി ജാരെദ് ഐസക്മാന്‍ അറിയിച്ചു.

മാര്‍ച്ച് ആറിന് ആര്‍ട്ടെമിസ് വിക്ഷേപണം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിര്‍ണായകമായ വെറ്റ് ഡ്രസ് റിഹേഴ്സല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയായിരുന്നു ഇത്. നേരത്തെ കണ്ടെത്തിയ ഇന്ധനച്ചോര്‍ച്ചകള്‍ പരിഹരിക്കുകയും ചെയ്തിരുന്നു. എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായിരിക്കെ അപ്രതീക്ഷിതമായാണ് വീണ്ടും സാങ്കേതിക തകരാര്‍ നേരിട്ടത്. മാര്‍ച്ചിലെ വിക്ഷേപണ സാധ്യതയുള്ള സമയം (ലോഞ്ച് വിന്‍ഡോ) അവസാനിച്ചാല്‍ പിന്നീട് ഏപ്രില്‍ ആദ്യമോ അവസാനമോ ആകും വിക്ഷേപണത്തിന് തിരഞ്ഞെടുക്കുക.

1972ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ആദ്യമായി മനുഷ്യനെ ചന്ദ്രനില്‍ ഇറക്കുന്ന ദൗത്യമാണ് ആര്‍ട്ടെമിസ്. കമാന്‍ഡര്‍ റീഡ് വൈസ്മാന്‍, പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, മിഷന്‍ സ്‌പെഷ്യലിസ്റ്റ് ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്‍സെന്‍ എന്നീ നാല് ബഹിരാകാശ സഞ്ചാരികളാണ് ഈ ദൗത്യത്തില്‍ പങ്കെടുക്കുന്നത്.

Similar Posts